കൊച്ചി: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ സാമ്പത്തിക ഉറവിടം ഗൾഫ് രാജ്യങ്ങളെന്ന് എൻഐഎ റിപ്പോർട്ട്. നൂറിലധികം അക്കൗണ്ടുകളാണ് പിഎഫ്ഐക്കായിട്ടുള്ളത്. ബാങ്ക് ഇടപാടുകൾ സംബന്ധിച്ചുള്ള വിവരങ്ങൾ ശേഖരിച്ച സംഘം തുടർ നടപടികൾ സ്വീകരിച്ചു. സംഭവത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തിട്ടുണ്ട്.
വിദേശത്ത് നിന്നും എൻആർഐ അക്കൗണ്ട് വഴി നാട്ടിലെ നിരവധി ബാങ്കുകളിലേക്കായി പണം അയക്കാറുണ്ട്. ഇത്തരത്തിൽ നാട്ടിലെത്തുന്ന പണം പിഎഫ്ഐ നേതാക്കളുടെ അക്കൗണ്ടിലേക്ക് മാറ്റുകയാണ് ചെയ്യാറുള്ളത്. വിവിധ പേരുകളിലായി ഗൾഫ് രാജ്യങ്ങളിൽ സംഘടനകൾ രൂപികരിച്ച് പിരിച്ചെടുത്ത പണവും നാട്ടിൽ എത്തിച്ചിരുന്നു. ‘കുവൈത്ത് ഇന്ത്യൻ ഫോറം’ എന്ന പേരിൽ പിഎഫ്ഐ കുവൈത്തിൽ സജീവമായിരുന്നതായും അന്വേഷണ സംഘം കണ്ടെത്തി. ഇന്ത്യയിലെ പ്രവർത്തനങ്ങൾക്കായി ഫോറത്തിലെ അംഗങ്ങളിൽ നിന്ന് വാർഷിക അംഗത്വ ഫീസ് ഇടാക്കിയിരുന്നതായും സംഘം അറിയിച്ചു.
രണ്ട് ഫൗണ്ടേഷനുകളെ കേന്ദ്രീകരിച്ചാണ് ഒമാനിൽ അന്വേഷണം നടക്കുന്നത്. അവിടെ നിന്നും സ്വരൂപിച്ച തുക രാജ്യത്തേക്കെത്തിച്ചു. റിയൽ എസ്റ്റേറ്റ്, ലൈസൻസുള്ള പബ് നടത്തിപ്പ് എന്നിവയിൽ നിന്നും ലഭിക്കുന്ന തുകയും നാട്ടിലേക്ക് അയക്കുകയാണ് പതിവ്. നാട്ടിലെ മുസ്ലീമുകൾക്കുള്ള സഹായം എന്ന പേരിലാണ് പണം ശേഖരിക്കുന്നത്. ഇവിടെ നിന്നും നാട്ടിലെ എസ്ഡിപിഐ നേതാക്കൾക്ക് പണമയച്ചതിൻ്റെ തെളിവുകൾ എൻഐഎക്ക് ലഭിച്ചിട്ടുണ്ട്.
STORY HIGHLIGHTS: NIA traced financial sources of PFI