പത്തനംതിട്ട: തിരുവല്ലയിൽ പ്രണയ ബന്ധത്തിൽ നിന്ന് പിൻമാറിയ യുവതിയെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. കോയിപ്രം സ്വദേശിനിയെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. തിരുവല്ല കോട്ടത്തോട് മഠത്തിപറമ്പിൽ വീട്ടിൽ വിഷ്ണു(26), വാഴക്കുന്നത്ത് വീട്ടിൽ അക്ഷയ്(25) എന്നിവരാണ് അറസ്റ്റിലായത്. തുകലശ്ശേരി മാക്ഫാസ്റ്റ് കോളേജിന് സമീപത്ത് വെച്ചായിരുന്നു കൊലപാതക ശ്രമം നടന്നത്. അപകടത്തിൽ പരുക്കേറ്റ യുവതി ചികിത്സയിലാണ്.
രണ്ട് വർഷമായി വിഷ്ണുവുമായി പ്രണയ ബന്ധത്തിലായിരുന്നു യുവതി. രണ്ട് മാസം മുമ്പ് ബന്ധത്തിൽ നിന്ന് പിന്മാറി. മീന്തലക്കരയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുകയാണ് യുവതി. തുകലശ്ശേരിയിലെ മാതൃ സഹോദരിയുടെ വീട്ടിലാണ് താമസിക്കുന്നത്. ജോലിക്കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വഴിയിൽ മദ്യലഹരിയിൽ കാറോടിച്ചെത്തിയ വിഷ്ണു യുവതിയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
സംഭവം കണ്ടു നിന്ന നാട്ടുകാർ ഓടി കൂടി യുവതിയെ തിരുവല്ല സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വലത് കൈക്ക് പൊട്ടലും തലക്ക് പരുക്കുമുണ്ട്. വെള്ളിയാഴ്ച രാത്രിയിൽ പ്രതികളെ അറസ്റ്റ് ചെയ്തതായി അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈ എസ്പി ടി രാജപ്പൻ അറിയിച്ചു.
STORY HIGHLIGJHTS: Two youths arrested in Thiruvalla