കൊച്ചി
മമ്മൂട്ടി നായകനായ ലിജോ ജോസ് പെല്ലിശേരി ചിത്രം ‘നൻപകൽ നേരത്ത് മയക്കം’ 19ന് തിയറ്ററുകളിലെത്തും. ജാതി, മതം, ഭാഷ എന്നതിലുപരി മനുഷ്യവികാരം ഒന്നാണെന്നതാണ് ചിത്രം പറയുന്നതെന്ന് മമ്മൂട്ടി പറഞ്ഞു. തമിഴ്നാട്ടിലാണ് കഥ നടക്കുന്നത്. കഥയുടെ പ്രാധാന്യം തിരിച്ചറിഞ്ഞതുകൊണ്ടാണ് നിർമിക്കാൻ തീരുമാനിച്ചതെന്നും ചിത്രത്തിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
മമ്മൂട്ടിയും ലിജോയും ഒന്നിക്കുന്ന ആദ്യ ചിത്രംകൂടിയാണ് “നൻപകൽ നേരത്ത് മയക്കം’. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ എസ് ഹരീഷിന്റേതാണ്. പഴനിയിൽ ചിത്രീകരിച്ച സിനിമയിൽ അശോകൻ, രമ്യ പാണ്ഡ്യൻ എന്നിവർക്കുപുറമെ നിരവധി തമിഴ്താരങ്ങളും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. എസ് ഹരീഷ്, അശോകൻ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. ഐഎഫ്എഫ്കെയിൽ ചിത്രത്തിന് വലിയ വരവേൽപ്പ് ലഭിച്ചിരുന്നു.