കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിന്റെ തോല്‍വിയില്‍ നേതാക്കള്‍ക്ക് പിഴവുപറ്റിയെന്ന് സിപിഐഎം നിയോഗിച്ച അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ട്.
സിപിഐഎം എറണാകുളം ജില്ലാ കമ്മിറ്റിയും സംസ്ഥാന സെക്രട്ടേറിയേറ്റും വ്യാഴാഴ്ച്ച ചേരുന്ന യോഗത്തില്‍ ഈ റിപ്പോര്‍ട്ട് പരിഗണിക്കും. മുതിര്‍ന്ന നേതാക്കളായ എ കെ ബാലനും ടി പി രാമകൃഷ്ണനുമാണ് തോല്‍വിയെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
എറണാകുളത്ത് നിന്നുള്ള സംസ്ഥാന നേതാക്കളടക്കമുള്ളവരാണ് വീഴ്ച വരുത്തിയതെന്നാണ് റിപ്പോര്‍ട്ട് വിലയിരുത്തുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ആദ്യം സംഭവിച്ച ആശയക്കുഴപ്പമാണ് തോല്‍വിയിലേക്ക് നയിച്ചത്. ആദ്യം സ്ഥാനാര്‍ത്ഥിയായി തിരഞ്ഞെടുത്ത അഡ്വ അരുണ്‍കുമാറിന്റെ പേരില്‍ ചുവരെഴുത്തും പ്രചാരണവും നല്‍കിയിരുന്നു. ഇതും പരാജയത്തിന് കാരണമാണെന്നാണ് വിലയിരുത്തല്‍.
ജൂണ്‍ മൂന്നിനാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. 70101 വോട്ട് നേടി വന്‍ ഭൂരിപക്ഷത്തോടെയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ഉമ തോമസ് വിജയിച്ചത്. ഇരുപത്തിയഞ്ചായിരത്തിലധികം വോട്ടിന്റെ ചരിത്രഭൂരിപക്ഷമാണ് ഉമാ തോമസ് നേടിയത്. എന്നാല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫ് 45836 വോട്ടിന് പരാജയപ്പെടുകയായിരുന്നു. കെ റെയിലും സ്വര്‍ണക്കടത്ത് കേസും തെരഞ്ഞെടുപ്പിനെ കാര്യമായി ബാധിച്ചിട്ടുണ്ട് എന്ന് ആരോപണമുണ്ട്.
Story Highlights: thrikkakara bypoll cpim enquiry report