തിരുവനന്തപുരം: ഉന്തിയ പല്ലുള്ളവര്‍ക്ക് യൂണിഫോം തസ്തികകളില്‍ ജോലി ലഭിക്കണമെങ്കില്‍ സര്‍ക്കാര്‍ നിയമന ചട്ടങ്ങളില്‍ ഭേദഗതി കൊണ്ട് വരണമെന്ന് പിഎസ്‌സി വൃത്തങ്ങള്‍. ആദിവാസികള്‍ക്കു മാത്രമായുള്ള ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ തസ്തികയിലേക്ക് അപേക്ഷിച്ച മുത്തു എന്ന ഉദ്യോഗാര്‍ഥി ഉന്തിയ പല്ലുള്ളതിനാല്‍ അയോഗ്യനായെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. അട്ടപ്പാടി ആനവായ് ഊരിലെ മുത്തുവിന് പല്ല് ഉന്തിയെന്ന പേരില്‍ പിഎസ്സി ജോലി നിഷേധിച്ചത് വന്‍ പ്രതിഷേധങ്ങള്‍ ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പിഎസ്‌സി വൃത്തങ്ങള്‍ നിലപാട് വ്യക്തമാക്കിയത്.
നിയമന ചട്ടങ്ങളില്‍ ഭേദഗതി വരുത്തണോ എന്നത് സര്‍ക്കാര്‍ വിവിധ വകുപ്പുകളിലായി ആലോചിച്ച് എടുക്കേണ്ട നയപരമായ തീരുമാനമാണ്. ഇതില്‍ പിഎസ്‌സിയ്ക്ക് ഒന്നും ചെയ്യാനാകില്ലെന്നാണ് വൃത്തങ്ങള്‍ പറയുന്നത്. ചട്ടങ്ങളില്‍ ഭേദഗതി വരുത്താനുള്ള തീരുമാനം ആയാല്‍ പിഎസ്‌സിയുടെ നിലപാടും സര്‍ക്കാരിനെ അറിയിക്കും. ശേഷം എടുക്കുന്ന തീരുമാനം സര്‍ക്കാരിന്റെ വിവേചനാധികാരമാണ്. നിയമന ചട്ടങ്ങളില്‍ ഭേദഗതി വരുത്തണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടാറില്ലെന്നും പിഎസ്‌സി വൃത്തങ്ങള്‍ അറിയിച്ചു.
യൂണിഫോം തസ്തികളില്‍ അസിസ്റ്റന്റ് സര്‍ജന്‍ റാങ്കില്‍ കുറയാത്ത മെഡിക്കല്‍ ഓഫിസറില്‍നിന്നു ലഭിച്ച മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. അതിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗാര്‍ഥിയുടെ യോഗ്യത നിശ്ചയിക്കുന്നത്. നിയമന ചട്ടങ്ങളില്‍ നിഷ്‌കര്‍ഷിക്കുന്ന വിധം വേണം മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍. എന്നാല്‍ നിയമനത്തിനായുള്ള അഭിമുഖം വരെ എത്തിയതിന് ശേഷമാണ് മുത്തു അയോഗ്യനെന്ന് അറിയിക്കുന്നത്. അഭിമുഖത്തിന് മുന്നോടിയായി ശാരീരികക്ഷമത പരിശോധിച്ച ഡോക്ടര്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റില്‍ ഉന്തിയ പല്ല് പ്രത്യേകം രേഖപ്പെടുത്തിയിരുന്നു.
ഉന്തിയ പല്ലുകള്‍ എന്ന് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയാല്‍ അയോഗ്യനാക്കാതെ പിഎസ്സിക്കു മറ്റു വഴികളില്ല. ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ തസ്തികയില്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട കായികക്ഷമതാ ബോര്‍ഡാണ് പരിശോധന നടത്തുന്നത്. വര്‍ഷങ്ങളായി നിലനില്‍ക്കുന്ന നിയമമാണിതെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.
Story Highlights: Protruding teeth will disqualify from uniform posts if noted on medical certificate said PSC