സംവിധാന മികവ് കൊണ്ടും അഭിനയം കൊണ്ടും കാണികളുടെ ശ്രദ്ധ നേടിയ യുവ നടനും സംവിധായകനുമാണ് ബേസിൽ ജോസഫ്. സൂപ്പർ ഹിറ്റുകളുടെയും അംഗീകരങ്ങളുടെയും വർഷമായിരുന്നു ബേസിൽ ജോസഫിന് 2022. മികച്ച കഥാപാത്രങ്ങളിലൂടെ കുടുംബപ്രേക്ഷകരുടെയും യുവാക്കളുടെയും ഇഷ്ടം നേടിയ ബേസിൽ ജോസഫ് ഏറ്റവും അടുത്തായി നേടിയ ഏഷ്യൻ ക്രിയേറ്റിവ് അക്കാദമി പുരസ്കാരത്തിലൂടെ ഇന്ത്യയുടെ അഭിമാനമായി മാറിയിരിക്കുകയാണ്.
ഒരു അഡ്വഞ്ചർ, സൂപ്പർ ഹീറോ സിനിമ, കയ്യടക്കത്തോടെ, മിടുക്കോടെ അവതരിപ്പിച്ച് ബേസിൽ ‘മിന്നൽ മുരളി’യിലൂടെ ഒരു സൂപ്പർ ഹീറോ ഡയറക്ടറായി മാറി. ഹോളിവുഡ് സിനിമകളിലൂടെ കണ്ട് അസ്വദിച്ച നിരവധി സൂപ്പർ ഹീറോ സിനിമകൾ പോലെയൊന്ന് മലയാളത്തിലെത്തുമ്പോൾ ഉണ്ടാകാവുന്ന ആശങ്കകൾ സഹചമാണ്. എന്നാൽ ആ ആശങ്കകളെയൊക്കെ മാറ്റി നിർത്തി ഒരു തദ്ദേശീയനായ സൂപ്പർ ഹീറോയെ ഭംഗിയോടെ ബേസിൽ സൃഷ്ടിച്ചു.
‘കുഞ്ഞിരാമയണ’വും ‘ഗോദ’യും മുതൽ ലഭിച്ച ഒരു പ്രത്യേക ഫാൻ ബേസ് ബേസിലിനുണ്ട്. മിന്നൽ മുരളി ഇറങ്ങിയതിന് ശേഷം ആ ഫാൻ ബേസ് ഇരട്ടിച്ചു. അതേസമയം കുടുംബ പ്രേക്ഷകരെ അടക്കം കയ്യിലെടുക്കുന്ന തരത്തിലുള്ള പെർഫോമറായും അദ്ദേഹം മാറി. പുതുതായി ഇറങ്ങിയ ‘ജയ ജയ ജയ ജയ ഹെ’ എന്ന സിനിമ അതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ്.’
ലോവർ മിഡിൽ ക്ലാസ് മലയാളികളുടെ പ്രശ്നങ്ങളും ആകുലതകളും തുറന്ന് കാണിച്ച, ‘ഇത് എന്റെയും കഥയാണ്’ എന്ന് തോന്നിപ്പിക്കുന്ന കഥാപാത്രങ്ങളെ ഒരുകാലത്ത് സമ്മാനിച്ച നടന്മാരാണ് ജഗദീഷ്, മുകേഷ്, സിദ്ദിഖ്, ശ്രീനിവാസൻ തുടങ്ങിയവരൊക്കെ. ജഗദീഷിന്റെ ‘വെൽകം ടു കൊടൈക്കനാ’ലും മുകേഷിന്റെ ‘റാംജി റാവു സ്പീക്കിങ്’ സീരീസ് പോലെയുള്ള സിനിമകളും സംസാരിച്ചത് മിഡിൽ ക്ലാസ് മലയാളിയുടെ പ്രതീകമായാണ്. അത്തരം കഥാപാത്രങ്ങളെ ഇന്ന് ബേസിലിലൂടെ കാണാൻ സാധിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. 90കളിലെ യുവാക്കൾ സ്വന്തം ജീവിതത്തിൽ നേരിടുന്ന പ്രശ്നങ്ങൾ എടുത്തു പറഞ്ഞ കഥാപാത്രങ്ങൾ ബേസിൽ ജോസഫ് ചെയ്തിട്ടുണ്ട്. ‘ജാൻ-എ-മന്നി’ലെ ജോയ്മോൻ അത്തരം യുവാക്കളുടെ ഒരു റപ്രസെന്റേഷന്‍ ആണ്.
2022-ൽ സിനിമകളൊന്നും സംവിധാനം ചെയ്യാതിരുന്ന ബേസിൽ ഈ വർഷത്തെ ശ്രദ്ധാ കേന്ദ്രമായത് അദ്ദേഹം ചെയ്ത കഥാപാത്രങ്ങളിലൂടെയാണ്. ‘ഡിയർ ഫ്രണ്ട്’, ‘ന്നാ താൻ കേസ് കോട്’, ‘പാൽതു ജാൻവർ’, ‘ജയ ജയ ജയ ജയ ഹേ’ എന്നീ സിനിമകളാണ് ബേസിൽ ഈ വർഷം അഭിനയിച്ചത്. ഡിയർ ഫ്രണ്ടിലെ സജിത് എന്ന ക്യാരക്ടർ, യഥാർത്ഥ ജീവിതത്തിൽ എല്ലാ സുഹൃത്ത് വലയങ്ങളിലും കാണാനാകുന്നയാളാണ്. വീട്ടിലെ പ്രാരാബ്ദത്തിൽ നിന്ന് കര കയറാൻ, ബാംഗ്ലൂരിൽ ബിസിനസ് നടത്തി രക്ഷപ്പെടാൻ ആഗ്രഹിക്കുന്ന ഒരു ചെറുപ്പക്കാരനായാണ് ബേസിൽ ചിത്രത്തിൽ എത്തുന്നത്.
രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്ത് തിയേറ്ററുകൾ കീഴടക്കിയ ചിത്രമാണ് ‘ന്നാ താൻ കേസ് കൊട്’. ഗസ്റ്റ് റോളിൽ എത്തിയ നടൻ സീരിയസ് ആയ, നീതി നടപ്പാക്കുന്നതിൽ വിട്ടുവീഴ്ച്ച കാണിക്കാത്ത, ചുറുചുറുക്കുള്ള മജിസ്ട്രേറ്റായി എത്തി. ഇന്നത്തെ കാലത്ത് ഭൂരിഭാഗം മലയാളി ചെറുപ്പക്കാരും കടന്ന് പോകുന്ന സാഹചര്യങ്ങളെ വരച്ചു കാട്ടിയ ബേസിലിന്റെ മറ്റൊരു കഥാപാത്രമായിരുന്ന ‘പാൽതു ജാൻവർ’. ഗ്രഫിക് ഡിസൈനർ ആകണം എന്ന പാഷൻ മനസിൽ സൂക്ഷിച്ചുകൊണ്ട് പിതാവിന്റെ ജോലി ഏറ്റെടുത്തു നടത്തേണ്ടി വരുന്ന, വെറ്റിനറി ഇൻസ്പെക്ടറായ പ്രസൂൺ 90സ് കിട്സിന്റെ പ്രതിനിധിയാണ്.
‘ജയ ജയ ജയ ജയ ഹേ’യിലെ രാജേഷ് എന്ന കഥാപാത്രം പ്രേക്ഷകന് ഉണ്ടാക്കിയ അസ്വസ്ഥത ബേസിലിന്റെ പെർഫോമൻസിനിള്ള അംഗീകാരം കൂടിയായിരുന്നു. കാലം മാറി, പുരുഷമേധാവിത്വം എന്നത് പേര് മാത്രമായി ചുരുങ്ങി എന്ന് പറയുമ്പോൾ പോലും പലർക്കുമുള്ള ഒരു മുന്നറിയിപ്പായിരുന്നു ജയ ഹേ. തമാശയിലൂടെ കുടുംബ പ്രേക്ഷകരെ രസിപ്പിക്കുന്നുണ്ടെങ്കിലും ഒന്നിരിത്തി ചിന്തിക്കാനുള്ളത് സിനിമ പറയുന്നുണ്ട്. ജയ ഹേയിലെ രജേഷ് സമൂഹത്തിൽ ഇപ്പോഴും പുരുഷമേധാവിത്വ ചിന്താഗതിയുള്ള ഒരുപാട് പേരുടെ പ്രതീകമായാണ് അവതരിച്ചത്. 30 കാരായ ചെറിപ്പക്കാർക്ക് സുഹൃത്തായും അമ്മമാർക്ക് മകനായും സഹോദരിമാർക്ക് സഹോദരനായും ജേഷ്ഠന്മാർക്ക് അനുജനായും തോന്നിപ്പിക്കുന്ന സന്ദർഭങ്ങൾ അദ്ദേഹം നിരവധി സിനിമകളിലൂടെ സമ്മാനിച്ചു. അത്തരം കഥാപാത്രങ്ങൾക്ക് പൂർണത നൽകാൻ ബേസിലിലെ സംവിധായകന്റെ നിരീക്ഷണ ബുദ്ധി സഹായിച്ചിട്ടുണ്ട്. ബേസിൽ ജോസഫിന്റെ നടനം അടയാളപ്പെടുത്തിയ വർഷമാണ് 2022. അപ്പോഴും മിന്നൽ മുരളി നേടുന്ന അംഗീകരങ്ങളിലൂടെ ഇന്ത്യൻ സിനിമയ്ക്ക് അഭിമാനിക്കാവുന്ന സംവിധായകൻ കൂടിയാണ് അദ്ദേഹം.
STORY HIGHLIGHTS: Director, Actor Basil Joseph’s 2022