തിരുവനന്തപുരം: അമ്പലത്തില്‍ പോകുന്നവരേയും തിലകക്കുറി ചാര്‍ത്തുന്നവരേയും മൃദുഹിന്ദുത്വത്തിന്റെ പേര് പറഞ്ഞ് മാറ്റി നിര്‍ത്തുന്നത് ഉചിതമല്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എകെ ആന്റണി. പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും അധികാരത്തിലെത്താന്‍ മാത്രമേ ഇത് ഉപകരിക്കൂവെന്നും എ കെ ആന്റണി തിരുവനന്തപുരത്ത് പറഞ്ഞു. കെപിസിസി ആസ്ഥാനത്ത് കോണ്‍ഗ്രസിന്റെ 138ാം സ്ഥാപക ദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എകെ ആന്റണി.
എല്ലാ വിഭാഗം ജനങ്ങളേയും ഒരുമിച്ച് നിര്‍ത്താന്‍ കോണ്‍ഗ്രസിന് കഴിയണം. ബിജെപിക്കെതിരായ പോരാട്ടത്തില്‍ ഭൂരിപക്ഷ, ന്യൂനപക്ഷ സമുദായങ്ങളെ ഒപ്പം നിര്‍ത്തിയാല്‍ മാത്രമേ വരുന്ന തെരഞ്ഞെടുപ്പില്‍ മോദിയെ താഴെയിറക്കാന്‍ കഴിയുകയുള്ളൂ. ബിജെപി വീണ്ടും അധികാരത്തിലെത്തിയാല്‍ ഭരണഘടന ഇല്ലാതാവുമെന്ന മുന്നറിയിപ്പും എകെ ആന്റണി നല്‍കി.
ബിജെപി അധികാരത്തിലെത്തിയാല്‍ ഭാരതത്തിന്റെ അഖണ്ഡതയും ബഹുസ്വരതയും തകര്‍ക്കപ്പെടും. മതത്തിന്റെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിച്ച ബ്രിട്ടീഷുകാരുടെ അതേതന്ത്രമാണ് അധികാരം നിലനിര്‍ത്താന്‍ ബിജെപിയും പയറ്റുന്നത്. പൗരന്റെ മൗലിക അവകാശങ്ങളേയും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളേയും ബിജെപി ഇല്ലായ്മ ചെയ്യുകയാണെന്നും എ കെ ആന്റണി ആരോപിച്ചു.
രാജ്യത്തെ ഭാഷ, വര്‍ഗം, വസ്ത്രം, ഭക്ഷണം, മതം എന്നിവയുടെ പേരില്‍ ഭിന്നിപ്പുണ്ടാക്കുന്നു. ഇന്ത്യയുടെ വൈവിധ്യങ്ങളേയും നാനാത്വത്തെയും സംരക്ഷിക്കാന്‍ കോണ്‍ഗ്രസിന് മാത്രമേ സാധിക്കൂവെന്നും എ കെ ആന്റണി പറഞ്ഞു.
Story Highlights: bjp destroy constitution said ak antony