തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ ആരോപണ വിധേയനായ ആയൂര്‍വേദ റിസോര്‍ട്ട് വിവാദത്തില്‍ എന്ത് അന്വേഷണം വേണമെന്ന് യുഡിഎഫ് യോഗം ചേര്‍ന്ന് തീരുമാനിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വന്‍ അഴിമതിയാണ് ഉണ്ടായത്, രണ്ട് ദിവസം പൊതു അവധി ആയതിനാലാണ് പ്രതികരിക്കാന്‍ വൈകിയതെന്നും വി ഡി സതീശന്‍ പറഞ്ഞു.
‘ഗുരുതരമായ അഴിമതിയാണ് നടന്നത്. ഏത് തരത്തിലുള്ള അന്വേഷണം വേണമെന്ന് പ്രഖ്യാപിക്കാന്‍ യുഡിഎഫ് 30ാം തിയ്യതി യോഗം വിളിച്ചിട്ടുണ്ട്. കൂടിയാലോചിച്ച് അഭിപ്രായം പറയും. 24 ാം തിയ്യതിയാണ് ഈ വിഷയം വന്നത്. തൊട്ടടുത്ത ദിവസം ക്രിസ്തുമസ് ആയിരുന്നു. ക്രിസ്തുമസ് ആയിട്ട് ഇതുപോലൊരു മോശം കാര്യം പറയേണ്ട എന്ന് കരുതിയാണ് മിണ്ടാതിരുന്നത്.’ വി ഡി സതീശന്‍ പറഞ്ഞു.
ആരോപണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട കെ മുരളീധരനെ പ്രതിപക്ഷ നേതാവ് തള്ളി. ‘അവര്‍ക്കത് പറയാം. കെ മുരളീധരനല്ല യുഡിഎഫിന്റെ നിലപാട് പറയേണ്ടത്. കൂടിയാലോചന നടത്തിയ യുഡിഎഫ് ചെയര്‍മാനായ ഞാന്‍ ഏത് അന്വേഷണമാണ് വേണ്ടതെന്ന് അറിയിക്കും.’ എന്നായിരുന്നു വി ഡി സതീശന്‍ പറഞ്ഞത്.
ഇ പി ജയരാജന്‍ വിഷയം 2019 മുതല്‍ സിപിഐഎം എന്തിന് ഒളിപ്പിച്ചുവെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. എം വി ഗോവിന്ദന്‍ എന്തുകൊണ്ടാണ് വിഷയത്തില്‍ ഇടപെടാതെ നിന്നത്?, എന്തുകൊണ്ട് പാര്‍ട്ടി നടപടിയെടുക്കുന്നില്ല?, ഇത് പാര്‍ട്ടിയുടെ ആഭ്യന്തര കാര്യം മാത്രമല്ല, അഴിമതിയാണ്, മുഴുവന്‍ കാര്യങ്ങളും പുറത്ത് വരണമെന്നും വി ഡി സതീശന്‍ പറഞ്ഞു.
വി ഡി സതീശന്റെ പ്രതികരണത്തിന്റെ പൂര്‍ണരൂപം-
ഇ പി ജയരാജനെതിരായ പരാതി 2019ല്‍ തന്നെ മുഖ്യമന്ത്രിക്ക് ലഭിച്ചതാണ്. ജയരാജന്‍ വ്യവസായ മന്ത്രിയായിരിക്കെ സിപിഐഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയും വിഷയം ചര്‍ച്ച ചെയ്തു. എന്നിട്ടും മുഖ്യമന്ത്രിയും പാര്‍ട്ടിയും ഇത്രയും കാലം പരാതി എന്തിനാണ് ഒളിപ്പിച്ചു വച്ചത്. ലീഗ് നേതാവ് കെഎം ഷാജിയുടെ വീട് അളക്കാന്‍ മൂന്ന് തവണ പോയ വിജിലന്‍സ്, റിസോര്‍ട്ടിന്റെ മറവില്‍ നടന്ന കള്ളപ്പണം വെളുപ്പിക്കലും അനധികൃത സ്വത്ത് സമ്പാദനവും അറിയാതെ പോയത് എന്തുകൊണ്ടാണ്? തന്റെ മന്ത്രിസഭയിലെ അംഗത്തിനെതിരെ അനധികൃത സ്വത്ത് സമ്പാദനവും കള്ളപ്പണം വെളിപ്പിക്കലും സംബന്ധിച്ച് ആരോപണം ഉയര്‍ന്നിട്ടും അന്വേഷണത്തിന് മുഖ്യമന്ത്രി തയാറാകാത്തതും എന്തുകൊണ്ടാണ്? പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദനും ജയരാജനെതിരായ ആരോപണങ്ങളെ കുറിച്ച് നന്നായി അറിയാം. ഇപ്പോള്‍ അഴിമതിക്കെതിരെ തെറ്റു തിരുത്താന്‍ ഇറങ്ങിയിരിക്കുന്ന ഗോവിന്ദന്‍ അന്ന് തെറ്റു തിരുത്തല്‍ നടപടി സ്വീകരിക്കാതിരുന്നത് എന്തുകൊണ്ടാണ്?
ലഹരി വിരുദ്ധ പരിപാടിയില്‍ പങ്കെടുത്ത ശേഷം മദ്യപിക്കാന്‍ പോയ എസ്എഫ്‌ഐക്കാര്‍ക്കും ഡിവൈഎഫ്‌ഐക്കാര്‍ക്കുമെതിരെ നടപടിയെടുത്ത സിപിഐഎം ഭരണത്തിന്റെ മറവില്‍ അഴിഞ്ഞാടിയ നേതാക്കള്‍ക്കെതിരെ നടപടിയെടുക്കാത്തത് എന്തുകൊണ്ടാണ്? തെറ്റ് തിരുത്തുമെന്ന് സ്ഥിരമായി പറയുന്നതല്ലാതെ നേതാക്കള്‍ ചെയ്യുന്ന ഗുരുതരമായ തെറ്റ് തിരുത്താന്‍ സിപിഐഎം തയാറാകുന്നില്ല. റിസോര്‍ട്ട് മാഫിയ, അനധികൃത സ്വത്ത് സമ്പാദനം, കൊട്ടേഷന്‍, സ്വര്‍ണക്കടത്ത്, സ്വര്‍ണം പൊട്ടിക്കല്‍, മയക്ക് മരുന്ന് ലോബികള്‍, ഗുണ്ടകള്‍ എന്നിവരുമായുള്ള ബന്ധം സിപിഐഎം നേതാക്കള്‍ക്കെതിരെ ഉയര്‍ന്നിട്ടുണ്ട്. പ്രധാന നേതാക്കളെല്ലാം ഗുരുതര ആരോപണങ്ങളുമായി പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത്, സിപിഐഎമ്മിന് മാഫിയാ ബന്ധമുണ്ടെന്ന പ്രതിപക്ഷ ആരോപണം ശെരിവയ്ക്കുന്നതാണ്. പാര്‍ട്ടിയിലെ ആഭ്യന്തരകാര്യമായി ഒതുക്കാതെ ജയരാജനെതിരായ അഴിമതി ആരോപണത്തെ കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ തയാറാകണം.
പി ജയരാജന്‍ സംസ്ഥാന കമ്മിറ്റിയില്‍ ആരോപണം ഉന്നയിക്കുന്നതിന് മുന്‍പ് റിസോര്‍ട്ട് കമ്പനിയുടെ എംഡി സ്ഥാനത്ത് നിന്ന് പുറത്തായ രമേശ് കുമാര്‍ ഏതൊക്കെ സിപിഐഎം നേതാക്കളെ കണ്ടിട്ടുണ്ടെന്നതും അന്വേഷിക്കണം. ഇരുമ്പ് മറയ്ക്ക് പിന്നില്‍ ഒളിപ്പിച്ചിരുന്ന കാര്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ജയരാജന് എതിരായ ഗുരുതരമായ അഴിമതി ആരോപണത്തില്‍ അന്വേഷണം വേണമെന്നതു തന്നെയാണ് പ്രതിപക്ഷ നിലപാട്. ഇക്കാര്യത്തില്‍ ഏത് തരത്തിലുള്ള അന്വേഷണം വേണമെന്ന് ഈ മാസം 30ന് നടക്കുന്ന യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കും.
ജയരാജനെതിരെ ഇഡി അന്വേഷിക്കേണ്ടി വരുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ ഇന്നലെ പറഞ്ഞത് സിപിഐഎമ്മുമായി സന്ധി ചെയ്യുന്നതിന് വേണ്ടിയാണ്. കൊടകര കുഴല്‍പ്പണ കേസും സ്വര്‍ണക്കടത്ത് കേസും ബിജെപി സിപിഐഎം നേതൃത്വം സന്ധി ചെയ്തത് പോലും ഇതും ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമമാണ്.
Story Highlights: allegations against EP jayarajan is very serious said vd satheesan