ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ സാധാരണക്കാര്‍ക്ക് നേരെയുള്ള ഭീകരരുടെ അതിക്രമം വര്‍ധിച്ചതിനെ തുടര്‍ന്ന് കൂടുതല്‍ സുരക്ഷാ നടപടിക്കൊരുങ്ങി കേന്ദ്രം. സാധാരണക്കാരെ ഭീകരര്‍ വധിക്കുന്നതിന്റെ എണ്ണം വര്‍ധിച്ച് വരുന്നതിനെ തുടര്‍ന്ന് കൂടുതല്‍ സേനയെ വിന്യസിക്കാന്‍ നിര്‍ദേശിച്ചിരിക്കുകയാണ് കേന്ദ്രം. 1,800 സൈനികരെ പൂഞ്ച്, രജൗറി ജില്ലകളിലായി വിന്യസിക്കും.
18 കമ്പനി സിആര്‍പിഎഫ് ജവാന്മാരെയാണ് കൂടുതലായി ജമ്മു കശ്മീരിലേക്കയക്കുന്നത്. ജമ്മു കാശ്മീരിലെ മറ്റ് സ്ഥലങ്ങളില്‍ നിന്നുള്ള എട്ട് കമ്പനി സൈനികര്‍ ഉടനിവിടെ എ്ത്തുമെന്നാണ് ലഭിക്കുന്ന വിവരം. 10 കമ്പനിയെ ഡല്‍ഹിയില്‍ നിന്നും അയയ്ക്കും. ജമ്മു കശ്മീരില്‍ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സുരക്ഷ വര്‍ധിപ്പിക്കാനും കൂടുതല്‍ സൈന്യത്തെ വിന്യസിക്കാനുമുള്ള നടപടിയിലേക്ക് കേന്ദ്രമെത്തുന്നത്.
ഞായറാഴ്ച വൈകിട്ടും തിങ്കളാഴ്ച രാവിലെയുമായി രജൗറിയിലെ ദാഗ്രി ഗ്രാമത്തിലുണ്ടായ ആക്രമണങ്ങളില്‍ രണ്ട് കുട്ടികളുള്‍പ്പെടെ 6 പേര് കൊല്ലപ്പെടുകയും നിരവധിപ്പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. കൂടാതെ പല സ്ഥലത്ത് നിന്നും സ്ഫോടക വസ്തുക്കള്‍ കണ്ടെത്തുകയും ചെയ്തിരുന്നു. രണ്ട് ആക്രമണങ്ങളിലായി 12 പേര്‍ക്കാണ് പരുക്കേറ്റത്. ഞായറാഴ്ച വൈകിട്ട് അടുത്തടുത്തുള്ള വീടുകളിലേക്കു ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. രണ്ടാഴ്ച മുന്‍പ് സൈനിക ക്യാംപിനു സമീപത്തുണ്ടായ ആക്രമണത്തിലും രണ്ടു പേര് കൊല്ലപ്പെട്ടിരുന്നു.
കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 10 ലക്ഷം രൂപയും കുടുംബത്തിലെ ഒരാള്‍ക്കു സര്‍ക്കാര്‍ ജോലിയും ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ പ്രഖ്യാപിച്ചിരുന്നു. സംഭവത്തെക്കുറിച്ച് എന്‍ഐഎയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Story Highlights: More security measures following the increase in terrorist attacks on civilians in Jammu and Kashmir