ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ എംഎസ് ധോണിയുടെയും വിരാട് കോഹ്ലിയുടെയും മക്കള്‍ക്കെതിരെയുള്ള അശ്ലീല പരാമര്‍ശങ്ങളില്‍ ഡല്‍ഹി പൊലീസ് കേസെടുത്തു. ഡല്‍ഹി വനിതാ കമ്മീഷന്റെ പരാതിയെ തുടര്‍ന്നാണ് നടപടി. സമൂഹമാധ്യമങ്ങളില്‍ ലൈംഗികച്ചുവയുള്ള പരാമര്‍ശങ്ങള്‍ നടത്തിയ ആറ് അക്കൗണ്ടുകള്‍ക്കെതിരെയാണ് കേസ്.
ഡല്‍ഹി പൊലീസ് സൈബര്‍ സെല്ലിനാണ് വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ നോട്ടീസ് നല്‍കിയത്. ‘ഞാന്‍ നോട്ടീസ് നല്‍കിയതിന് ശേഷം ധോണിയുടെയും കോഹ്ലിയുടെയും മക്കള്‍ക്കെതിരെയുള്ള അശ്ലീല പരാമര്‍ശങ്ങളില്‍ ഡല്‍ഹി പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഉടന്‍ തന്നെ കുറ്റവാളികളെ അറസ്റ്റ് ചെയ്ത് ജയിലിലടക്കും’ സ്വാതി മലിവാള്‍ ട്വിറ്ററില്‍ കുറിച്ചു.
मेरी नोटिस के बाद दिल्ली पुलिस ने @ImVKohli और @MSDhoni की बेटियों पर हुई अभद्र टिपण्णियों के मामले में FIR दर्ज कर ली है। बहुत जल्द सभी दोषी गिरफ़्तार होंगे और सलाख़ों के पीछे जाएँगे। pic.twitter.com/IPFE7Uky0x
— Swati Maliwal (@SwatiJaiHind) January 16, 2023
അശ്ലീല കമന്റുകളുടെ സ്‌ക്രീന്‍ഷോട്ടുകളും വനിതാ കമ്മീഷന്‍ പൊലീസിന് അയച്ചിരുന്നു. ഈ പരാമര്‍ശങ്ങള്‍ അശ്ലീലവും സ്ത്രീവിരുദ്ധവുമാണെന്ന് പൊലീസ് എഫ്‌ഐആറില്‍ പറഞ്ഞു. ഐടി നിയമം സെക്ഷന്‍ 67 ബി (ഡി) പ്രകാരമാണ് കേസെടുത്തതെന്നും പൊലീസ് വ്യക്തമാക്കി.
മഹേന്ദ്രസിംഗ് ധോണിയുടെ മകള്‍ക്കെതിരെ ഇതിനു മുന്‍പും സൈബര്‍ ആക്രമണം ഉണ്ടായിരുന്നു. 2020 ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരെ ചെന്നൈ സൂപ്പര്‍കിംഗ്‌സ് കനത്ത പരാജയം ഏറ്റുവാങ്ങിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ധോണിയുടെ മകള്‍ക്കെതിരെ ബലാത്സംഗ ഭീഷണിയും വധഭീഷണിയും ഉയര്‍ന്നത്.
STORY HIGHLIGHTS: Case against social media accounts targeting daughters of Virat Kohli and MS Dhoni