ഷാരൂഖ് ഖാൻ, ദീപിക പദുക്കോൺ, ജോൺ എബ്രഹാം തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളാകുന്ന ‘പത്താൻ’ വിവാദങ്ങൾക്കും എതിർപ്പുകൾക്കുമൊടുവിൽ ജനുവരി 25ന് തിയേറ്ററുകളിൽ എത്തുകയാണ്. ഒട്ടുമിക്ക പ്രാദേശിക ഭാഷകളിൽ ഡബ്ബ് ചെയ്തിട്ടുള്ള ചിത്രം തമിഴിലും അന്നേദിവസം റിലീസിന് എത്തുന്നുണ്ട്. വാർത്തയിൽ ഇടം പിടിച്ച ചിത്രത്തിലെ ഷാരൂഖ് ഖാന്റെ കൂറ്റൻ കട്ടൗട്ട് ചെന്നൈയിലെ ഒരു മൾട്ടിപ്ലക്സിൽ നിന്ന് നീക്കം ചെയ്യപ്പെട്ടു.
ചിത്രത്തിലെ ആദ്യ ഗാനം ‘ബേഷരം റംഗ്’ റിലീസ് ആയതിന് പിന്നാലെയാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്. ഗാനരംഗത്തിൽ ദീപിക കഥാപാത്രം ധരിക്കുന്ന ഓറഞ്ച് നിറത്തിലെ ബിക്കിനിയാണ് ഇക്കൂട്ടരെ ചൊടിപ്പിച്ചത്. ‘ബേഷരം റംഗ്’ എന്നാൽ നാണമില്ലാത്ത നിറം എന്നാണെന്നും കാവി നിറത്തെയാണ് ഇത് അർത്ഥമാക്കുന്നതെന്നും വ്യാഖ്യാനങ്ങളുണ്ടായി. ഷാരൂഖ് ഖാന്റെ കോലം കത്തിച്ചുള്ള പ്രതിഷേധങ്ങളും ചിലയിടങ്ങളിൽ ഉണ്ടായി.
എന്നാൽ ചെന്നൈയിൽ നീക്കിയ ഷാരൂഖിന്റെ കട്ടൗട്ടിന് ഈ വിദ്വേഷ പ്രചാരങ്ങളുമായി ബന്ധമില്ല. ജനുവരി 20ന് മൾട്ടിപ്ലക്സ് പരിസരത്ത് സ്ഥാപിക്കപ്പെട്ട കട്ടൗട്ട് സിസിടിവിക്ക് തടസമാകുന്നതിനാൽ ഇന്ന് അധികാരികൾ മാറ്റുകയായിരുന്നു. ചിത്രത്തിന്റെ പ്രചാരണാർത്ഥം പോസ്റ്ററുകൾ ഒട്ടിച്ച ഓട്ടോറിക്ഷകൾ തമിഴ്നാട്ടിലെ റോഡുകളിലൂടെ വിലസുന്ന ചിത്രങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറൽ ആണ്.
Story Highlights: Shah Rukh Khan’s Pathaan cut out removed from Chennai multiplex