തണുപ്പുകാലം വീണ്ടും എത്തിക്കഴിഞ്ഞു. പ്രായമുള്ളവരിൽ മാത്രമല്ല, കുട്ടികളിൽ പോലും കാര്യമായ ശാരീരിക അസ്വാസ്ഥ്യങ്ങൾ ഉടലെടുക്കുന്ന സമയമാണ് ഇത്. അൽപ്പം ശ്രദ്ധിച്ചാൽ തണുപ്പുജന്യ രോഗങ്ങൾ ഒരു പരിധിവരെ നിയന്ത്രിക്കാനാകും. കഫം കോപിക്കുന്നതു നിമിത്തം കഫജന്യ രോഗങ്ങളാണ് ധാരാളമായി ഉണ്ടാകുന്നത്. ആസ്ത്മ രോഗികൾക്ക് ഈ സമയത്ത് അസുഖം കൂടും. കുട്ടികളിൽ ശ്വാസംമുട്ടൽ, ചുമ, ജലദോഷം, പനി ഇവ അധികമായി ഉണ്ടാകും. വാത, കഫ പ്രധാനമായ വാതരക്തം, വിപാദികയെന്ന ത്വക് രോഗം എന്നിവയും ഉണ്ടാകാറുണ്ട്.
തണുപ്പുകാലം ശിശിരകാലമാണെങ്കിലും ഹേമന്തകാലവും തണുപ്പുള്ളതാണ്. എന്നാൽ, ഏറ്റവും കൂടുതൽ തണുപ്പും ഹിമപാതവും അനുഭവപ്പെടുന്നത് ശിശിരകാലത്താണ്. ഇക്കാലത്ത് ശരീരത്തിന് രൂക്ഷത (dryness) കൂടുതലാണ്. മലയാളമാസം വൃശ്ചികം 15 മുതൽ മകരം 15 വരെയാണ് ഇക്കാലം. കാലാവസ്ഥയുടെ വ്യതിയാനമനുസരിച്ച് അൽപ്പസ്വൽപ്പം മാറ്റംവരാം. ബലം കുറഞ്ഞുവരുന്നതും രൂക്ഷത അധികമായി ഉണ്ടാകുന്ന സമയവും ആയതിനാൽ ബലം പ്രദാനംചെയ്യുന്നതും രൂക്ഷത മാറ്റുന്നതുമായ തൈലങ്ങൾ ഉപയോഗിച്ച് മസാജ് ചെയ്യുന്നത് നല്ലതാണ്.
അതുപോലെ ശരീരത്തിന് ക്ഷീണം വരാത്തരീതിയിൽ വ്യായാമവും ശീലിക്കാം. ഈ സമയത്ത് നെയ്യ് ചേർത്ത് പാകപ്പെടുത്തിയ മാംസരസം (സൂപ്പ്), നല്ലതരം മാംസം, ഗോതമ്പ്, അരിപ്പൊടി, ഉഴുന്ന് മുതലായവ ചേർത്തുണ്ടാക്കിയ പലഹാരങ്ങൾ, പുന്നെല്ലരി കൊണ്ട് ഉണ്ടാക്കിയ ചോറ് എന്നിവ കഴിക്കുന്നത് നല്ലതാണ്. കുളിക്കാനും പല്ലുതേക്കാനും കൈകഴുകാനും ചെറുചൂടുള്ള വെള്ളമാണ് ഉത്തമം. തണുപ്പിൽനിന്ന് ശരീരത്തെ സംരക്ഷിക്കണം. കഫത്തെ വർധിപ്പിക്കുന്നതും കഫ പ്രധാനമായ ആഹാരവും ഉപേക്ഷിക്കുന്നത് നല്ലതാണ്.
തുളസിയില, ചുക്ക്, കുരുമുളക്, കരുപ്പട്ടി ഇവ ചേർത്ത് കാപ്പിയുണ്ടാക്കി കുടിക്കുന്നത് ശീതകാലത്ത് ഉണ്ടാകുന്ന ചുമ മുതലായ അസുഖങ്ങൾ തടയാൻ നല്ലതാണ്. ചുമയ്ക്ക് മുരിക്കില ഇടിച്ചുപിഴിഞ്ഞ നീരിൽ കരുപ്പട്ടി ചേർത്തുകഴിക്കുന്നതും ഇശങ്കില ഇടിച്ചുപിഴിഞ്ഞ് കരുപ്പട്ടി ചേർത്തുകഴിക്കുന്നതും നല്ലതാണ്. ഡോക്ടറുടെ നിർദേശാനുസരണം താലീസപത്രാദി ചൂർണം, കർപ്പൂരാദി ചൂർണം, അശ്വഗന്ധാദി ചൂർണം, അഗസ്ത്യ രസായനം, വില്വാദിലേഹ്യം, ദശമൂലരസായനം, വ്യോഷ്യാദി വടകം, ഹരിദ്രാ ഖാണ്ഡം ഇവ കഴിക്കുന്നത് ഉത്തമമാണ്.
(നെയ്യാറ്റിൻകര നിംസ് മെഡിസിറ്റി സീനിയർ ആയുർവേദ കൺസൽട്ടന്റാണ് ലേഖകൻ)