കോഴിക്കോട്: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ അഭിഭാഷകന്‍ ടിപി ഹരീന്ദ്രന്റെ ആരോപണം തള്ളി മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. ആരോപണത്തിന് പിന്നില്‍ വ്യക്തമായ ഗൂഢാലോചനയുണ്ടെന്നും ആരോപണം അടിസ്ഥാനരഹിതമാണെന്നും പി കെ കുഞ്ഞാലികുട്ടി പറഞ്ഞു. കൊലയ്ക്ക് പിന്നിലെ ഗൂഢാലോചന കുറ്റത്തില്‍ നിന്ന് പി ജയരാജനെ രക്ഷിക്കാന്‍ കുഞ്ഞാലിക്കുട്ടി ശ്രമിച്ചെന്നാണ് ഹരീന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ആരോപണം രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെച്ച സാഹചര്യത്തിലാണ് കുഞ്ഞാലിക്കുട്ടിയുടെ വിശദീകരണം.
‘അഭിഭാഷകന്റെ ആരോപണം അടിസ്ഥാനരഹിതമാണ്. യാഥാര്‍ത്ഥ്യമല്ലാത്ത കാര്യങ്ങളാണ് അഭിഭാഷകന്‍ പറയുന്നത്. വെളിപ്പെടുത്തലിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. മുസ്ലീം ലീഗിനെ താറടിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഗൂഢാലോചനയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ച് വിവരമുണ്ട്. നിയമനടപടിയുമായി മുന്നോട്ട് പോകും. ആദ്യഘട്ടമെന്നോണം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.’ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ആരോപണം ഉയര്‍ന്നതിന് പിന്നാലെ തങ്ങള്‍ ഉള്‍പ്പെടെയുള്ളവരുമായി വിഷയം ചര്‍ച്ച ചെയ്തിരുന്നു. വിചിത്രമായ വെളിപ്പെടുത്തലാണ് നടത്തിയിരിക്കുന്നത്.ഓര്‍ക്കാപ്പുറത്തെ വെളിപാട് എന്തുകൊണ്ടാണെന്ന് ചിന്തിക്കണം. ആകാശത്ത് ഒരു വാല്‍നക്ഷത്രം ഉദിച്ചാല്‍ കാരണം എന്താണെന്നത് അന്നത്തെ ഇടയന്മാര്‍ ആലോചിച്ചു എന്ന് പറയുന്നത് പോലെ, ഈ വെളിപാട് അവതരിക്കാന്‍ കാരണം എന്താണെന്ന് ഞങ്ങള്‍ ആലോചിച്ചു. നിരുപദ്രവം അല്ലെന്ന് മനസ്സിലായി. ഇതിന്റെ പിന്നില്‍ എന്തോ ഉണ്ട്. ചില സൂചനകളും ലഭിച്ചിട്ടുണ്ട്. എല്ലാം ഊഹാപോഹങ്ങളാണ്. അതില്‍ ചില പേരുകളുമുണ്ട്. പക്ഷെ കേട്ടുകേള്‍വിയും ഊഹാപോഹവും വെച്ച് കാര്യങ്ങള്‍ പറയാന്‍ പാടില്ലല്ലോ. ഹരീന്ദ്രന്റെ പിന്നില്‍ ആളും കാരണവുമുണ്ടെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
എന്തും ആവാമെന്നായോ. കേട്ടവര്‍ പ്രകോപിതരായി ക്രിമിനല്‍ കേസ് ഫയല്‍ ചെയ്യുകയായിരുന്നു. ഒരുപാട് വേട്ടയാടലുകള്‍ അനുഭവിച്ചയാളാണ്. അതിന്റയൊന്നും പിന്നാലെ പോയിട്ടില്ല. എന്നാല്‍ ഇത് താന്‍ വിടില്ല. കാരണം അത് ഷുക്കൂറിന്റെ കേസാണ്. ഇത് താന്‍ വിടുന്ന പ്രശ്‌നമില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഷുക്കൂര്‍ വധക്കേസ് ആയുധമായി ഉപയോഗിക്കുന്നതിന്റെ ചേതോവികാരം അറിയണം. നിയപരമായി അതിന്റെ അവസാനം വരെ പോകുമെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Story Highlights: PK Kunhalikutty reaction over tp hareendran allegation