കോട്ടയം: കോട്ടയത്ത് ടൗണ്‍ പ്ളാനിങ് ഓഫീസിനായി ഒരേ സമയം കെട്ടിപ്പൊക്കാന്‍ ശ്രമിച്ചത് രണ്ട് കെട്ടിടങ്ങള്‍. ഒന്നര കിലോമീറ്ററിനുള്ളിലാണ് 2 ബഹുനില കെട്ടിടങ്ങള്‍ ഒരേസമയം പണി തുടങ്ങിയത്.ബില്‍ മാറാനെത്തിയപ്പോളാണ് സംഭവിച്ച അബദ്ധത്തെപ്പറ്റി ഉദ്യോഗസ്ഥര്‍ക്ക് മനസിലായത്. അതോടെ ഒരു കെട്ടിടത്തിന്റെ നിര്‍മാണം നിര്‍ത്തി. എന്നാല്‍ ഇതിനകം 2 കോടിയോളം രൂപയാണ് കെട്ടിട നിര്‍മാണത്തിനായി വിനിയോഗിച്ചത്.
നിര്‍മാണത്തില്‍ സംഭവിച്ച വീഴ്ച്ചയ്ക്ക് റവന്യു വകുപ്പ് വിശദീകരണം നല്കി. പൊതുമരാമത്ത് (പിഡബ്ല്യുഡി) ചീഫ് എന്‍ജിനീയറുടെ ഓഫിസിനുണ്ടായ വീഴ്ച്ചയാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നാണ് വകുപ്പ് അറിയിച്ചത്. എന്നാല്‍ ഹെഡ് ഓഫ് അക്കൗണ്ട് തെറ്റായി രേഖപ്പെടുത്തിയതാണ് പിഴവിന് കാരണമെന്ന് പിഡബ്ല്യുഡി പ്രതികരിച്ചു.
റവന്യു വകുപ്പിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പിഡബ്ല്യുഡി കരാര്‍ നല്കി കെട്ടിട നിര്‍മാണം ആരംഭിച്ചത്. ഒരു കെട്ടിടം കോട്ടയം കലക്ടറേറ്റിന് സമീപവും മറ്റൊന്ന് ഒന്നര കിലോമീറ്റര്‍ അകലെ തിരുനക്കര മിനി സിവില്‍ സ്റ്റേഷന് സമീപവുമായിരുന്നു പണി തുടങ്ങിയത്. രണ്ട് പണികളുടെയും ബില്‍ ഒരേ സമയം പിഡബ്ല്യുഡി ധനകാര്യ വിഭാഗത്തില്‍ എത്തിയപ്പോളാണ് ഒരേ ഓഫിസിനു വേണ്ടിയാണ് ഇവ നിര്‍മിക്കുന്നതെന്ന് ഇദ്യോഗസ്ഥര്‍ക്ക് മനസിലാകുന്നത്.
തുടര്‍ന്ന് തിരുനക്കരയിലെ കെട്ടിടത്തിന്റെ നിര്‍മാണം നിര്‍ത്തിവെച്ചു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്ക്കാന്‍ തീരുമാനിച്ചതോടെ കരാറുകാരന് കോടതിയെ സമീപിച്ചു. തുടര്‍ന്ന് പകുതിയിലേറെ തുക കരാറുകാരന് ലഭിച്ചു. പണി നിര്‍ത്തിവെച്ചിരിക്കുന്ന തുരുനക്കരയിലെ കെട്ടിടത്തില്‍ പ്ളാനിങ് ഓഫീസിന് പുറമെ താലൂക്ക് ഓഫീസുകളും ഉള്‍പ്പെടുത്തിയിരുന്നു. നിലവില്‍ ടൗണ്‍ പ്ളാനിങ് ഓഫീസനെ ഒഴിവാക്കി കെട്ടിടത്തിന് പുതുക്കിയ എസ്റ്റിമേറ്റ് സമര്‍പ്പിച്ചിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ ആറിയിച്ചു.
STORY HIGHLIGHTS: Two buildings were attempted to be constructed at the same time for Kottayam Town Planning Office