തൊടുപുഴ: മൂന്നാറില്‍ ജനവാസ മേഖലകളിലിറങ്ങുന്ന പടയപ്പയെന്ന കാട്ടാനയെ പ്രകോപിപ്പിച്ച ജീപ്പ് ഡ്രൈവര്‍ക്കെതിരെ കേസെടുത്ത് വനംവകുപ്പ്. കടലാര്‍ എസ്റ്റേറ്റ് സ്വദേശി ദാസിനെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. നടപടിയെടുത്തതിന് പിന്നാലെ തമിഴ്‌നാട്ടിലേക്ക് കടന്ന ഇയാളെ പിടികൂടാന്‍ വനം വകുപ്പ് ശ്രമം തുടങ്ങി.
കുറ്റിയാര്‍ വാലിയിലും കടലാറിലും ജീപ്പ് ഡ്രൈവര്‍മാര്‍ ആനയെ പ്രകോപ്പിക്കുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് വനം വകുപ്പ് കേസെടുത്തത്. ആനയുടെ മുന്നിലെത്തി ഹോണടിച്ചും വാഹനം ഇരമ്പിച്ചും പ്രകോപിപ്പിക്കുകയായിരുന്നു. പ്രകോപിപ്പിച്ചാല്‍ ആന കൂടുതല്‍ അക്രമകാരിയാകുമെന്ന് വനം വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. അതേസമയം വനപാലകരെ അറിയിച്ചിട്ടും വരാതിരുന്നപ്പോള്‍ ആനയെ ഓടിക്കാനാണ് ഹോണ്‍ മുഴക്കിയതെന്ന് നാട്ടുകാര്‍ പറഞ്ഞു.
പടയപ്പയെ കാണിക്കാമെന്ന് വാഗ്ദാനം ചെയ്ത് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഒരു സംഘം മൂന്നാറില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. മൂന്നാറില്‍ സാധാരണയായി ഇറങ്ങാറുള്ള കാട്ടാനയായ പടയപ്പ രണ്ട് മാസം മുമ്പ് വരെ കാര്യമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിരുന്നില്ല. എന്നാല്‍ ആനയെ പ്രകോപിപ്പിക്കുന്ന തരത്തില്‍ ആളുകള്‍ പെരുമാറി തുടങ്ങിയതോടെയാണ് അക്രമകാരിയായത്. സംഭവത്തിന്റെ ഗൗരവം വിനോദസഞ്ചാര വകുപ്പിനെയും അറിയിച്ചിട്ടുണ്ട്.
STORY HIGHLIGHTS: Case registered against jeep driver for provoking wild elephant