കൊച്ചി: കുസാറ്റ് മാതൃകയില്‍ മറ്റ് സര്‍വകലാശാലകളിലും ആര്‍ത്തവ അവധി നല്‍കണമെന്ന് ആവശ്യപ്പെട്ട് കെഎസ് യുവിന്റെ കത്ത്. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര് ബിന്ദുവിനാണ് കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ് ആന്‍ സെബാസ്റ്റിയന് കത്ത് നല്‍കിയത്. സെമസ്റ്ററില്‍ പെണ്‍കുട്ടികള്‍ക്ക് രണ്ട് ശതമാനം അധിക അവധി അനുവദിച്ച് കുസാറ്റ് ഉത്തരവ് ഇറക്കിയിരുന്നു.
അതേസമയം കുസാറ്റിലെ ആര്‍ത്തവ അവധി തങ്ങളുടെ നേട്ടമാണെന്ന് കെ എസ് യു നേതാക്കള്‍ അവകാശവാദമുന്നയിച്ചു. കുസാറ്റിലെ തിരഞ്ഞെടുപ്പിനെ നേരിടാന്‍ മുന്നോട്ട് വെച്ച കെ എസ് യു മാനിഫെസ്റ്റോയില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് ആര്‍ത്തവ അവധി ആയിരുന്നു എന്ന് ചൂണ്ടികാട്ടി കുസാറ്റ് യൂണിവേഴ്സിറ്റി യൂണിയന് പ്രതിനിധി കൂടിയായ കെ എസ് യു നേതാവ് ആന്‍ സെബാസ്റ്റ്യന്‍ രംഗത്തെത്തി. മാനിഫെസ്റ്റോയില്‍ പറഞ്ഞ ആര്‍ത്തവ അവധി നടപ്പിലാക്കി എടുക്കാനായി കെ എസ് യു ചെയ്ത കാര്യങ്ങളുടെ തെളിവുകളടക്കം ഫേസ്ബുക്കിലൂടെ പുറത്തുവിട്ടുകൊണ്ടാണ് ആന്‍ സെബാസ്റ്റ്യന്‍ രംഗത്തെത്തിയത്.
സര്‍വകലാശാലകളില്‍ സാധാരണ പരീക്ഷയെഴുതണമെങ്കില്‍ വിദ്യാര്‍ത്ഥികള്‍ക്ക് 75 ശതമാനം ഹാജര്‍ വേണം. എന്നാല്‍ കുസാറ്റിലെ പെണ്‍കുട്ടികളാണെങ്കില്‍ അവര്‍ക്ക് 73 ശതമാനം ഹാജര്‍ മതിയെന്നാണ് നിര്‍ണായക തീരുമാനം. എസ്എഫ്ഐ നേതൃത്വം നല്കുന്ന വിദ്യാര്‍ത്ഥി യൂണിയന്റെ ഇടപെടലിലാണ് പെണ്‍കുട്ടികള്‍ക്ക് രണ്ട് ശതമാനം അധിക അവധി നല്കാന് സര്‍വകലാശാല അനുമതിയായത് എന്നാണ് ലഭിക്കുന്ന വിവരം. കൊച്ചിയിലെ കുസാറ്റ് ക്യാംപസിലും സര്‍വകലാശാല നേരിട്ട് നിയന്ത്രിക്കുന്ന മറ്റ് ക്യാമ്പസുകളിലും അവധി വിദ്യാര്‍ത്ഥിനികള്‍ക്ക് കിട്ടും. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ ഈ സെമസ്റ്റര്‍ മുതലാണ് ആര്‍ത്തവ അവധി നടപ്പിലാക്കുന്നത്.
Story Highlights: Following the Cusat model, other universities also require menstrual leave; KSU