കോഴിക്കോട്: സംസ്ഥാന സ്കൂൾ കലോത്സവത്തിലെ സ്വാഗതഗാന വിവാദത്തിൽ സർക്കാരിനെതിരെ വിമർശനവുമായി യൂത്ത് ലീഗ്. സംഭവത്തിൽ സർക്കാർ മാപ്പ് പറയണമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസ് ആവശ്യപ്പെട്ടു. സ്വാഗതഗാനത്തിലെ ദൃശ്യാവിഷ്കാരം ഇസ്ലാം എന്നാൽ ഭീകരവാദമാണെന്ന പ്രചരണത്തിന് ആക്കം കൂട്ടുന്നതായിരുന്നു. ഇതിന് രൂപം നൽകിയ സംഘപരിവാർ പ്രവർത്തകനെ സമിതി ആദരിക്കുകയും ചെയ്തു. ഇത് ഓങ്ങി നിൽക്കുന്ന മഴുവിന് മൂർച്ച കൂട്ടികൊടുക്കുന്ന പ്രവൃത്തിയാണിതെന്നും പികെ ഫിറോസ് വിമർശിച്ചു. സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി ഖേദം പ്രകടിപ്പിക്കണം. ഉത്തരവാദികൾക്കെതിരെ സർക്കാർ നടപടി സ്വീകരിക്കണമെന്നും പികെ ഫിറോസ് ആവശ്യപ്പെട്ടു.
‘കഫിയ ധരിച്ചയാളെ ഇന്ത്യൻ സൈന്യം പിടികൂടുന്നതായി ചിത്രീകരിച്ചത്, ഇസ്ലാം എന്നാൽ ഭീകരവാദമെന്ന പ്രചാരണത്തിന് ആക്കം കൂട്ടുന്നതാണ്. ദൃശ്യാവിഷ്കാരത്തിന് രൂപം നൽകിയ സംഘപരിവാർ പ്രവർത്തകനെ സംഘാടക സമിതി ആദരിക്കുകയും ചെയ്തു. സംഘപരിവാർ പ്രവർത്തകനെ ഈ പരിപാടിക്ക് തെരഞ്ഞെടുത്തത് എങ്ങനെയെന്ന് വ്യക്തമാക്കണം. ഓങ്ങി നിൽക്കുന്ന മഴുവിന് മൂർച്ച കൂട്ടിക്കൊടുക്കുന്ന പ്രവൃത്തിയാണുണ്ടായത്. ഇതിന് വിദ്യാഭ്യാസ മന്ത്രി ഖേദം പ്രകടിപ്പിക്കണം. ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കണം. സംഘപരിവാറിനെ പ്രീണിപ്പിക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത്. തെറ്റ് തിരുത്താൻ വിദ്യഭ്യാസ വകുപ്പ് തയ്യാറാകണം,’ പികെ ഫിറോസ് പറഞ്ഞു.
സാഹോദര്യവും മതമൈത്രിയും ദേശസ്നേഹവുമെല്ലാം പറയുന്ന ദൃശ്യാവിഷ്ക്കാരത്തിൽ തീവ്രവാദിയായി മുസ്ലിം വേഷധാരിയെ ചിത്രീകരിച്ചത് യാദൃച്ഛികമല്ലെന്ന് വ്യക്തമാണെന്ന് കെപിഎ മജീദ് വിമർശിച്ചിരുന്നു. ഭരണകൂടം തന്നെ വെറുപ്പിന്റെ പ്രത്യയശാസ്ത്രത്തെ അവതരിപ്പിക്കുന്ന സമകാലീന ഇന്ത്യയിൽ ഈ ചിത്രം ഇളംമനസ്സുകളിൽ സൃഷ്ടിക്കുന്ന വിസ്ഫോടനം വലുതായിരിക്കും. മൈതാനം കാണുമ്പോൾ കയ്യടിക്കുവേണ്ടി ഘോരഘോരം പ്രസംഗിക്കുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും കാഴ്ചക്കാരായി ഇരിക്കുമ്പോഴാണ് ഈ സംഗീത ശിൽപം അവതരിപ്പിക്കപ്പെട്ടതെന്നും മജീദ് കുറ്റപ്പെടുത്തിയിരുന്നു.
സംഭവത്തിൽ സർക്കാരിന് സങ്കുചിത മനോഭാവമില്ലെന്നും പരാതിയുണ്ടെങ്കിൽ പരിശോധിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കിയിരുന്നു. എല്ലാവരും ഒരേ മനസോടെ മേള വിജയിപ്പിക്കാൻ ശ്രമിക്കണം. ഫസ്റ്റ് കോളിൽ തന്നെ മത്സരാർത്ഥികൾ വേദിയിൽ ഹാജരാകണം. അല്ലാത്തവരെ അയോഗ്യരാക്കാൻ സംഘാടകർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. മത്സരങ്ങൾ വൈകാതിരിക്കാൻ സമയ കൃത്യത പാലിക്കാൻ വേണ്ടിയാണ് നടപടിയെന്നും മന്ത്രി കൂട്ടിച്ചേർത്തു.
STORY HIGHLIGHTS: youth league wants government to apologize welcome song controversy at Kerala School Kalolsavam