കൊച്ചി: ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ സ്വത്ത് വിവരങ്ങള്‍ പുറത്ത്. 1737.04 കോടി രൂപയും 271.05 ഏക്കര്‍ ഭൂമിയുമാണ് ഗുരുവായൂരപ്പന്റെ ആസ്തി. ദേവസ്വത്തിന്റെ ആസ്തി ചോദിച്ച് എറണാകുളത്തെ പ്രോപ്പര്‍ ചാനല്‍ സംഘടനയുടെ പ്രസിഡന്റ് എംകെ ഹരിദാസ് നല്‍കിയ വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയിലാണ് സ്വത്ത് വിവരം വിശദീകരിച്ചത്.
ബാങ്ക് നിക്ഷേപവും കൈവശ ഭൂമിയും വെളിപ്പെടുത്തിയെങ്കിലുംസ്വര്‍ണം, വെള്ളി, രത്‌നം, എന്നിവയുടെ മൂല്യം എത്രയാണെന്ന് സുരക്ഷാകാരണത്താല്‍ വെളിപ്പെടുത്താനാകില്ലെന്ന് ഗുരുവായൂര്‍ ദേവസ്വം കോടതിയെ അറിയിച്ചു. എന്നാല്‍ ഇവയുടെ വിവരം നിഷേധിച്ചതിനെതിരെ പരാതിക്കാരന്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്.
2018ലും 2019ലും സംസ്ഥാനത്ത് പ്രളയമുണ്ടായ സാഹചര്യത്തില്‍ ഗുരുവായൂര്‍ ദേവസ്വം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 10 കോടി രൂപ നല്‍കിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഈ തുക തിരികെ നല്‍കണമെന്ന് ഹൈക്കോടതിയുടെ ഉത്തരവ് ഉണ്ടായിരുന്നു. അതേ സമയം ഈ ഉത്തരവ് ഇതുവരെ നടപ്പാക്കിയിട്ടില്ലെന്നും ദേവസ്വം ബോര്‍ഡ് കോടതിയെ അറിയിച്ചു. ഭക്തരില്‍ നിന്നും ക്ഷേത്രത്തിന് ലഭിക്കുന്ന പണം, അവരുടെ തന്നെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമെ ഉപയോഗിക്കാന്‍ പാടുളളു എന്ന നിഗമനത്തിലായിരുന്നു കോടതിയുടെ ഉത്തരവ്.
STORY HIGHLIGHTS: Property details of Guruvayur Devaswom Board