Thursday, May 4, 2023
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home TRAVEL

കച്ചിലെ വെള്ളപ്പരവതാനി …കെ ടി ജലീലിന്റെ ഗുജറാത്ത്‌ യാത്രാവിവരണം രണ്ടാംഭാഗം

by Kerala News - Web Desk 01
January 16, 2023
in TRAVEL
0 0
A A
കച്ചിലെ-വെള്ളപ്പരവതാനി-…കെ-ടി-ജലീലിന്റെ-ഗുജറാത്ത്‌-യാത്രാവിവരണം-രണ്ടാംഭാഗം
Share on WhatsappShare on FacebookShare on TwitterShare on Telegram

ഒരു പഠന യാത്രയുടെ ഭാഗമായി 8 ദിവസം ഗുജറാത്തിൽ സഞ്ചരിച്ച ഡോ.കെ ടി ജലീൽ എഴുതുന്ന യാത്രാക്കുറിപ്പുകളുടെ രണ്ടാംഭാഗം വായിക്കാം. ‘‘അഹമ്മദാബാദും, ഗാന്ധിനഗറും ഗാന്ധിധാമും കച്ചും പോർബന്തറും രാജ്കോട്ടും ജുനഗഡും സന്ദർശിച്ചു. 1500 കിലോമീറ്റർ റോഡ് മാർഗ്ഗമുള്ള സഞ്ചാരം. കാഴ്ചകൾ ഒപ്പിയെടുത്തു. അനുഭവങ്ങൾ കുറിച്ചു. ദുഃഖവും സന്തോഷവും പകർന്ന യാത്രയുടെ ഓർമ്മകൾ അഞ്ചു ഭാഗമായി പങ്കുവെക്കുന്നു.’’‐ജലീൽ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിൽ പറഞ്ഞു.

എവിടെപ്പോവുകയാണെങ്കിലും തണുപ്പ് കാലത്ത് പോകണം. യാത്രാ ക്ഷീണം അനുഭവപ്പെടില്ല. കൊടും തണുപ്പുള്ള സമയവും ചൂടുകാലവും ദീർഘയാത്രകൾക്ക് യോജ്യമല്ലെന്നാണ് എന്റെ അഭിപ്രായം. അഹമ്മദാബാദിലെ രണ്ടാം ദിവസവും ആവേശത്തോടെയാണ് പുലർന്നത്. രാവിലെ രഞ്ജിത്തിന്റെ പരിചയക്കാരായ കൊല്ലം അഞ്ചൽ സ്വദേശി അരവിന്ദാക്ഷനും കണ്ണൂർ തളിപ്പറമ്പ് സ്വദേശി ബിജു മാത്യുവും ഞങ്ങളെ വഴി കാട്ടാൻ എത്തി. അരവിന്ദാക്ഷൻ 32 കൊല്ലമായി കുടുംബസമേതം അഹമ്മദാബാദിലാണ്. ഇപ്പോൾ ട്രാൻസ്പോർട്ട് കമ്പനി നടത്തുന്നു. സൗമ്യമായ പെരുമാറ്റം ആരെയും ആകർഷിക്കുന്ന പ്രകൃതം. ബിജു മാത്യു “ഫ്രൻസ് ട്രാൻസ്പോർട്ട്” എന്ന പേരിൽ ടയർ ബിസിനസും അനുബന്ധ വ്യവസായവും നടത്തുന്നു. 30 വർഷമായി അഹമ്മദാബാദിലാണ്. പട്ടണത്തിന്റെ ചരിത്രവും രാഷ്ട്രീയവും പച്ചവെള്ളം പോലെ അദ്ദേഹത്തിനറിയാം.

GLY WORLD
COCONUT LAGOON
153 CATCH
ihna
previous arrow
next arrow

ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ മാനേജ്മെന്റ് ഇൻസ്റ്റിട്യൂട്ടിലേക്കാണ് ആദ്യം പോയത്. ഐഐഎം സന്ദർശനത്തിന് നേരത്തെ അനുമതി വാങ്ങാത്തത് കൊണ്ട് അൽപസമയം ഗേറ്റിൽ കാത്തു നിൽക്കേണ്ടി വന്നു. പേരും മറ്റു വിവരങ്ങളും പറഞ്ഞപ്പോൾ എൻട്രി പാസ്സ് കിട്ടി. കേമ്പസിൽ ഞങ്ങൾക്ക് ദിശ കാണിക്കാൻ മാസ് കമ്മ്യൂണിക്കേഷനിലെ ഒരു ഗുജറാത്തി പെൺകുട്ടിയെയും പാസ് കൗണ്ടറിൽ നിന്ന് ഏർപ്പാടാക്കിത്തന്നു. അവരുടെ അമ്മാവൻ പാലാ സ്വദേശിയാണെന്ന് സംസാരത്തിനിടെ മനസ്സിലായി. 1961 ൽ 102 ഏക്കർ സ്ഥലത്താണ് അഹമ്മദാബാദ് ഐഐഎമ്മിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്. ഗുജറാത്തിന്റെ പ്രഥമ മുഖ്യമന്ത്രി ജിവരാജ് മെഹ്തയാണ് ഐഐഎം ഉൽഘാടനം ചെയ്തത്. ഇഷ്ടിക കൊണ്ട് നിർമ്മിച്ച പഴയ കെട്ടിടങ്ങൾക്ക് നല്ല വശ്യത തോന്നി. പുറം ഭാഗം സിമന്റ് തേച്ച് മിനുക്കി ‘വികൃത’മാക്കിയിട്ടില്ല. ശബ്ദഘോഷങ്ങളോ അലോസരപ്പെടുത്തുന്ന പൊട്ടിച്ചിരികളോ ഇല്ല. ഓരോരുത്തരും അവരവർക്ക് കേൾക്കേണ്ടവർ കേൾക്കുന്ന ശബ്ദത്തിലേ ചുണ്ടുകൾ ചലിപ്പിക്കുന്നുള്ളൂ. ഞങ്ങൾ വന്നതറിഞ്ഞ് കമ്യൂണിക്കേഷൻ ഡിപ്പാർട്ട്മെൻ്റിലെ മാവേലിക്കരക്കാരി സുനിതയും, ഇ ലേണിംഗിലെ കോട്ടയംകാരൻ റിചിനും കൂടെച്ചേർന്നു.

എൻഐആർഎഫ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്തുള്ള മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് അഹമ്മദാബാദിലെ ഐഐഎം. ആയിരത്തോളം മിടുമിടുക്കരും മിടുമിടുക്കികളുമാണ് ഇവിടെ പഠിക്കുന്നത്. രാജ്യത്തിന്റെ ബുദ്ധികേന്ദ്രങ്ങൾ കുടികൊള്ളുന്നത് ഐഐടി കളിലും ഐഐഎമ്മുകളിലും എൻഐടികളിലും ഐസറിലും എയിംസിലും ജിപ്മറിലും വിവിധ സർവകലാശാലകളിലും ശാസ്ത്ര-സാങ്കേതിക-സാമൂഹ്യശാസ്ത്ര പഠന-ഗവേഷണ കേന്ദ്രങ്ങളിലുമാണെന്നത് ഒട്ടൊക്കെ വാസ്തവമാണ്.

bismi-up
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
previous arrow
next arrow

കേമ്പസിന്റെ നട്ടെല്ല് വിക്രംസാരാഭായ് ലൈബ്രറി തന്നെയാണ്. നാലു നിലകളിലായാണ് പ്രസ്തുത ഗ്രന്ഥാലയം സജ്ജീകരിച്ചിരിക്കുന്നത്. ഏതാണ്ടെല്ലാ പുസ്തകങ്ങൾക്കും ഇ റീഡിംഗ് സാദ്ധ്യമാകുമാറ് ഡിജിറ്റലൈസ് ചെയ്തിട്ടുണ്ട്. ഗവേഷണ വിദ്യാർത്ഥികൾക്ക് വായനാ സൗകര്യത്തിനായി സിങ്കിൾ കേബിനുകൾ മൂന്നാം നിലയിൽ ഒരുക്കിയിട്ടുണ്ട്. ഇ വായനക്ക് രണ്ടാം നിലയിലാണ് വിപുല സംവിധാനമുള്ളത്. ഏറ്റവും പുതിയ പുസ്തകങ്ങൾ ഓരോ നിലയിലെയും ഓപ്പൺ റാക്കുകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. മാനേജ്മെന്റ് സ്ഥാപനമായത് കൊണ്ടാകാം കേമ്പസിൽ മൂന്നിൽ രണ്ടും ആൺകുട്ടികളാണ്. മെഡിക്കൽ കോളേജുകളിലും സർവകലാശാലാ കേമ്പസുകളിലും വിദ്യാർത്ഥി-വിദ്യാർത്ഥിനി അനുപാതം നേരെ മറിച്ചാണ്. ‘സ്നാക് കോർണറി’ൽ നിന്ന് ചായയും പപ്സും കഴിച്ച് പുതിയ കേമ്പസിലേക്ക് കടന്നു. സമ്പന്ന മധ്യവർഗ്ഗത്തിൽ നിന്നുള്ളവരാണ് മഹാഭൂരിഭാഗം കുട്ടികളുമെന്ന് കാഴ്ചയിൽ തന്നെ മനസ്സിലാകും. അതുകൊണ്ടാവാം അരാഷ്ട്രീയ മണമാണ് കേമ്പസിലുടനീളം. ആരും ആരെയും വല്ലാതെ ഗൗനിക്കുന്നില്ല. പെരുമാറ്റം കണ്ടാൽ ഒരു ‘ഹായ്’ ബന്ധമേ അവർ പരസ്പരം ആഗ്രഹിക്കുന്നുള്ളൂ എന്ന് തോന്നും. എല്ലാവരുടെ മുഖത്തും ഒരു ‘ബുദ്ധിജീവി’ ഭാവമുണ്ട്. ഭക്ഷണം കഴിക്കുമ്പോഴും അവരുടെ ഒരു കണ്ണ് ലാപ്ടോപ്പിൽ തെളിയുന്ന അക്ഷരങ്ങളിലാണ്.

അഹമ്മദാബാദ് ഐഐഎമ്മിൽ

അഹമ്മദാബാദ് ഐഐഎമ്മിൽ

അതിപ്രഗൽഭരായ ഫാക്കൽറ്റികളാൽ സമ്പന്നമാണ് കേമ്പസ്. വിദേശങ്ങളിൽ നിന്ന് വിസിറ്റിംഗ് പ്രൊഫസർമാരും ധാരാളം എത്തുന്നു. എണ്ണം പറഞ്ഞ ടെക്നോക്രാറ്റുകളും വ്യവസായികളും ക്ലാസ് എടുക്കാൻ വരുന്നവരിൽ ഉൾപ്പെടും. പഠനവും ഗവേഷണവും ലക്ഷ്യമാക്കുന്നവർക്ക് ജ്ഞാനപ്പൂമ്പൊടി മതിവരുവോളം നുകരാൻ എല്ലാ ചേരുവകളും കേമ്പസിലുണ്ട്. കേമ്പസിന്റെ ശക്തിയും ദൗർബല്യവുമെല്ലാം പ്രഥമ ചുറ്റിക്കറങ്ങലിൽ തന്നെ ബോദ്ധ്യമായി.

സുനിതയോടും റിചിനോടും നന്ദി പറഞ്ഞ് ബിജു മാത്യുവിനൊപ്പം ഗാന്ധിനഗറിലേക്ക് തിരിച്ചു.

ബിജു സാമൂഹ്യ പ്രവർത്തന മേഖലയിൽ സജീവമാണ്. അദ്ദേഹം എല്ലാവർക്കും പ്രിയങ്കരനാണെന്ന് യാത്രയിൽ മനസ്സിലായി. കോവിഡ് കാലത്ത് ബിജുവിന്റെ പ്രവർത്തനം ഒരുപാടാളുകൾക്ക് പ്രയോജനപ്പെട്ടതായി പലരും സാക്ഷ്യപ്പെടുത്തി.

ഗാന്ധി നഗറിലേക്കുള്ള യാത്രയിൽ ഒരാളെ പരിചയപ്പെട്ടു. അയാൾ ഞങ്ങൾക്ക് മുന്നിൽ വാമൊഴി ചരിത്രത്തിന്റെ കെട്ടഴിച്ചു.

ഒരുകാലത്ത് അധോലോക നായകരുടെ പിടുത്തത്തിലായിരുന്നുവെത്രെ അഹമ്മദാബാദ്. ബോംബെ അധോലോകക്കാരുടെ വലംകയ്യായിരുന്ന ലത്തീഫ് ഭായ് വിരൽ ഞൊടിച്ചാൽ നിശ്ചലമാകുന്ന നാളുകളെ കുറിച്ച് അദ്ദേഹം പറഞ്ഞു. ഗുണ്ടാ പിരിവു കൊണ്ട് കച്ചവടക്കാർ ബുദ്ധിമുട്ടിയ നാളുകൾ. ഹിന്ദു-മുസ്ലിം ഗല്ലികളിൽ പ്രത്യേകം പ്രത്യേകം റൗഡി സംഘങ്ങൾ വാണിരുന്ന വർഷങ്ങൾ. എല്ലാ രാഷ്ട്രീയക്കാരും എതിരാളികളെ അമർച്ച ചെയ്യാൻ അധോലോകരെ ആശ്രയിക്കുന്നത് പതിവായ കാലം. ഭരിക്കുന്ന പാർട്ടിക്ക് പോലും വികസന പ്രവർത്തനങ്ങൾ നടത്താൻ റൗഡി സംഘങ്ങളുടെ തിട്ടൂരത്തിന് കാത്തു നിൽക്കേണ്ടി വന്ന ദയനീയ അവസ്ഥ. അധോലോക രാജാക്കൻമാരുടെ കുടിപ്പകയും കുതികാൽ വെട്ടും കൊല്ലും കൊലയും സഹിക്കാതെ വന്നപ്പോൾ പാലൂട്ടി വളർത്തിയവർ തന്നെ അറ്റകൈ പ്രയോഗം നടത്തി. ആസ്ഥാന നഗരം അഹമ്മദാബാദിൽ നിന്ന് ഗാന്ധിനഗറിലേക്ക് മാറ്റി. മലയാളിയായ പോലീസ് കമ്മീഷണർ പി.ജി.ജി നമ്പൂതിരിയുടെ നേതൃത്വത്തിൽ നടന്ന പഴുതടച്ച ഓപ്പറേഷനിലൂടെ അധോലോക മാഫിയകളെ ഒരുവിധം ഒതുക്കി. ലത്തീഫ് ഭായ് ഉൾപ്പടെ പ്രമുഖർ ഏറ്റുമുട്ടലിൽ മരിച്ചു. അഹമ്മദാബാദ് കത്തുമെന്ന് പലരും കരുതിയെങ്കിലും ചെറിയൊരു പുകയിൽ എല്ലാം ഒതുങ്ങി. അങ്ങിനെ നീണ്ട കാലത്തെ ഗുണ്ടാരാജ് അഹമ്മദാബാദിൽ അവസാനിച്ചു.

ഇപ്പോൾ ഗുജറാത്ത് ശാന്തമാണ്. എന്തേ കാരണം എന്ന് പലരോടും ചോദിച്ചു. മറുപടി ഏതാണ്ട് ഒന്നായിരുന്നു: ഭരിക്കുന്നവർക്ക് അധികാരത്തിൽ വരാനായിരുന്നു ഇക്കാലമത്രയും നടന്ന കലാപങ്ങൾ. കലാപകാരികൾക്ക് അധികാരം കിട്ടിയപ്പോൾ തൽക്കാലം എല്ലാം ഒതുങ്ങി. ക്ലാസ്സിലെ ഏറ്റവും വികൃതിപ്പയ്യനെ ലീഡറാക്കി അവന്റെ ശല്യം ഒഴിവാക്കിയ സമർത്ഥയായ അദ്ധ്യാപികയെ കുറിച്ച് പണ്ടെന്നോ വായിച്ചതോർത്തു. ആ അദ്ധ്യാപികയുടെ മനസ്സ് സാധാരണ ജനങ്ങളും സ്വയത്തമാക്കാൻ തീരുമാനിച്ചതാകണം സംഘ് പരിവാറിന്റെ അധികാരാരോഹണത്തിൽ കലാശിച്ചത്. കിട്ടിയ അധികാരം നിലനിർത്താൻ വർഗ്ഗീയതയുടെ അമിട്ടിന് തീ കൊളുത്തി 2002 ൽ നടന്ന താണ്ഡവനൃത്തം പൊറുക്കാനാവില്ല. പ്രശ്നക്കാർ, എന്ന് അധികാര ഭ്രഷ്ടരാകുന്നു അന്ന് ലഹളകൾ വീണ്ടും തലപൊക്കുമെന്നാണ് സംഭാഷണ മദ്ധ്യേ പലരും പങ്കുവെച്ചത്
ഗുജറാത്തിൽ പരീക്ഷിച്ച് വിജയിച്ച തന്ത്രം പിന്നീട് ഇന്ത്യ പിടിക്കാനാണ് ഹിന്ദുത്വ ശക്തികൾ സമർത്ഥമായി ഉപയോഗിച്ചത്. ഓരോ തെരഞ്ഞെടുപ്പുകൾ വരുമ്പോഴും ഭീകരവാദി ആക്രമണങ്ങൾ ആസൂത്രണം ചെയ്യപ്പെട്ടു. ഗോധ്രയിൽ തീവണ്ടി ദുരന്തമുണ്ടാക്കി ഗുജറാത്ത് വംശഹത്യക്ക് കളമൊരുക്കിയ പോലെ. മൂന്നാം തവണയും ഗുജറാത്തിൽ അധികാരത്തിൽ വരില്ലേ എന്ന ഭയം ഉയർത്തിയ ആശങ്ക അനായാസം മറികടക്കാൻ മനുഷ്യക്കുരുതികൾക്ക് കളമൊരുങ്ങുന്നതിന് വഴിമരുന്നിട്ടു. അക്ഷർധാം ക്ഷേത്രം അക്രമിക്കപ്പെട്ടതും ഒരു തെരഞ്ഞെടുപ്പിന്റെ മുഖത്തായിരുന്നു. കേശുഭായ് പട്ടേൽ ഉയർത്തിയ ആഭ്യന്തര ഭീഷണി നിഷ്പ്രയാസം നേരിടാൻ ഇത്തരം മനുഷ്യാസൂത്രിത കുരുതികൾ ഭരണക്കാരെ സഹായിച്ചു. ഇന്ത്യ കീഴടക്കാൻ ഇതേ തന്ത്രം സംഘ്പരിവാർ രാജ്യവ്യാപകമായി പയറ്റി. പാർലമെന്റ് ആക്രമണം മുതൽ ഇന്ത്യയിൽ നടന്ന ഏതാണ്ടെല്ലാ ഭീകരാക്രമണങ്ങളും ഒന്നുകിൽ ഏതെങ്കിലും തെരഞ്ഞെടുപ്പുകൾക്ക് മുന്നിലോ അതല്ലെങ്കിൽ ഭരണത്തിലിരിക്കുന്നവർ പ്രതിസന്ധികൾ നേരിട്ട ഘട്ടങ്ങളിലോ ആയത് യാദൃശ്ചികമായിട്ടാകുമോ? ഏതൊരു അന്വേഷകന്റെ യും തിരച്ചിലിന്റെ ആകെത്തുകയിൽ നിന്നുയരുന്ന പ്രസക്തമായ ചോദ്യം. ഇന്നും സത്യസന്ധമായി ഉത്തരം നൽകപ്പെടാത്ത ചോദ്യം.

സബർമതി ടൂൾ നഗറിലെ ‘കേരള ഫുഡ്കോർണർ’

സബർമതി ടൂൾ നഗറിലെ ‘കേരള ഫുഡ്കോർണർ’

നാട്ടുവിശേഷങ്ങൾ പറഞ്ഞ് ഗാന്ധി നഗറിലേക്കുള്ള യാത്രയിൽ ലോറൻസും ഭാര്യ ലിസ്സിയും സബർമതി ടൂൾ നഗറിൽ നടത്തുന്ന ”കേരള ഫുഡ്കോർണറി” ൽ കയറി. പന്ത്രണ്ടാം വയസ്സിൽ അമ്മാമന്റെ കയ്യും പിടിച്ച് നാൽപത്തിയേഴ് വർഷങ്ങൾക്ക് മുമ്പാണ് ലോറൻസ് അഹമ്മദാബാദിൽ എത്തിയത്. 27 വർഷങ്ങൾക്കപ്പുറം പ്രിയതമയെയും ലോറൻസ് കൂടെക്കൂട്ടി. രണ്ട് പെൺമക്കളാണ് ഇവർക്ക്. ഒരാൾ കാനഡയിൽ. രണ്ടാമത്തെയാൾ ഡിഗ്രിക്ക് പഠിക്കുന്നു. മക്കളെ അദ്ധ്വാനിച്ച് പഠിപ്പിക്കാനായ സന്തോഷം ലിസ്സി ലോറൻസിന്റെ മുഖത്ത് പ്രകടമാണ്. തൃശൂർ മുപ്ളിയം സ്വദേശികളാണിവർ. ഇരുവരും നടത്തുന്ന ഹോട്ടലിന്റെ പിൻഭാഗത്താണ് ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതിചെയ്യുന്നത്. ഒരുലക്ഷത്തി പത്തായി രം പേർക്ക് ഇരിക്കാൻ ശേഷിയുള്ള ഈ ഭീമൻ സ്റ്റേഡിയം 63 ഏക്കർ സ്ഥലത്താണ് പുതുക്കി പണിതിരിക്കുന്നത്. 700 കോടി രൂപ ചെലവിട്ടാണ് സ്റ്റേഡിയമുൾപ്പടെ ‘സർദാർ വല്ലഭായി പട്ടേൽ സ്പോർട്സ് എൻക്ലേവ്’ ഒരുക്കിയിരിക്കുന്നത്. ജീവിച്ചിരിക്കെ തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരിട്ടിരിക്കുന്ന സ്റ്റേഡിയമാണിത്. ഒരുപക്ഷെ ജീവിച്ചിരിക്കെ ‘സ്മാരകം’ പണിത ഇന്ത്യയിലെ ആദ്യ പ്രധാനമന്ത്രിയാകും നരേന്ദ്രമോദി.

ഗാന്ധിനഗറെത്താൻ ഏതാനും കിലോമീറ്ററുകൾ കൂടി സഞ്ചരിക്കണം. പുതിയ തലസ്ഥാനത്തേക്കുള്ള ആറുവരിപ്പാത വിശാലമാണ്. അൻപത് കൊല്ലം മുന്നിൽ കണ്ട് വിഭാവനം ചെയ്ത നഗരം ഇപ്പോഴും പൂർത്തീകരണ ഘട്ടം പിന്നിട്ടിട്ടില്ല. താമസക്കാർക്കൊരുക്കിയ ഫ്ലാറ്റുകൾ മൂന്ന് നിലയിലാണ് പണിതിട്ടുള്ളത്. മൂന്ന് നിലകളാകുമ്പോൾ ലിഫ്റ്റ് നിർബന്ധമില്ല. നഗരം പുരോഗമിക്കുമ്പോൾ സർവീസ് റോഡിനുള്ള സ്ഥലം ഇപ്പോൾ തന്നെ ഒഴിച്ചിട്ടിട്ടുണ്ട്. ഗുജറാത്ത് നിയമസഭാ ഹാളും മന്ത്രി മന്ദിരങ്ങളും സെക്രട്ടേറിയേറ്റും അതീവ പ്രൗഢിയിലാണ് നിർമ്മിച്ചിട്ടുള്ളത്. ടൗൺഷിപ്പ് രൂപപ്പെടുത്താനാവണം ഏക്കർ കണക്കിന് സ്ഥലം കരുതി വെച്ചിട്ടുണ്ട്. വൃത്തിയും സൗന്ദര്യവും കാത്ത് സൂക്ഷിക്കാൻ അധികൃതർ ശ്രദ്ധ കൊടുക്കുന്നതായാണ് ചുറ്റുപാടുകൾ ശ്രദ്ധിച്ചാൽ മനസ്സിലാവുക.

നരേന്ദ്ര മോഡിയുടെ പേരിലുള്ള സ്റ്റേഡിയം

നരേന്ദ്ര മോഡിയുടെ പേരിലുള്ള സ്റ്റേഡിയം

ഗാന്ധിനഗർ ചുറ്റിക്കറങ്ങി നേരെ ലോക പ്രശസ്തമായ അക്ഷർധാം ക്ഷേത്രത്തിന്റെ കവാടത്തിലെത്തി. വർഷങ്ങൾക്ക് മുമ്പ് ഭീകരാക്രമണം നടന്ന ക്ഷേത്രമാണിത്. ഒരു ആരാധനാലയം എത്രമാത്രം മനുഷ്യസൗഹൃദമാക്കാം എന്നതിന്റെ മികച്ച ഉദാഹരണമാണ് അക്ഷർധാം. ഒരു സ്വകാര്യ ട്രസ്റ്റിന് കീഴിലാണ് ഈ ക്ഷേത്രം. സ്വാമി നാരായണ ഭഗവാനാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ. പൂർണ്ണമായും സ്വർണ്ണത്തിലാണ് മുഖ്യപ്രതിഷ്ഠ നിർമ്മിച്ചിരിക്കുന്നത്. ദൂരെ നിന്ന് തന്നെ പ്രതിഷ്ഠയുടെ സുവർണ്ണത്തിളക്കം നമ്മുടെ കണ്ണുകൾ മഞ്ഞളിപ്പിക്കും. ഏതൊരാൾക്കും അവിടെ കയറാം. കാണാം, പ്രാർത്ഥിക്കാം, മനസ്സിലാക്കാം. മത-ജാതി പരിഗണനകളേ ഇല്ല. വിവിധ മത ജനവിഭാഗങ്ങൾ തമ്മിൽ അകൽച്ച നിലനിൽക്കുന്നുവെന്ന് പൊതുവെ കരുതുന്ന ഉത്തരേന്ത്യയിലെവിടെയും ഒരു ക്ഷേത്രത്തിലും കേരളത്തിലെ ചില ക്ഷേത്രങ്ങളുടെ മുന്നിൽ കാണുന്ന “അഹിന്ദുക്കൾക്ക് പ്രവേശനമില്ല” എന്ന ബോർഡ് കാണാനാവില്ല. കാശിയിലെ വിശ്വനാഥ ക്ഷേത്രത്തിലോ മറ്റേതെങ്കിലും ക്ഷേത്രങ്ങളിലോ ഇത്തരമൊരു വിചിത്ര ബോർഡ് കാണാൻ കഴിഞ്ഞിട്ടില്ല. നിരവധി നവോത്ഥാന നായകർ ഇളക്കി മറിച്ച കേരളത്തിന്റെ മണ്ണിൽ നിന്ന് ഈ ‘ബോർഡ്’ പറിച്ച് വലിച്ചെറിയാൻ അവരെന്തേ ശ്രമിച്ചില്ല? അവരുടെ ശ്രദ്ധയിൽ പെടാതെ പോയതാണോ അതോ ആ ചുമതല നവോത്ഥാന ആശയങ്ങളുടെ പിൻമുറക്കാർക്ക് അവർ വിട്ടേച്ച് പോയതാണോ?

അക്ഷർധാം ക്ഷേത്രം കാണേണ്ടതു തന്നെയാണ്. അവിടുത്തെ ഓരോ പുൽക്കൊടിയിലും ആത്മീയതയും സൗന്ദര്യവും അച്ചടക്കവും സഹിഷ്ണുതയും പ്രകടമാണ്. ക്ഷേത്ര കവാടത്തിനു മുന്നിലെ മാർബിൾ തറയിൽ ഇരുന്നപ്പോൾ ഞങ്ങളെ തലോടി കടന്നു പോയ ഇളം തെന്നലിന് പോലും സുഗന്ധമുള്ളത് പോലെ തോന്നി. ഭാരതീയ വാസ്തുവിദ്യാ സൗന്ദര്യം മുഴുവൻ ക്ഷേത്രാങ്കണത്തിൽ സ്ഫുരിച്ച് നിൽപ്പുണ്ട്. ഇത്ര വിശാലമായ പുൽമുറ്റമുള്ള ക്ഷേത്രം ലോകത്ത് വേറെ ഉണ്ടാവില്ല. താജ്മഹലിലേക്കുള്ള വഴിയെ ഓർമ്മിപ്പിക്കും ക്ഷേത്ര മുറ്റത്തെ കാഴ്ചകൾ. ക്ഷേത്രത്തിനിടയിൽ ഒരുക്കിയിട്ടുള്ള ചരിത്ര മ്യൂസിയം സ്വാമി നാരായണ ഭഗവാന്റെ കഥ മുഴുവൻ നമുക്ക് പറഞ്ഞ് തരും. ഏതാണ്ട് നാല് മണിക്കൂർ വേണം ഒരു പഠിതാവിന് ചരിത്രവും ഐതിഹ്യവും ഇഴചേർന്ന കഥകൾ മനസ്സിലാക്കി കറങ്ങി വരാൻ. കുട്ടികൾക്ക് കളിക്കാനും ചെറുപ്പക്കാർക്ക് ഉല്ലസിക്കാനും പ്രായമായവർക്ക് ആനന്ദിക്കാനും സജ്ജികരിച്ച സൗകര്യങ്ങൾ ആത്മീയതക്കും ഭക്തിക്കും കാലാനുസൃത വ്യാഖ്യാനമാണ് നൽകുന്നത്. ഭക്തി ഭയമല്ലെന്ന് അക്ഷർധാം നമ്മോട് പറയുന്നു. ആത്മീയത സന്തോഷത്തിന്റെ നിരാകാരമല്ലെന്ന് അക്ഷർധാം നമ്മെ ഉൽബോധിപ്പിക്കുന്നു.

അക്ഷർധാം ക്ഷേത്രത്തിനു മുന്നിൽ

അക്ഷർധാം ക്ഷേത്രത്തിനു മുന്നിൽ

ക്ഷേത്ര വളപ്പിൽ ഒരുക്കിയ ഭോജന ശാലകൾ തീർത്തും പുതിയ അനുഭവമാണ്. തീർത്ഥാടനം വിശ്വാസവും ആഹ്ലാദവും സ്നേഹവും മനുഷ്യത്വവും ബഹുസ്വരതയും സമന്വയിച്ചതാണെന്ന അറിവാണ് അക്ഷർധാമിലേക്കുള്ള കാൽപ്പാടുകൾ ബോദ്ധ്യപ്പെടുത്തുക. കേരളത്തിലെ ക്ഷേത്ര നടത്തിപ്പുകാർ അക്ഷർധാം ക്ഷേത്രം ഒരിക്കലെങ്കിലും പോയി കാണണം. അവർക്കൊരുപാട് തിരുത്താനും പുതിയ ആശയങ്ങൾ നടപ്പിലാക്കാനും അത് നിമിത്തമാകുമെന്ന് ഉറപ്പാണ്.

ഗാന്ധിനറിൽ നിന്ന് മടങ്ങവെ ഗുജറാത്തിന്റെ ജീവനാഡിയായ നർമ്മദാ കനാലിന്റെ തീരത്തിറങ്ങി. 532 കിലോമീറ്ററിൽ ഗുജറാത്തിന്റെ കാർഷിക മാറിടത്തിലൂടെയാണ് ഈ മനുഷ്യനിർമ്മിത ഭീമാകാരൻ കോൺക്രീറ്റ് കനാൽ ഒഴുകുന്നത്. 458 കിലോമീറ്റർ ഗുജറാത്തിലൂടെയും 74 കിലോമീറ്റർ രാജസ്ഥാനിലൂടെയുമാണ് ഇത് കടന്ന് പോകുന്നത്. ഗുജറാത്തിലെ സർദാർ സരോവർ അണക്കെട്ടിൽ നിന്നാണ് കനാലിന്റെ ആരംഭം. ഇതോടനുബന്ധിച്ച് 42 ഉപകനാലുകളും ഗ്രാമീണ മേഖലകൾക്ക് കൃഷിക്കാവശ്യമായ വെള്ളം നൽകുന്നു. ഇതിൽ 38 എണ്ണവും ഗുജറാത്തിലാണ്. 105 കിലോമീറ്റർ നീളമുള്ള സൗരാഷ്ട്ര ഉപകനാലാണ് കൂട്ടത്തിൽ ഏറ്റവും വലുത്. കൃഷിക്ക് ഇതേറെ പ്രയോജനം ചെയ്യുന്നുണ്ടെന്നാണ് നാട്ടുകാർ പറഞ്ഞത്. കേരളത്തിലെ ഒരു സാധാരണ നദിയുടെ വീതിയുണ്ടിതിന്. ഞാനാദ്യം കരുതിയത് പുഴക്ക് പാർശ്വ ഭിത്തി കെട്ടി സംരക്ഷിച്ചതാണെന്നാണ്. ഒഴുകുന്ന കനാലിൽ ഒരു കരട് പോലും കണ്ടില്ല. ഉത്തരേന്ത്യയിലെ ഒരു മഹാ കനാൽ ഇത്ര വൃത്തിയായി സൂക്ഷിക്കാൻ എങ്ങിനെ കഴിയുന്നു എന്നത് എന്നെ അൽഭുതപ്പെടുത്തി. മനുഷ്യവാസമില്ലാത്ത കാട്ടിലൂടെയും കനാൽ കടന്ന് പോകുന്നുണ്ടെന്ന് ബിജു മാത്യു പറഞ്ഞു. പക്ഷികളും മൃഗങ്ങളും ഈ കനാലിൽ നിന്ന് വെള്ളം കുടിച്ച് ദാഹം തീർക്കുന്നത് കാണാം. കനാലിന്റെ ഒരു ഭാഗത്തുള്ള പടികളിലൂടെ ഇറങ്ങി വെള്ളം കൈക്കുമ്പിളിലാക്കിയപ്പോൾ നല്ല തണുത്ത ശുദ്ധ ജലം. കനാൽ ആരംഭിക്കുന്നിടത്ത് 72 മീറ്ററാണ് വീതി. വാൽഭാഗത്താകട്ടെ 10 മീറ്ററും. 7.6 മീറ്റർ ആഴമാണ് കനാലിനുള്ളത്.

കനാലിന് വേണ്ടി ആദിവാസികളുടേതടക്കം പതിനായിരങ്ങളുടെ ഭൂമി സർക്കാർ ഏറ്റെടുത്തു. മതിയായ നഷ്ടപരിഹാരം ഉടമകൾക്ക് കിട്ടിയില്ലെന്ന പരാതി വ്യാപകമാണ്. ഒരുപാട് മനുഷ്യരുടെ കണ്ണുനീരും വെള്ളത്തോടൊപ്പം ഒഴുകുന്നുണ്ടത്രെ. ഇതുകേട്ടപ്പോൾ ഞാനോർത്തത് കേരളത്തിലെ നാഷണൽ ഹൈവേ വീതി കൂട്ടാൻ 574 കിലോമീറ്റർ ദൂരം ഒരാളുടെയും ഒരിറ്റു കണ്ണുനീർ വീഴാതെ പൊന്നും വില നൽകി ഏറ്റെടുത്ത 1070 ഏക്കർ ഭൂമിയെ കുറിച്ചാണ്. ഭൂവിലയുടെ 75 ശതമാനമേ കേന്ദ്ര സർക്കാർ നൽകൂ എന്ന് പറഞ്ഞപ്പോൾ ദേശീയപാതയായിരുന്നിട്ടും വിലയുടെ 25 ശതമാനം നൽകാൻ സന്നദ്ധമായി ഒന്നാം പിണറായി സർക്കാർ. ഭൂമി വിട്ടുനൽകുന്നവരെ വേദനിപ്പിക്കാതെയും അവർക്ക് നഷ്ടം വരാതെയും നോക്കാൻ ശ്രദ്ധിച്ച് ജനപക്ഷത്തു നിന്ന ഇടതുപക്ഷ സർക്കാരിന്റെ നിലപാട് എത്ര മഹോന്നതം.

നർമ്മദാ കനാൽ

നർമ്മദാ കനാൽ

കേരളത്തിൽ മനുഷ്യ നിർമ്മിത കനാലുകളും തോടുകളും ആവശ്യമില്ല. പ്രകൃതി തന്നെ വേണ്ടുവോളം അത് കനിഞ്ഞരുളിയിട്ടുണ്ട്. ഓരോ നദിയുടെയും തോടിന്റെ യും അഞ്ചോപത്തോ കിലോമീറ്റർ അകലത്തിൽ ചെക്ക്ഡാമുകൾ നിർമ്മിച്ച് വെള്ളം കെട്ടി നിർത്തിയാൽ ഉപകനാലുകൾ ഇല്ലാതെ തന്നെ പാടശേഖരങ്ങളിലേക്ക് വെള്ളമെത്തും. ഭൂമിക്കടിയിലെ ജലവിതാനം ഉയരും. എവിടെ കിണർ കുഴിച്ചാലും വെള്ളം ലഭിക്കുന്ന സ്ഥിതിയുണ്ടാകും. വർഷക്കാലത്ത് മഴവെള്ളം സംഭരിച്ച് പുഴയോരത്ത് ജീവിക്കുന്നവർക്ക് വെള്ളം ശുദ്ധീകരിച്ച് കുടിവെള്ളം വാണിജ്യാടിസ്ഥാനത്തിൽ ഉണ്ടാക്കാൻ അനുമതിയും കൂടി നൽകിയാൽ കടലിലേക്ക് ഒഴുകിപ്പോകുന്ന ദശലക്ഷക്കണക്കിന് ലിറ്റർ വെള്ളം ജനങ്ങളുടെ ഉപജീവന മാർഗ്ഗമാക്കി മാറ്റാനാകും. കേരളത്തിലെ ലോക സഞ്ചാരിയായ സന്തോഷ് ജോർജ് കുളങ്ങര ഇത്തരമൊരു നിർദ്ദേശം മുന്നോട്ടുവെച്ചത് സമരണീയമാണ്.
പൊതു വിദ്യാഭ്യാസ വികസനത്തിലും പൊതു ആരോഗ്യ മുന്നേറ്റത്തിലും ലോകത്തെ അതിശയിപ്പിച്ച കേരളത്തിന് മനസ്സു വെച്ചാൽ അഞ്ചു കൊല്ലം കൊണ്ട് പൂർത്തിയാക്കാനാകുന്ന പദ്ധതിയാണിത്. പ്രകൃതി, മഴയിലൂടെ കനിഞ്ഞ് നൽകുന്ന ശുദ്ധജലം ആറുകളിലൂടെയും പുഴകളിലൂടെയും ഒഴുകി കടലിൽ പതിക്കാൻ അനുവദിക്കാതെ കെട്ടി നിർത്തി കൃഷിക്കും കുപ്പിവെള്ള നിർമ്മാണത്തിനും ഉപയോഗിച്ചാൽ ഇപ്പോൾ തന്നെ ബഹുദൂരം മുന്നിലുള്ള കേരളം, വികസന സൂചികയിൽ ആർക്കും എത്തിപ്പിടിക്കാനാകാത്ത വിധം ഉയർന്ന് നിൽക്കും. ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിൽ കേരളത്തിന്റെ അടുത്തെത്താൻ എത്ര പതിറ്റാണ്ടുകൾ പിന്നിട്ടാലും ഗുജറാത്തിന് കഴിയുമോ എന്ന് സംശയമാണ്.

മറ്റു ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി ഭേദപ്പെട്ട വൃത്തി പട്ടണ-ഗ്രാമ മേഖലകളിൽ ഗാന്ധിജിയുടെ നാട്ടിൽ പ്രകടമാണ്. എങ്ങും എവിടെയും ചെറുതും വലുതുമായ ക്ഷേത്രങ്ങൾ കാണാം. എല്ലാ സ്ഥലങ്ങളിലും തടിച്ച് കൊഴുത്ത പശുക്കൾ നിർഭയം കൊമ്പു കുലുക്കി മേഞ്ഞ് നടക്കുന്നത് ആരിലും കൗതുകമുണർത്തും. ഭക്ത്യാദരങ്ങളോടെയാണ് ഗോമാതാവിനെ ജനങ്ങൾ കാണുന്നത്. ഒരു സ്ഥലത്ത് വെച്ച് തന്റെ വാഹനത്തിന്റെ മുന്നിൽ വന്നുപെട്ട പശുവിനെ ഡ്രൈവർ ആട്ടുന്നത് കണ്ടപ്പോൾ തൊട്ടടുത്ത കടയിൽ നിന്ന് കച്ചവടക്കാരൻ ഇറങ്ങി വന്ന് അയാളോട് ദേഷ്യപ്പെടുന്നത് കണ്ടു. ഗുജറാത്തികൾ പൊതുവെ നല്ലവരാണെന്ന് കണ്ടുമുട്ടിയ മലയാളി സുഹൃത്തുക്കൾ മതഭേദമില്ലാതെ ഏകസ്വരത്തിൽ പറഞ്ഞു. ഭൂരിഭാഗം ജനങ്ങളും വിശ്വസ്തരും മാന്യൻമാരുമാണെന്നും അവർ അഭിപ്രായപ്പെട്ടു. കച്ചവടാവശ്യാർത്ഥമല്ലാതെ ഗുജറാത്തികൾ തൊഴിൽ തേടി ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലേക്ക് പോകാറില്ലത്രെ. അത്രകണ്ട് വ്യവസായ ശാലകളാണ് ഗുജറാത്തിലുള്ളത്. ഭൂപ്രദേശം വളരെ കൂടുതലും ജനസംഖ്യ കുറവുമാണ് ഇവിടെ. അതുകൊണ്ടുതന്നെ ഏതുതരം വ്യവസായങ്ങളും ആരംഭിക്കാം. പരിസ്ഥിതി പ്രശ്നങ്ങളോ ജനവാസ കേന്ദ്രങ്ങളാണെന്ന പരാതിയോ ഉയരാറില്ല. ഗുജറാത്തിലെ കച്ച് ജില്ലക്ക് മാത്രം കേരളത്തേക്കാൾ വിസ്തൃതിയുണ്ട്. വിദ്യാസമ്പന്നരായ പുതുതലമുറ അമേരിക്ക, കാനഡ, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളിലേക്ക് യോഗ്യതക്കനുസൃതമായ അവസരങ്ങൾ തേടി പോകുന്നത് വർധിച്ചിട്ടുണ്ടെന്നും അന്വേഷണത്തിൽ ബോദ്ധ്യമായി.

നല്ലൊരു ശതമാനം ആളുകളും സസ്യഭുക്കുകളാണ്. പൊതുവെ മുസ്ലിം പ്രദേശങ്ങളിലാണ് മാംസാഹാരം സുലഭമായി കിട്ടുക. അവിടങ്ങളിൽ വന്ന് ധാരാളം അമുസ്ലിങ്ങളും കോഴിയും ആടും മൽസ്യവും കഴിക്കുന്നുണ്ട്. ഗുജറാത്തി വിഭവങ്ങൾ രുചികരമാണ്. മിതമായ സംഖ്യയേ ഭക്ഷണത്തിന് വരുന്നുള്ളൂ. ആളും തരവും നോക്കി ഉപഭോക്താവിനെ പറ്റിക്കുന്നത് എവിടെയും അനുഭവപ്പെട്ടില്ല. ജനങ്ങളിലെ മതവികാരം ശക്തമാണ്. ഇതിനെയാണ് ബി.ജെ.പി രാഷ്ട്രീയ നേട്ടത്തിന് ദുരുപയോഗിക്കുന്നത്. കലാപാനന്തരം മുസ്ലിങ്ങൾ ഭയപ്പാടോടെയാണ് ജീവിക്കുന്നത്. എല്ലാം കലങ്ങിത്തെളിയുമെന്ന് അവർ പ്രതീക്ഷിക്കുന്നു. ഭൂരിഭാഗം മുസ്ലിങ്ങളും കോൺഗ്രസ്സിനോട് അനുഭാവമുള്ളവരാണ്. അസദുദ്ദീൻ ഉവൈസിയും ആം ആദ്മിയും വന്ന് മുസ്ലിം വോട്ടുകൾ ഭിന്നിപ്പിച്ചത് കൊണ്ടാണ് മുസ്ലിം എം.എൽ.എ മാരുടെ എണ്ണം ഒന്നിൽ ഒതുങ്ങിയതെന്ന് അവർ കരുതുന്നു. കഴിഞ്ഞ സഭയിൽ മൂന്ന് കോൺഗ്രസ് എം.എൽ.എമാർ ഉണ്ടായിരുന്നത് ചിലർ ഓർമ്മിച്ചു. ബി.ജെ.പി ഒരൊറ്റ മുസ്ലിം സ്ഥാനാർത്ഥിയെപ്പോലും മൽസരിപ്പിക്കാത്തത് പലരും ചൂണ്ടിക്കാട്ടി. മുസ്ലിങ്ങളിൽ അരാഷ്ട്രീയത ശക്തിപ്പെടുന്നുണ്ടെന്ന് വിദ്യാസമ്പന്നരായ ചെറുപ്പക്കാർ സൂചിപ്പിച്ചു. ഓരോ തെരഞ്ഞെടുപ്പ് കാലത്തും അമിത് ഷാ നേരിട്ടെത്തിയാണത്രെ മുസ്ലിം മേഖലകളിൽ പയറ്റേണ്ട തന്ത്രം ആവിഷ്കരിക്കുക. പ്രദേശത്തെ മുസ്ലിം പ്രമാണിമാരെ വിളിച്ച് ഒന്നോ രണ്ടോ മുസ്ലിം സ്ഥാനാർത്ഥികളെ നിർത്താൻ ഏർപ്പാടാക്കും. അങ്ങിനെ മുസ്ലിം വോട്ടുകൾ ഭിന്നിപ്പിച്ച് ബി.ജെ.പിയുടെ വിജയം ഉറപ്പാക്കും. പത്ത് ശതമാനം വോട്ടു ചെയ്യുന്ന പെട്ടിയിൽ തൊണ്ണൂറ് ശതമാനത്തിന്റെ വോട്ട് വീഴാതെ നോക്കണമെന്ന പ്രചരണമാണ് സംഘ്പരിവാർ അഴിച്ച് വിടുന്നത്. ഇത് തന്നെയാണ് യോഗി ആദിത്യനാഥ് യു.പിയിലും പയറ്റിയത്. ഇരുപതും എൺപതും തമ്മിലാണ് തെരഞ്ഞെടുപ്പിലെ പോരാട്ടമെന്നാണ് അദ്ദേഹം പരസ്യമായി പ്രസംഗിച്ചത്. ഹിന്ദു-മുസ്ലിം ജനവിഭാഗങ്ങളെ രണ്ടു ചേരിയിൽ നിർത്തി പയറ്റുന്ന വോട്ട് തന്ത്രം ആത്യന്തികമായി ഇന്ത്യയേയും ജനാധിപത്യത്തെയും ദുർബലമാക്കും.

യാത്രയ്ക്കിടെ ഒരു രക്ഷാപ്രവർത്തനം; പിന്നെ ഒരു സെൽഫിയും

യാത്രയ്ക്കിടെ ഒരു രക്ഷാപ്രവർത്തനം; പിന്നെ ഒരു സെൽഫിയും

അഹമ്മദാബാദിൽ നിന്ന് രാത്രി 10.30 ന് പുറപ്പെട്ട് 8 മണിക്കൂർ യാത്ര ചെയ്ത് രാവിലെ 6.30 ന് ഭുജ്ജിലെത്തി. തണുപ്പിൽ ഓട്ടോ പിടിച്ച് പല ഹോട്ടലുകളും കയറിയിറങ്ങി. എവിടെയും റൂമില്ല. നിരാശയോടെ നിൽക്കുമ്പോഴാണ് നഗര മദ്ധ്യത്തിലെ മസ്ജിദിനോട് ചേർന്ന മുസാഫർഖാന ശ്രദ്ധയിൽ പെട്ടത്. അവിടെ റൂം ഉണ്ട്. പള്ളിയിൽ നിന്ന് പ്രഭാത നമസ്കാരം കഴിഞ്ഞ് ചായ കുടിക്കാൻ പുറത്തിറങ്ങി. ചായക്കടയിൽ നിന്ന് എയർഫോഴ്സ് എഞ്ചിനീയർ മംഗലാപുരത്തുകാരൻ അരുൺ മിറാണ്ടയേയും വയനാട് സ്വദേശി രാജുവിനെയും കണ്ടു. അവർ താമസിക്കുന്ന ഹോട്ടലിൽ റൂം കുറഞ്ഞ ചാർജിന് കിട്ടുമെന്ന് പറഞ്ഞു. മുസാഫർഖാനയിലെ റൂം വെക്കേറ്റ് ചെയ്ത് ഹോട്ടലിലേക്ക് മാറി.

കുളി കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ ബിജു മാത്യു പറഞ്ഞ പ്രകാരം കൊയിലാണ്ടി സ്വദേശിയും ടയർ ഷോപ്പുടമയുമായ ശശി മകനുമൊത്ത് വന്നു. ഗാന്ധിധാമിലെ അറിയപ്പെടുന്ന പൊതുപ്രവർത്തകനാണ് ശശി. 37 വർഷം മുമ്പ് ഇവിടെ എത്തി. ആറ് മാസം മുമ്പ് തന്റെ കടയുടെ ടെറസിന്റെ മുകളിൽ നിന്ന് കാൽ തെന്നി വീണു. നട്ടെല്ലിന് പരിക്കേറ്റു. ചികിൽസക്കായി നാട്ടിലേക്ക് പോയി. കുറ്റിക്കാട്ടൂർ ഇഖ്റ-തണൽ റിഹാബിലിറ്റേഷൻ സെന്ററിൽ ചികിൽസയും ഫിസിയോതെറാപ്പിയും നടത്തി. ഇപ്പോൾ പരസഹായമില്ലാതെ നടക്കും. പടികൾ കയറാൻ ആരെങ്കിലും സഹായിക്കണം. ഇഖ്റ- തണൽ സെന്റെറിനെ കുറിച്ച് പറയുമ്പോൾ ശശിക്ക് ആയിരം നാവാണ്. ശാരീരിക പ്രയാസം ഒരുപാടുണ്ടായിട്ടും വളരെ ബുദ്ധിമുട്ടി അദ്ദേഹവും മകനും ഗാന്ധിധാമിൽ നിന്ന് ഒന്നരമണിക്കൂർ യാത്ര ചെയ്ത് ഞങ്ങളെ കച്ചിലെ ഉപ്പ് മരുഭൂമിയിലെ ഉൽസവത്തിന് കൊണ്ട് പോകാൻ ഭുജ്ജിൽ കാറുമായാണ് എത്തിയത്. അവിടെ നിന്ന് ഒന്നര മണിക്കൂർ യാത്ര ചെയ്ത് വേണം ഉൽസവ സ്ഥലത്തെത്താൻ. ആളൊഴിഞ്ഞ ദിക്കിലൂടെ പരുക്കുകളില്ലാത്ത ദേശീയ പാത താണ്ടി മിനിമം സ്പീഡിൽ റോഡിന്റെ ഇരുഭാഗത്തുമുള്ള വിശാലമായ കൃഷിയിടങ്ങളും ഒഴിഞ്ഞ് പരന്ന് കിടക്കുന്ന തരിശ് ഭൂമികളും നോക്കി യാത്ര തുടർന്നു. ഉച്ചയായപ്പോൾ ഭക്ഷണം കഴിക്കാൻ റോഡരികിലെ ഒരു ചെറിയ ഭോജനശാലയിൽ വണ്ടി നിർത്തി. രുചികരമായ ഗുജറാത്തി ഉച്ചഭക്ഷണം കഴിച്ചു. കുടിക്കാൻ മോര് ഗ്ലാസിൽ ആവശ്യത്തിന് ഒഴിച്ച് തന്നു. ഗുജറാത്തിലെ ആളുകളുടെ ആരോഗ്യ രഹസ്യം ഇടക്കിടെ ഭക്ഷണത്തോടൊപ്പവും ദാഹമകറ്റാനും കുടിക്കുന്ന മോരാണെന്ന് റസ്റ്റോറന്റ് നടത്തുന്ന മദ്ധ്യവയസ്ക പറഞ്ഞു.

ഉച്ച തിരിഞ്ഞ് മൂന്നുമണിയോടെ ഗുജറാത്തിലെ ഏറ്റവും വലിയ പൊതു ഫെസ്റ്റ് നടക്കുന്ന വെള്ള മരുഭൂമിയിൽ എത്തി. കൽക്കണ്ടം പൊടിച്ചിട്ടത് പോലെ കടൽ തീരം മുഴുവൻ വെള്ള ഉപ്പ് കല്ലും വലിയ ഉപ്പ് തരികളും കൊണ്ട് കിലോമീറ്ററോളം നീണ്ട് കിടക്കുന്ന തൂവെള്ളതീരം. കാണുന്നവരിൽ ആശ്ചര്യമുളവാക്കും. വർഷത്തിൽ തണുപ്പ് തുടങ്ങുന്നതോടെ കിലോമീറ്റർ ഉള്ളിലേക്ക് കടൽ ഉൾവലിയും. അതോടെ മണൽതിട്ടയ്ക്ക് പകരം ഉപ്പു മരുഭൂമിയായി പ്രദേശം മാറും. മൂന്ന് മാസത്തോളം ഇത് തുടരും. അത് കഴിഞ്ഞാൽ ഉപ്പുതീരം അപ്രത്യക്ഷമാകും. മണൽതിട്ട രൂപപ്പെടും. കടൽ കയറി വരും. ഇവിടെ വർഷത്തിലൊരിക്കൽ സൂര്യൻ അസ്തമിക്കുന്ന അതേ സമയം എതിർ ദിശയിൽ പൂർണ്ണ ചന്ദ്രൻ ഉദിച്ചുയരും. ആ ചരിത്ര നിമിഷങ്ങൾക്ക് ഞങ്ങളും സാക്ഷികളായി. ആയിരങ്ങളാണ് ഉപ്പു വിരിച്ച കടപ്പുറത്ത് സൂര്യാസ്തമയവും ചന്ദ്രോദയവും കാണാൻ എത്തിയിരുന്നത്. വലിയ എക്സിബിഷൻ ഹാളുകൾ കൊണ്ട് ഉൽസവ പ്രദേശം മുഴുവൻ നിറഞ്ഞിരുന്നു. എങ്ങും തെരുവ് കച്ചവടക്കാരുടെ ബഹളമാണ്. എല്ലാവരും സമീപ പ്രദേശങ്ങളിലുള്ള ഗ്രാമീണരാണത്രെ. ഒട്ടക വണ്ടിയും കുതിര വണ്ടിയും ആളുകളെയും കൊണ്ട് വീതിയേറിയ വീഥിയിലൂടെ ഇടതടവില്ലാതെ അങ്ങോട്ടുമിങ്ങോട്ടും പോകുന്നുണ്ട്. കച്ചവടക്കാരിൽ പ്രദേശവാസികളായ മുസ്ലിങ്ങളെയും കാണാം. വ്യാപാരത്തിൽ അഗ്രകണ്യരാണ് കച്ച് നിവാസികൾ. ലോകത്തിന്റെ എല്ലാ ഭാഗത്തും ഇവരുടെ ബിസിനസ് സംരംഭങ്ങൾ കാണാം. സ്നേഹവും സൗഹൃദവും നിറഞ്ഞ് തുളുമ്പുന്ന കച്ചിലെ പാലാഴി കടപ്പുറത്ത് എല്ലാ വൈജാത്യങ്ങളും ആഹ്ളാദാരവങ്ങളിൽ അലിഞ്ഞില്ലാതാകും. കുട്ടികൾക്കായി കണ്ണഞ്ചിപ്പിക്കുന്ന വിനോദ സാമഗ്രികൾ കണ്ണെത്താദൂരത്തോളം ഉൽസവ നഗരിയിൽ ഒരുക്കിയിട്ടുണ്ട്.

സൂര്യചന്ദ്രൻമാരുടെ അസ്തമയോദയങ്ങൾ കണ്ട് മടങ്ങവെ കുറച്ചകലെ കാഴ്ചയിൽ എഴുപത് തോന്നിക്കുന്ന ഒരു വൃദ്ധ ഉപ്പിൻ തീരത്തെ ചതുപ്പു നിലത്ത് കാൽപൂണ്ട് പുറത്ത് കടക്കാനാകാതെ ബുദ്ധിമുട്ടുന്നത് കാഴ്ചയിൽ പതിഞ്ഞു. ബഹളത്തിനിടയിൽ ആരും അവരെ ശ്രദ്ധിക്കുന്നില്ല. വൃദ്ധയുടെ ഒരു കാൽ പൂണ്ട് മുട്ടോളമെത്തിയിട്ടുണ്ട്. അവരുടെ കൂടെയുള്ള സ്ത്രീ കൈ പിടിച്ച് വലിക്കുന്നുണ്ട്. വെളുത്ത ഉപ്പുപാടക്ക് താഴെയുള്ള കറുത്ത ചെളിയിൽ പൂണ്ട കാൽ അനങ്ങുന്നില്ല. ഞങ്ങൾ അങ്ങോട്ട് ഓടി. എന്റെ ഗൺമാൻ പ്രജീഷ് ആ നിമിഷം കേരള പോലീസിലെ ശരിയായ ഒരു സേവകനായി മാറി. സമീപത്ത് കിടന്ന അത്യാവശ്യം വലിപ്പമുള്ള ഞെരിഞ്ഞമർന്ന പ്ലാസ്റ്റിക് കുപ്പിയെടുത്ത് കോരി പോലെ ചുരുട്ടി ചതുപ്പ് മണ്ണ് കോരിയെടുക്കാൻ തുടങ്ങി. ആ വൃദ്ധയുടെ കാലിന് ചുറ്റുമുള്ള മണ്ണ് ഒന്നരയടി താഴ്ചയിൽ മാന്തിയെടുത്ത ശേഷം അവരുടെ കാൽ വലിച്ച് പുറത്തെടുത്തു. ശശി തന്റെ തൂവ്വാല പ്രജീഷിന്റെ ചെളിപുരണ്ട കൈകൾ തുടക്കാൻ കൊടുത്തു. രഞ്ജിത് തന്റെ കയ്യിലെ ടിഷ്യു പേപ്പർ കൊണ്ട് വൃദ്ധയുടെ കാലുകൾ തുടച്ചു. ശശിയുടെ മകനും രജ്ഞിതിനോടൊപ്പം ചേർന്നു. വൃദ്ധക്കും മകൾക്കും വലിയ സന്തോഷമായി. എത്ര നന്ദി പറഞ്ഞിട്ടും അവർക്ക് മതിവന്നില്ല. ഒരു ഇംഗ്ലീഷ് ചുവയുള്ള പേരാണ് അവരുടേത്. പെട്ടെന്ന് ഓർത്തെടുക്കാൻ പ്രയാസം. അവർ ബോംബെയിലാണ് താമസം. ഏറെക്കാലം അബൂദാബിയിൽ ജോലി ചെയ്തു. കേരളത്തിലെ സീനിയർ സിവിൽ സർവീസ് ഉദ്യോഗസ്ഥനായ ഇളങ്കോവനെ നല്ല പരിചയം. ഒരുമിച്ച് ഫോട്ടോ എടുത്ത് അവരോടും മകളോടും ‘ഗുഡ്ബൈ’ പറഞ്ഞു. ഒരു സൽകൃത്യം ചെയ്ത കൃതാർത്ഥതയോടെ കാഴ്ചകളുടെ വിസ്മയത്തിലേക്ക് വീണ്ടും ഞങ്ങൾ ഊളിയിട്ടു.

പേരച്ചൂട്ടിലെ ആകാശ യാത്രയും ഗംഭീര പാട്ടുകച്ചേരിയും “വൈറ്റ് ഡെസേർട്ട് ഫെസ്റ്റി”ന് മിഴിവേകി. രാത്രി എട്ടുമണിക്ക് ആഘോഷത്തിൽ ആറാടി നിന്ന ഉൽസവ നഗരിയോട് മനസ്സില്ലാമനസ്സോടെ വിട ചൊല്ലി 90 കിലോമീറ്ററുകൾക്കപ്പുറമുള്ള താമസ സ്ഥലത്തേക്ക് തിരിച്ചു. യാത്രയും അലച്ചിലും വിരസതയേ തോന്നിച്ചില്ല. അത്രമാത്രം അനുഭൂതി നൽകിയ സന്ധ്യയായിരുന്നു അത്.

SendShareTweetShare
bismi-up
WhatsApp Image 2023-01-17 at 7.27.19 PM
previous arrow
next arrow

Related Posts

ഇന്ത്യയിലെ-ആഫ്രിക്ക…കെ-ടി-ജലീലിന്റെ-ഗുജറാത്ത്‌-യാത്രാവിവരണം-അഞ്ചാംഭാഗം
TRAVEL

ഇന്ത്യയിലെ ആഫ്രിക്ക…കെ ടി ജലീലിന്റെ ഗുജറാത്ത്‌ യാത്രാവിവരണം അഞ്ചാംഭാഗം

January 20, 2023
സോമനാഥന്റെ-സന്നിധിയിൽ…കെ-ടി-ജലീലിന്റെ-ഗുജറാത്ത്‌-യാത്രാവിവരണം-നാലാംഭാഗം
TRAVEL

സോമനാഥന്റെ സന്നിധിയിൽ…കെ ടി ജലീലിന്റെ ഗുജറാത്ത്‌ യാത്രാവിവരണം നാലാംഭാഗം

January 19, 2023
പോർബന്തറിലെ-വസന്തം…കെ-ടി-ജലീലിന്റെ-ഗുജറാത്ത്‌-യാത്രാവിവരണം-മൂന്നാംഭാഗം
TRAVEL

പോർബന്തറിലെ വസന്തം…കെ ടി ജലീലിന്റെ ഗുജറാത്ത്‌ യാത്രാവിവരണം മൂന്നാംഭാഗം

January 18, 2023
സബർമതിയുടെ-മുറ്റത്ത്…കെ-ടി-ജലീലിന്റെ-ഗുജറാത്ത്‌-യാത്രാപരമ്പര-ഒന്നാംഭാഗം
TRAVEL

സബർമതിയുടെ മുറ്റത്ത്…കെ ടി ജലീലിന്റെ ഗുജറാത്ത്‌ യാത്രാപരമ്പര ഒന്നാംഭാഗം

January 15, 2023
ഊട്ടിയിൽ-കനത്ത-മഞ്ഞുവീഴ്‌ച;-താപനില-പലയിടങ്ങളിലും-പൂജ്യം
TRAVEL

ഊട്ടിയിൽ കനത്ത മഞ്ഞുവീഴ്‌ച; താപനില പലയിടങ്ങളിലും പൂജ്യം

January 13, 2023
നീ-ഹിമമഴയായ്-വരൂ…;-മഞ്ഞിൽ-മനോഹരിയായി-മൂന്നാർ
TRAVEL

നീ ഹിമമഴയായ് വരൂ…; മഞ്ഞിൽ മനോഹരിയായി മൂന്നാർ

January 10, 2023
ആകാശംതൊട്ട്‌-നെല്ലിക്കാമല
TRAVEL

ആകാശംതൊട്ട്‌ നെല്ലിക്കാമല

January 9, 2023
കാതങ്ങൾ-താണ്ടി-
വർണക്കൊക്കുകൾ-എത്തി
TRAVEL

കാതങ്ങൾ താണ്ടി 
വർണക്കൊക്കുകൾ എത്തി

January 9, 2023
അഗസ്ത്യാര്‍കൂടം-ട്രക്കിംഗ്:-ഓണ്‍ലൈന്‍-ബുക്കിംഗ്-നാളെ-മുതല്‍
TRAVEL

അഗസ്ത്യാര്‍കൂടം ട്രക്കിംഗ്: ഓണ്‍ലൈന്‍ ബുക്കിംഗ് നാളെ മുതല്‍

January 4, 2023
Next Post
സൗദി-മുന്‍സിപ്പല്‍-നിക്ഷേപ-ഫോറത്തിന്-തുടക്കം;-ചെറുകിട,-വന്‍കിട-നിക്ഷേപകര്‍ക്ക്-ഒരു-പോലെ-അവസരം

സൗദി മുന്‍സിപ്പല്‍ നിക്ഷേപ ഫോറത്തിന് തുടക്കം; ചെറുകിട, വന്‍കിട നിക്ഷേപകര്‍ക്ക് ഒരു പോലെ അവസരം

ചൈനീസ്-പുതുവര്‍ഷം-ആഘോഷിച്ച്-സൗദി-അറേബ്യ;-ലക്ഷ്യം-സാംസ്‌കാരിക-ബന്ധം-വിപുലപ്പെടുത്തുക

ചൈനീസ് പുതുവര്‍ഷം ആഘോഷിച്ച് സൗദി അറേബ്യ; ലക്ഷ്യം സാംസ്‌കാരിക ബന്ധം വിപുലപ്പെടുത്തുക

‘ഇറാന്‍-ജയിലിലെ-ദുരിതത്തില്‍-നിന്നും-മോചിപ്പിക്കണം’;-ബൈഡന്-കത്തെഴുതി-ഇറാനിയന്‍-അമേരിക്കന്‍-പൗരന്‍

'ഇറാന്‍ ജയിലിലെ ദുരിതത്തില്‍ നിന്നും മോചിപ്പിക്കണം'; ബൈഡന് കത്തെഴുതി ഇറാനിയന്‍- അമേരിക്കന്‍ പൗരന്‍

പേരയ്ക്ക-മോഷ്ടിച്ചെന്നാരോപിച്ച്-12കാരനെ-മര്‍ദിച്ചു;-പ്രതി-പിടിയില്‍

പേരയ്ക്ക മോഷ്ടിച്ചെന്നാരോപിച്ച് 12കാരനെ മര്‍ദിച്ചു; പ്രതി പിടിയില്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

നിക്ഷേപകരെ പറ്റിച്ച് ‘ധനകോടി’ ചിറ്റ്സ്; തട്ടിയത് 20 കോടിയോളം

നിക്ഷേപകരെ പറ്റിച്ച് ‘ധനകോടി’ ചിറ്റ്സ്; തട്ടിയത് 20 കോടിയോളം

May 4, 2023
അബ്‌ദുൾ റഹ്മാന് കേളി യാത്രയയപ്പ് നൽകി

അബ്‌ദുൾ റഹ്മാന് കേളി യാത്രയയപ്പ് നൽകി

May 4, 2023
കല്ലുപറമ്പിൽ അലിക്ക് കേളി സ്വീകരണം നൽകി

കല്ലുപറമ്പിൽ അലിക്ക് കേളി സ്വീകരണം നൽകി

May 4, 2023
നോവൽ വൈവിദ്ധ്യങ്ങളുടെ ചില്ല ഏപ്രിൽ വായന

നോവൽ വൈവിദ്ധ്യങ്ങളുടെ ചില്ല ഏപ്രിൽ വായന

May 4, 2023
വേപ്പിങ് ഉല്‍പന്നങ്ങളുടെ അനധികൃത വില്‍പന; നിയന്ത്രിക്കാൻ നടപടികളുമായി ഓസ്ട്രേലിയ

വേപ്പിങ് ഉല്‍പന്നങ്ങളുടെ അനധികൃത വില്‍പന; നിയന്ത്രിക്കാൻ നടപടികളുമായി ഓസ്ട്രേലിയ

May 4, 2023
footer
The Kerala News

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist