ന്യൂഡല്‍ഹി: ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ സ്വതന്ത്ര കൗണ്‍സിലര്‍ ഗജേന്ദ്രലാല്‍ ബിജെപിയില്‍ ചേര്‍ന്നു. അടുത്ത മാസം നടക്കാനിരിക്കുന്ന ഡല്‍ഹി മേയര്‍ കൗണ്‍സിലിന് മുന്നോടിയായിട്ടാണ് ഗജേന്ദ്രലാല്‍ ബിജെപിയില്‍ ചേര്‍ന്നത്. ഡല്‍ഹി മേയര്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ മുന്‍നിര്‍ത്തിയാണ് ബിജെപി മത്സരിക്കുന്നതെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തേ ഉയര്‍ന്നിരുന്നു. ഇതിനെ വിമര്‍ശിച്ച് രാജ്യസഭാ എംപിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ രാഘവ് ഛദ്ദയും രംഗത്തെത്തിയിരുന്നു.
എംസിഡി ഫലത്തിന് ശേഷം മേയര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ലെന്നും പറഞ്ഞ ബിജെപിയുടെ ഭാഗത്ത് നിന്നുമാണ് ഇപ്പോള്‍ ഇത്തരത്തിലുള്ള നടപടി ഉണ്ടാകുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 104 സീറ്റുകള്‍ നേടിയ ബിജെപിയെ സ്വന്തം പാര്‍ട്ടിയില്‍ നിന്നുള്ള അംഗത്തെ സ്ഥാനാര്‍ത്ഥിയായി നിര്‍ത്താന്‍ വെല്ലുവിളിക്കുകയും ചെയ്തിരുന്നു. ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ (എംസിഡി) മേയര്‍, ഡെപ്യൂട്ടി മേയര്‍ സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ജനുവരി ആറിന് നടക്കും. മുനിസിപ്പല്‍ സെക്രട്ടറിയുടെ ഓഫീസില്‍ പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ചു മണിവരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാമെന്ന് എംസിഡി പ്രസ്താവന പുറത്തിറക്കി.
ജനുവരി ആറിന് ചേരുന്ന സഭയുടെ ആദ്യ യോഗത്തില്‍ തന്നെ ആറ് സ്റ്റാന്‍ഡിങ് കമ്മിറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പും നടക്കും. ഡിസംബര്‍ നാലിന് നടന്ന ഉന്നതതല തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം തെരഞ്ഞെടുക്കപ്പെട്ട 250 കൗണ്‍സിലര്‍മാര്‍ അടങ്ങുന്ന ആദ്യ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ യോഗമാണിത്. ഡിസംബര്‍ ഏഴിന് ഫലം പ്രഖ്യാപിച്ച തദ്ദേശ തെരഞ്ഞെടുപ്പിന് ഏകദേശം ഒരു മാസത്തിന് ശേഷമാണ് ഉന്നത സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്. എംസിഡി തെരഞ്ഞെടുപ്പില്‍ 134 സീറ്റുകള്‍ നേടി വിജയിച്ച ആം ആദ്മി പാര്‍ട്ടി ഷെല്ലി ഒബ്റോയിയെയാണ് മേയര്‍ സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശം ചെയ്തത്.
Story Highlights: Independent Councilor of Delhi Municipal Corporation Gajendralal joined BJP