പാക് സിനിമാ നടിമാരെ ഹണി ട്രാപ്പിന് ഉപയോഗിച്ചെന്ന മുൻ പാക് സൈനികന്റെ ആരോപണത്തിനെതിരെ നടിമാർ രംഗത്ത്. യൂട്യൂബർ കൂടിയായ റിട്ടയേർഡ് മേജർ ആദിൽ രാജയാണ് തന്റെ വീഡിയോയിൽ ആരോപണം ഉന്നയിച്ചത്. ഇതിനെതിരെ ശക്തമായ ഭാഷയിൽ പ്രതികരിച്ച് നടിമാർ രംഗത്തെത്തി.
റിട്ടയേർഡ് ജനറൽ ബജ് വ, മുൻ ഐഎസ്ഐ തലവൻ ഫായിസ് ഹമീദ് എന്നിവർക്കായി ചില നടിമാരും മോഡലുകളും രാഷ്ട്രീയനേതാക്കളെ കുടുക്കാൻ ശ്രമിച്ചു എന്നാണ് ആദിലിന്റെ ആരോപണം. തന്റെ യൂട്യൂബ് ചാനലായ സോൾജിയർ സ്പീക്സിലൂടെയാണ് ആദിൽ രാജ ഈ വിവാദ പ്രസ്ഥാവന നടത്തിയത്. നടിമാരുടെ പേരെടുത്തുപറയാതെ അവരുടെ ഇനിഷ്യലുകൾ ആണ് വീഡിയോയിൽ ഉള്ളത്.
വീഡിയോ നിമിഷ നേരം കൊണ്ട് വൈറൽ ആയി. ആദിൽ പറഞ്ഞ സൂചനകൾ വച്ച് നടിമാരേക്കുറിച്ചുള്ള വിവരങ്ങൾ സോഷ്യൽ മീഡിയ ചർച്ചയാക്കി. സാജൽ അലി, മഹിറ ഖാൻ, കുബ്ര ഖാൻ, മെഹ്‌വിഷ് ഹയാത് എന്നിവരായിരിക്കാം ആ നടിമാരെന്ന നിലയിൽ ചർച്ചകളെത്തിയപ്പോഴാണ് പ്രതികരണവുമായി നടിമാർ തന്നെ രംഗത്തെത്തിയത്.
മനുഷ്യത്വത്തിന്റെ ഏറ്റവും മോശം രൂപവും പാപവുമാണ് വ്യക്തിഹത്യയെന്നും രാജ്യം ധാർമികമായി അവഹേളിക്കപ്പെട്ടതിൽ സങ്കടമുണ്ടെന്നും സാജൽ അലി ട്വീറ്റ് ചെയ്തു. കുബ്ര ഖാനും ആദിലിന്റെ പ്രസ്താവനയ്ക്കെതിരെ പ്രതികരിച്ചു പറഞ്ഞ കാര്യങ്ങൾക്കുള്ള തെളിവ് മൂന്ന് ദിവസത്തിനകം ഹാജരാക്കണമെന്നും അല്ലാത്തപക്ഷം പ്രസ്താവന പിൻവലിച്ച് പൊതുമധ്യത്തിൽ മാപ്പുപറയണമെന്നും അവർ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ ആവശ്യപ്പെട്ടു. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് മെഹ്‌വിഷ് ഹയാത്തും പറഞ്ഞു. അതേസമയം മാഹിറാ ഖാൻ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.
STORY HIGHLIGHTS: PAK ACTORS AGAINST HONEY TRAP ALLEGATIONS MADE BY EX ARMY OFFICER ADIL RAJA SAJAL