ന്യൂഡല്‍ഹി: ബിആര്‍എസിന്റെ നേതൃത്വത്തില്‍ മൂന്നാം മുന്നണി നീക്കങ്ങള്‍ സജീവം. ഇതിന്റെ ഭാഗമായി ബിആര്‍എസ് തെലങ്കാനയിലെ ഖമ്മത്ത് നടത്തുന്ന റാലിയില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും. ബുധനാഴ്ച നടക്കുന്ന റാലിയില്‍ പിണറായി വിജയനെ കൂടാതെ മൂന്ന് മുഖ്യമന്ത്രിമാരും പ്രതിപക്ഷ നിരയിലെ ചില നേതാക്കളും പങ്കെടുക്കും. റാലിയിലേക്ക് കോണ്‍ഗ്രസിന് ക്ഷണമില്ല.
ദേശീയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായി കെ ചന്ദ്രശേഖര്‍ റാവു തെലങ്കാന രാഷ്ട്രസമിതിയെ ഭാരത് രാഷ്ട്ര സമിതിയാക്കി മാറ്റിയിരുന്നു. ഇതിന് ശേഷമുള്ള ആദ്യ ബഹുജന പരിപാടിയാണ് ഖമ്മത്ത് നടക്കുന്നത്. ബിജെപിക്കും കോണ്‍ഗ്രസിനും ബദലായി മൂന്നാം മുന്നണി രൂപീകരിക്കുവാനുള്ള തീവ്രശ്രമത്തിലാണ് ബിആര്‍എസ്.
പിണറായിയെ കൂടാതെ മുഖ്യമന്ത്രിമാരായ അരവിന്ദ് കെജ്‌രിവാള്‍, ഭഗവന്ത് മന്‍ എന്നിവരും പങ്കെടുക്കും. എസ്പി അദ്ധ്യക്ഷന്‍ അഖിലേഷ് യാദവ്, കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി എന്നിവരും റാലിയെ അഭിസംബോധന ചെയ്യും. ഫെഡറലിസത്തിനും കര്‍ഷകര്‍ക്കും എതിരെ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്ന സമീപനങ്ങളെ എതിര്‍ക്കാനുള്ള കൂട്ടായ്മ എന്നാണ് റാലിയെ ബിആര്‍എസ് വിശേഷിപ്പിക്കുന്നത്.
ഭാരത് ജോഡോ യാത്രയിലേക്ക് ബിആര്‍എസിനെയും ആപ്പിനെയും കോണ്‍ഗ്രസ് ക്ഷണിച്ചിരുന്നില്ല. സിപിഐമ്മിനെ ക്ഷണിച്ചിട്ടുണ്ട്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുമ്പ് ദേശീയ തലത്തില്‍ കോണ്‍ഗ്രസിനെ ഉള്‍പ്പെടുത്തി സഖ്യം വേണ്ടെന്നാണ് സിപിഐഎം തീരുമാനം.
Story Highlights: All eyes as of now are on the inaugural public meeting of the BRS to be held in Khammam on January 18