ഷാരൂഖ് ഖാൻ നായകനാകുന്ന ചിത്രം പത്താൻ ജനുവരി 25-ന് റിലീസ് ചെയ്യുകയാണ്. നാല് വർഷത്തിന് ശേഷം ഷാരൂഖിനെ ബിഗ് സ്‌ക്രീനിൽ കാണുവാൻ ആരാധകർ കാത്തിരിക്കുമ്പോൾ സിനിമയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾക്കും കുറവില്ല. ഗുജറാത്തിൽ സിനിമയുടെ പ്രദർശനം തടയുമെന്ന് വിഎച്ച്പി, ബജ്റംഗ് ദൾ ഉൾപ്പടെയുള്ള ചില ഹിന്ദു സംഘടനകൾ പ്രസ്താവന നടത്തിയിരുന്നു.
ചിത്രത്തിന്റെ റിലീസിന് മുമ്പ് സിനിമാ ഹാളുകളിലെ സുരക്ഷാ ക്രമീകരണം സംബന്ധിച്ച് ഗുജറാത്തിലെ മൾട്ടിപ്ലക്‌സ് അസോസിയേഷൻ മുഖ്യമന്ത്രി ഭൂപേന്ദ്ര ഭായ് പട്ടേലിനും ആഭ്യന്തര മന്ത്രി ഹർഷ് സാംഘ്‌വിക്കും കത്തയച്ചിട്ടുണ്ട്. ഇപ്പോഴിതാ സിനിമ പ്രദർശിപ്പിക്കുന്ന തിയേറ്ററുകൾക്ക് പൊലീസ് സംരക്ഷണം വാഗ്ദാനം ചെയ്തിരിക്കുകയാണ് ഗുജറാത്ത് സർക്കാർ.
‘ഗുജറാത്തിലെ തിയേറ്ററുടമകളുടെ സംഘടനയുടെ സെക്രട്ടറി വന്ദൻ ഷായാണ് ഇക്കാര്യം അറിയിച്ചത്. ‘ഉദ്യോഗസ്ഥരുമായുള്ള മികച്ച കൂടിക്കാഴ്ചയായിരുന്നു അത്. ജനുവരി 25-ന് പത്താൻ റിലീസ് സുഗമമാക്കാൻ ആവശ്യമെങ്കിൽ സിനിമാ ഹാളുകളിൽ പൊലീസ് സംരക്ഷണം വാഗ്ദാനം ചെയ്തിട്ടുണ്ട്. പത്താൻ റിലീസ് ചെയ്യുന്ന വാരത്തിൽ സിനിമാ ഹാളുകൾക്ക് സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് ഗുജറാത്തിലെ ബഹുമാനപ്പെട്ട ആഭ്യന്തര മന്ത്രി എല്ലാ പൊലീസ് സ്റ്റേഷനുകൾക്കും സംസ്ഥാന കമ്മീഷണർക്കും കത്തയച്ചു’, വന്ദൻ ഷാ പറഞ്ഞു.
ചിത്രത്തിന്റെ ആദ്യ ഗാനം പുറത്തുവന്നതിന് പിന്നാലെ പത്താന്‍ ബഹിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് തീവ്ര ഹിന്ദുത്വ സംഘടനകള്‍ രംഗത്ത് എത്തിയത്. പാട്ടിലൂടെ കാവി നിറത്തെ അപമാനിച്ചുവെന്നായിരുന്നു ഇവരുടെ വാദം. പത്താനിലെ ‘ബേഷരം രംഗ് എന്ന ഗാനത്തില്‍ ദീപിക കാവി നിറത്തിലുള്ള ബിക്കിനി ധരിച്ചെത്തുന്നതും ഇവരെ ചൊടിപ്പിച്ചിരുന്നു. ചിത്രം ഗുജറാത്തിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ല എന്നാണ് ഇവർ പറയുന്നത്.
Story Highlights: Gujarat Government assures police protection for Shah Rukh Khan’s Pathaan screeing