ന്യൂഡല്‍ഹി: അഞ്ജലി സിംഗിന്റെ അപകട മരണത്തില്‍ നിര്‍ണായക മൊഴിയുമായി യുവതിയുടെ സുഹൃത്ത്. അഞ്ജലി കാറിനടിയില്‍പ്പെട്ടെന്നറിഞ്ഞിട്ടും യുവാക്കള്‍ വാഹനം നിര്‍ത്താതെ മുന്നോട്ടുപോകുകയായിരുന്നുവെന്നാണ് സുഹൃത്ത് നിധി മൊഴി നല്‍കിയിരിക്കുന്നത്. ഇത് കണ്ട് ഭയന്നാണ് താന്‍ അവിടെ നിന്നും പോയതെന്നും നിധി പൊലീസിനോട് പറഞ്ഞു.
‘കാറിന് അടിയില്‍ അഞ്ജലി കുടുങ്ങിയെന്ന് കാറിലുണ്ടായിരുന്നവര്‍ക്ക് അറിയാമായിരുന്നു. എന്നാല്‍ അവര്‍ വാഹനം നിര്‍ത്താതെ മുന്നോട്ടുപോകുകയായിരുന്നു. അഞ്ജലി ഉറക്കെ കരയുന്നുണ്ടായിരുന്നു. എന്നാല്‍ കാറിലുണ്ടായിരുന്നവര്‍ അതറിഞ്ഞിട്ടും വാഹനം നിര്‍ത്തിയില്ല. ഞാന്‍ അതുകണ്ട് പേടിച്ചാണ് സ്ഥലത്ത് നിന്നും പോയത്’, നിധി മൊഴി നല്‍കി.
എന്നാല്‍ യുവതി കാറിനടിയില്‍പ്പെട്ട കാര്യം അറിയില്ലായിരുന്നുവെന്നാണ് അറസ്റ്റിലായ യുവാക്കള്‍ പൊലീസിനോട് പറഞ്ഞത്. കൂടാതെ തങ്ങള്‍ മദ്യപിച്ചിരുന്നതായും കാറില്‍ പാട്ട് ഉച്ചത്തില്‍ വെച്ചിരുന്നതിനാല്‍ പുറത്തു നിന്നുളള ശബ്ദം ഒന്നുംതന്നെ കേട്ടിരുന്നില്ലെന്നും യുവാക്കള്‍ പറഞ്ഞു. ‘ജോണ്ടി ഗ്രാമത്തിന് സമീപം എത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. കാര്‍ യു ടേണ്‍ എടുക്കുന്നതിനിടെയാണ് യുവതിയുടെ കൈ കണ്ടത്. തുടര്‍ന്ന് ഞങ്ങള്‍ കാര്‍ നിര്‍ത്തി. പിന്നീട് മൃതദേഹം അവിടെ ഉപേക്ഷിച്ച് പോയി’, യുവാക്കള്‍ മൊഴി നല്‍കി.
സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് കൊല്ലപ്പെട്ട അഞ്ജലിയുടെ അമ്മ ആവശ്യപ്പെട്ടു. കൂടാതെ അറസ്റ്റിലായ അഞ്ച് പ്രതികളെയും തൂക്കി കൊല്ലണമെന്നും അഞ്ജലിയുടെ സംസ്‌കാര ചടങ്ങുകള്‍ നടന്നെങ്കിലും കേസുമായി മുന്നോട്ട് പോകുമെന്നും യുവതിയുടെ അമ്മ പറഞ്ഞു. അഞ്ജലി ലൈംഗിക പീഡനത്തിനിരയായെന്ന സാധ്യത തള്ളുന്നതാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. റോഡില്‍ ധാരാളം സമയം വലിച്ചിഴക്കപ്പെട്ടതിനെ തുടര്‍ന്ന് കഴുത്ത്, തല, നട്ടെല്ല് കൈകാലുകള്‍ എന്നിവയ്ക്കുണ്ടായ ആഴത്തിലുള്ള മുറിവും അമിത രക്തസ്രാവവുമാണ് യുവതിയുടെ മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.
STORY HIGHLIGHTS: Anjali Singh’s friend gave a crucial statement in the accidental death of Anjali Singh