കോഴിക്കോട്: ബാലുശ്ശേരി വട്ടോളി ബസാറിന് സമീപത്ത് നിന്ന് സ്‌കൂട്ടര്‍ മോഷ്ടിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വയനാട് മുട്ടില്‍ കുറ്റിപിലാക്കല്‍ റഹീസാണ് (24) പിടിയിലായത്.
കിനാലൂര്‍ കളരിയില്‍ സുബൈറിന്റെ സ്‌കൂട്ടറാണ് പ്രതി മോഷ്ടിച്ചത്. വട്ടോളി ബസാറിനും അമരാപുരിക്കും ഇടയിലുള്ള കടയുടെ മുന്നില്‍ സ്‌കൂട്ടര്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. മോഷണം പോയ വിവരം അറിഞ്ഞയുടന്‍ സുബൈര്‍ ബാലുശ്ശേരി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.
ബാലുശ്ശേരി എസ്‌ഐ അഫ്‌സല്‍, സിപിഒമാരായ ജംഷിദ്, ബൈജു എന്നിവരുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തില്‍ പ്രതിയെ പൊലീസ് പൂനൂരില്‍ വെച്ച് പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
STORY HIGHLIGHTS: Youth arrested in Kozhikode for theft case