കോട്ടയം: കെആര്‍ നാരായണന് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്സ് ഡയറക്ടര്‍ നടത്തുന്ന ജാതി വിവേചനത്തിനും വിദ്യാര്‍ത്ഥി പ്രവേശനത്തിലെ സംവരണം അട്ടിമറിക്കുന്നതിനുമെതിരെ 27ന് സ്ഥാപനത്തിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തുമെന്ന് പികെഎസ്. രാവിലെ 10നാണ് മാര്‍ച്ചും ധര്‍ണ്ണയും നടക്കുക.
പികെഎസ് സംസ്ഥാന സെക്രട്ടറി അഡ്വ കെ സോമപ്രസാദ് മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്യും. പികെഎസ് ജില്ലാ-സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും. ഡയറക്ടറെ മാറ്റണമെന്നാണ് പികെഎസിന്റെ ആവശ്യം.
കെആര്‍ നാരായണന് ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രശ്നം രണ്ടാഴ്ചയ്ക്കുള്ളില്‍ പരിഹരിക്കുമെന്ന് മന്ത്രി ആര് ബിന്ദു പറഞ്ഞിരുന്നു. ഉന്നതതല സമിതി വിഷയം പരിശോധിക്കുകയാണ്. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് ഉന്നത സമിതിയെ രൂപീകരിച്ചതെന്നും മന്ത്രി അറിയിച്ചു.
മുന്‍ ചീഫ് സെക്രട്ടറി കെ ജയകുമാറും, എന്‍ കെ ജയകുമാറും ഉള്‍പ്പെടുന്ന ഉന്നതതല കമ്മീഷന് റിപ്പോര്‍ട്ട് തയ്യാറാക്കും. രണ്ട് ആഴ്ച്ചക്കുള്ളില് റിപ്പോര്‍ട്ട് ലഭിക്കും. വിശ്വോത്തര ചലച്ചിത്രകാരന് അടൂരാണ് സ്ഥാപന ചെയര്മാന്. അതുകൊണ്ട് അദ്ദേഹത്തിന്റെ അഭിപ്രായം കൂടി പരിഗണിച്ചാണ് ആദ്യ കമീഷനെ വെച്ചത്. എന്നാല്‍ ഈ കമ്മീഷന് മുന്നില്‍ ഡയറക്ടര്‍ ശങ്കര്‍ മോഹന്‍ തെളിവെടുപ്പിന് ഹാജരായില്ല. അതിനാല്‍ പൂര്‍ണമായ റിപ്പോര്‍ട്ട് ലഭിച്ചില്ല. തുടര്‍ന്ന് മുഖ്യമന്ത്രി ഇടപെട്ട് പുതിയ കമ്മീഷനെ നിയോഗിക്കുകയായിരുന്നുവെന്നും ആര് ബിന്ദു പറഞ്ഞു.
Story Highlights: PKS AGAINST KR NARAYANAN FILM INSTITUTE DIRECTOR