നടി അപർണ ബാലമുരളിയോട് പൊതുവേദിയിൽ വെച്ച് മോശമായി പെരുമാറി വിദ്യാർത്ഥി. ഇയാൾ അപർണയുടെ കയ്യിൽ ബലമായി പിടിച്ചു വലിക്കുകയും തോളിൽ പിടിക്കാൻ ശ്രമിക്കുകയുമായിരുന്നു. തങ്കം സിനിമയുടെ പ്രമോഷന്റെ ഭാഗമായി എറണാകുളം ലോ കോളേജ് യൂണിയൻ ഉദഘാടനത്തിന് എത്തിയതായിരുന്നു താരം. സംഭവത്തിന്റെ വീഡിയോയും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
അപർണയ്ക്ക് പൂവ് സമ്മാനിക്കുവാനായി വേദിയിൽ കയറിയ വിദ്യാർത്ഥി കയ്യിൽ പിടിച്ചു വലിച്ച് എഴുന്നേൽപ്പിച്ചു. തുടർന്ന് നടിയുടെ തോളിൽ കയറി പിടിച്ചു. ഉടൻ അപർണ അതിൽ നിന്ന് ഒഴിഞ്ഞു മാറുന്നുണ്ട്. അപർണയ്ക്കൊപ്പം നടൻ വിനീത് ശ്രീനിവാസൻ, സംഗീത സംവിധായകൻ ബിജിബാൽ തുടങ്ങിയവരും വേദിയിലുണ്ടായിരുന്നു.
വിദ്യാർത്ഥിയുടെ പെരുമാറ്റത്തിൽ മറ്റൊരു വിദ്യാർത്ഥി അപർണയോട് ക്ഷമ ചോദിച്ചു. പിന്നാലെ താൻ ഒന്നും ഉദ്ദേശിച്ച് ചെയ്തതല്ല എന്നും ആരാധകനായത് കൊണ്ട് ഫോട്ടോ എടുക്കാൻ ശ്രമിച്ചതാണെന്നും യുവാവ് വേദിയിലെത്തി പറയുന്നതും വീഡിയോയിൽ കാണാം. തുടർന്ന് അപർണയ്ക്ക്ഇയാൾ കൈ കൊടുക്കാൻ ശ്രമിക്കുകയും നടി വിസമ്മതിക്കുകയും ചെയ്തു.
വിദ്യാർത്ഥിയുടെ പെരുമാറ്റത്തിൽ വിമർശിച്ചും അപർണയെ പിന്തുണച്ചും നിരവധിപ്പേർ സമൂഹ മാധ്യമങ്ങളുടെ എത്തുന്നുണ്ട്. ഒരു വ്യക്തിയുടെ അനുവാദമില്ലാതെ അയാളുടെ ദേഹത്ത് സ്പർശിക്കാൻ പാടില്ലെന്നും അപർണ സംഭവത്തെ സധൈര്യം നേരിട്ടുവെന്നും പലരും അഭിപ്രായപ്പെട്ടു.
story highlights: college student misbehaved to actress aparna balamurali