ന്യൂഡല്‍ഹി: ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മറ്റ് പല നേതാക്കന്മാരെയും സമീപിച്ചതായി റിപ്പോര്‍ട്ട്. സമാജ് വാദി പാര്‍ട്ടി (എസ്പി) അധ്യക്ഷന്‍ അഖിലേഷ് യാദവ്, ബഹുജന്‍ സമാജ് വാദി പാര്‍ട്ടി (ബിഎസ്പി) നേതാവ് മായാവതി, രാഷ്ട്രീയ ലോക്ദളിന്റെ (ആര്‍എല്‍ഡി) ജയന്ത് സിങ് എന്നിവരെ ക്ഷണിച്ചതായാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് നേതാവ് ഇവര്‍ക്കെല്ലാം ഔപചാരികമായി കത്ത് അയച്ചിട്ടുണ്ടെന്നും എന്നാല്‍ ഈ നേതാക്കള്‍ സമ്മതം നല്‍കിയോ ഇല്ലയോ എന്നതില്‍ വ്യക്തതയില്ലെന്നും വൃത്തങ്ങള്‍ അറിയിച്ചു.
ഭാരത് ജോഡോ യാത്ര യുപിയിലെ ഗാസിയാബാദില്‍ നിന്ന് ജനുവരി മൂന്ന് മുതല്‍ പുനരാരംഭിക്കും. എല്ലാ സമാന ചിന്താഗതിക്കാരായ പാര്‍ട്ടികളും യാത്രയില്‍ പങ്കെടുക്കണമെന്ന് കോണ്‍ഗ്രസ് അഭ്യര്‍ത്ഥിച്ചു. നേരത്തെ, നടനും രാഷ്ട്രീയക്കാരനുമായ കമല്‍ ഹാസന്‍ ഉള്‍പ്പെടെ നിരവധി കോണ്‍ഗ്രസ് ഇതര നേതാക്കളും സെലിബ്രിറ്റികളും യാത്രയില്‍ പങ്കുചേര്‍ന്നിരുന്നു.
ശനിയാഴ്ച ഭാരത് ജോഡോ യാത്ര ഡല്‍ഹിയില്‍ പ്രവേശിച്ചപ്പോള്‍, ബിജെപിയുടെയും ആര്‍എസ്എസിന്റെയും നയങ്ങള്‍ വിദ്വേഷം പരത്തുന്നതാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. ‘ഭയവും വിദ്വേഷവും പ്രചരിപ്പിക്കുന്നതാണ് ബിജെപിയുടെയും ആര്‍എസ്എസിന്റെയും നയങ്ങള്‍, ഞങ്ങള്‍ അത് അനുവദിക്കില്ല, വിദ്വേഷ വിപണിയില്‍ ഞാന്‍ സ്‌നേഹത്തിന്റെ ഒരു വ്യാപാര ശാല തുറന്നിരിക്കുന്നു’, അദ്ദേഹം പറഞ്ഞു.
ശനിയാഴ്ച ചെങ്കോട്ടയില്‍ എത്തിയ ഭാരത് ജോഡോ യാത്ര 2023 ജനുവരി മൂന്ന് മുതലാണ് വീണ്ടും യാത്ര ആരംഭിക്കുന്നത്. ഒമ്പത് ദിവസത്തെ ഇടവേളയില്‍, ഉത്തരേന്ത്യയിലെ കഠിനമായ ശൈത്യകാലത്ത് താമസിക്കാന്‍ കഴിയുന്ന വിധം കണ്ടെയ്‌നറുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തുമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.
കൂടാതെ ഏകദേശം നാല് മാസങ്ങള്‍ക്ക് ശേഷം പല യാത്രക്കാര്‍ക്കും അവരുടെ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. യാത്ര ജനുവരി മൂന്നിന് ഗാസിയാബാദില്‍ നിന്നും പിന്നീട് ജനുവരി ആറിന് പാനിപ്പത്ത് അതിര്‍ത്തിയിലെ സനോലി ഖുര്‍ദില്‍ നിന്നും ആരംഭിക്കും.
STORY HIGHLIGHTS: Rahul Gandhi has invited Akhilesh Yadav, Mayawati and Jayant Singh to participate in the Bharat Jodo Yatra, sources said