കൊച്ചി: നടി അപർണ ബാലമുരളിയോട് മോശമായി പെരുമാറിയ സംഭവത്തിൽ വിദ്യാർഥിക്ക് സസ്‌പെൻഷൻ. എറണാകുളം ലോ കോളേജ് രണ്ടാം വർഷ എൽഎൽബി വിദ്യാർത്ഥി വിഷ്ണുവിനെയാണ് സസ്പെൻഡ് ചെയ്തത്. ഒരാഴ്ചത്തേക്കാണ് നടപടി.
സംഭവത്തിൽ കോളേജ് സ്റ്റാഫ് കൗൺസിൽ വിദ്യാർത്ഥിയോട് വിശദീകരണം തേടിയിരുന്നു. മോശം പെരുമാറ്റത്തിൽ ക്ഷമാപണം നടത്തുന്നു എന്ന് വിദ്യാർത്ഥി അറിയിച്ചെങ്കിലും ഈ വിശദീകരണം തള്ളിയാണ് സ്റ്റാഫ് കൗൺസിൽ സസ്‌പെൻഡ് ചെയ്തത്.
സംഘാടകരോടു പരിഭവമില്ലെന്നും സംഭവം നടന്ന ഉടനെയും പിന്നീടും അവർ ഖേദം അറിയിച്ചതായും അപർണ പറഞ്ഞു. ലോ കോളേജ് വിദ്യാർഥിയിൽ നിന്ന് മോശം പെരുമാറ്റം അനുഭവപ്പെട്ടത് വേദനിപ്പിച്ചതായി നടി പറഞ്ഞു.
പുതിയ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് എറണാകുളം ലോ കോളേജിൽ എത്തിയപ്പോഴാണ് നടിയോട് യുവാവിന്റെ മോശം പെരുമാറ്റമുണ്ടായത്. നടിയെ സ്വീകരിക്കുന്നതിന്റെ ഭാഗമായി വേദിയിലെത്തിയ വിദ്യാർത്ഥി അവരുടെ തോളിൽ കൈയ്യിടാൻ ശ്രമിക്കുന്നതും അപർണ ഒഴിഞ്ഞു മാറാൻ ശ്രമിക്കുന്നതും പുറത്തുവന്ന വീഡിയോയിൽ കാണാം. അപർണയോടു വിദ്യാർഥി മോശമായി പെരുമാറിയതിൽ ലോ കോളജ് യൂണിയൻ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു.
story highlights: law college student suspended for misbehaving to aparna balamurali