ഇന്ത്യയുടെ ഭാവിയെ സംബന്ധിച്ച ഒരു പ്രത്യാശയെയാണ് ബോളിവുഡ് എല്ലാക്കാലത്തും പ്രതിനിധീകരിച്ചത്. പലായനത്തിന്റെയും സ്വപ്നത്തിന്റെയും വ്യാപാരമായാണ് ബോളിവുഡ് പ്രവര്ത്തിക്കുന്നത്. വിദ്വേഷത്തിന്റെയും വംശവെറിയുടെയും കാലഘട്ടത്തില് പ്രത്യാശയും സ്വപ്നവും പലായനവും പോലും ഒരു മറു മാര്ഗമല്ലേ? 57 കോടി ഇന്റര്നെറ്റ് ഉപഭോക്താക്കളാണ് ഇന്ത്യയിലുള്ളത്. ഒടിടി യിലൂടെ ഇവരിലും ബോളിവുഡ് സ്വാധീനം ചെലുത്തുമെന്നത് പറയേണ്ടതില്ലല്ലോ! മൂന്നു ഖാന്മാര്- ഷാറൂഖ്, സല്മാന്, അമീര് ആണ് ബോളിവുഡിലെ സൂപ്പര് സ്റ്റാറുകള്.
സമീപ ദശകങ്ങളിലെ പത്ത് ഹിറ്റ് സിനിമകളെടുത്താല് ആറും ഇവരിലൊരാളുടേതാണ്. സമീപകാലത്ത് ഇവരുടെ അടക്കം ഹിന്ദി സിനിമകളുടെ മേധാവിത്തം നഷ്ടപ്പെട്ടു എന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്. അത് തുടര്ന്നുള്ള ഖണ്ഡികകളില് അന്വേഷിക്കപ്പെടുന്നുണ്ട്. എന്നാല്, ഷാറൂഖ് ഖാനെതിരായ അനാവശ്യവും അപായകരവുമായ ഒരാക്രമണം ഇറങ്ങാന് പോകുന്ന പത്താന് സിനിമയിലെ ഒരു ഗാനരംഗവുമായി ബന്ധപ്പെട്ടുണ്ടായത് ഇന്ത്യയില് സ്വതന്ത്ര ലോകം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു എന്നതിന്റെ തെളിവായി നാം രേഖപ്പെടുത്തേണ്ടിവരും എന്നത് പ്രാഥമികമായി പറഞ്ഞു വെക്കട്ടെ.
ബാഹുബലികളുടെ വിജയം
നൂറു വര്ഷം പൂര്ത്തിയാക്കിയ ഇന്ത്യന് സിനിമയുടെ സാങ്കേതികവും സൗന്ദര്യപരവും പ്രമേയപരവും ആഖ്യാനപരവുമായ വളര്ച്ചയാണോ മികവാണോ പിറകോട്ടുപോക്കാണോ മഹാസ്തംഭനമാണോ എന്തിനെയാണ് ബാഹുബലികള്(2015,2017/രാജമൗലി) പ്രതീകവത്കരിക്കുന്നത്? ഫാല്ക്കെയുടെ രാജാ ഹരിശ്ചന്ദ്രയില് നിന്നാണ് ഇന്ത്യന് സിനിമയുടെ ചരിത്രം ആരംഭിക്കുന്നതെന്ന ഉറപ്പിക്കപ്പെട്ട പ്രസ്താവനയില് രാഷ്ട്രീയവും സാംസ്കാരികവും പുരാണനിര്ബന്ധപരവുമായ കാരണങ്ങള് ഉള്ച്ചേര്ന്നിട്ടുള്ളതു തന്നെയാണ് ബാഹുബലികളുടെ തീവ്രവിജയങ്ങള് ഇന്ത്യന് സിനിമയുടെ മാത്രമല്ല, ഇന്ത്യയുടെ തന്നെ ചരിത്ര- വര്ത്തമാന സന്ദര്ഭങ്ങളെ ചര്ച്ചോപരിതലത്തിലേക്ക് ആനയിക്കുന്നു എന്ന് നിരീക്ഷിക്കാന് പ്രേരിപ്പിക്കുന്നത്.
ഹിന്ദുപുരാണ കഥകളുടെ മായികവും അത്ഭുതകരവുമായ ആഖ്യാനത്തിലൂടെയാണ് മലയാളമൊഴിച്ചുള്ള എല്ലാ ഇന്ത്യന് ഭാഷകളിലെയും ആദ്യകാല സിനിമകള് വ്യാവസായികവും വിപണനപരവും ആയ ജനപ്രിയമണ്ഡലങ്ങള് വളച്ചെടുത്തത്. അതിന്റെ അതിസാങ്കേതിക കാലത്തെ ബഹളമയവും വര്ണശബളവുമായ ആവര്ത്തനം കൂടിയാണ് ബാഹുബലികള്.ഈ പ്രവണതയുടെ അര്മാദമായിരുന്നു കോവിഡാനന്തരം പൂര്ണമായി തുറന്ന ഇന്ത്യന് സിനിമാ കമ്പോളത്തില് ഈ വര്ഷം നാം കണ്ടത്.
ഒറ്റ രാഷ്ട്രം, ഒറ്റ കമ്പോളം, ഒറ്റ നികുതി, എന്ന മുദ്രാവാക്യത്തോടെ ജിഎസ്ടി നടപ്പിലാക്കുന്നതിനു തൊട്ടു മുമ്പായി; ഇന്ത്യയിലെ സിനിമാ കമ്പോളവും വിദേശരാജ്യങ്ങളിലെ ഇന്ത്യന് സിനിമാ കമ്പോളവും ഒറ്റയടിക്ക് പിടിച്ചടക്കിയ ബാഹുബലികള്, വിപണനത്തിന്റെയും പബ്ലിക് റിലേഷന്റെയും പരസ്യങ്ങളുടെയും വിജയം കൂടിയാണ് അടയാളപ്പെടുത്തുന്നത്. പ്രാദേശിക സംസ്കാരങ്ങളെയും ഭാഷകളെയും ഒരേ സമയം ഉള്ക്കൊള്ളിക്കുകയും നിരാകരിക്കുകയും ചെയ്യുന്ന ദൈ്വതഭാവമാണ് ബാഹുബലികള്ക്കുള്ളത്. എല്ലാ ഭാഷകളിലേക്കും ഡബ് ചെയ്യപ്പെടുകയും സ്വീകരിക്കപ്പെടുകയും ചെയ്യുകയും, അതാതിടത്തെ കൊച്ചു സിനിമകളെ തല്ക്കാലത്തേക്കെങ്കിലും മരവിപ്പിച്ചു നിര്ത്തുകയോ തള്ളിമാറ്റുകയോ ചെയ്യുകയും ചെയ്യുന്നത് വരും നാളുകളിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങള് എന്തൊക്കെയാണെന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു.
എന്നാല്, എല്ലാറ്റിലുമുപരിയായി, ഹിന്ദു പുരാണാഖ്യാനങ്ങളിലൂടെയാണ് ആരംഭിച്ചതെങ്കിലും നല്ലൊരു പരിധി വരെ മതേതരമായി നിലകൊണ്ട ഇന്ത്യന് മുഖ്യധാരാ സിനിമ അതേപടി ഇനിയുള്ള കലുഷിത കാലത്ത് നിലനില്ക്കാന് പോകുന്നില്ല എന്ന വ്യക്തമായ അടയാളവാക്യമാണ് ബാഹുബലികള് ബാക്കി വെക്കുന്നത് എന്നതാണ് ഏറ്റവും ഉത്കണ്ഠാകുലമായ യാഥാര്ത്ഥ്യം.രാജഭരണം പോലെ തന്നെ ബ്രാഹ്മണാധിപത്യത്തെ വാഴ്ത്തുന്ന ആര് ആര് ആര് പോലുള്ള സിനിമകളുടെ വിജയവും യാദൃഛികമല്ല.
കമ്യൂണിസ്റ്റുകാരെ ചരിത്രത്തില് നിന്ന് തുടച്ചുനീക്കാനുള്ള ദുഷ്ടലാക്ക്
കോലാര് സ്വര്ണഖനികളില് ആത്മാഭിമാനത്തിനും ജനാധിപത്യ തൊഴിലാളി അവകാശങ്ങള്ക്കുമായി പോരാടിയ കമ്യൂണിസ്റ്റുകാരെ ചരിത്രത്തില് നിന്ന് തുടച്ചു നീക്കാനാണ് കെജിഎഫ് സീരീസിലുള്ള സിനിമകള് ഇറങ്ങിക്കൊണ്ടിരിക്കുന്നത്. അടിമത്തവും തടവറയ്ക്ക് സമാനമായ ജീവിതവുമായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. നാല്പതിനായിരം തൊഴിലാളികള് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില് പണിയെടുത്തിരുന്ന കെജിഎഫിലെ തൊഴിലാളി വിമോചനപോരാട്ടത്തിന് നേതൃത്വം കൊടുത്തത് കമ്യൂണിസ്റ്റ് പാര്ടിയാണ്.
1930ല് തന്നെ ഇരുപത്തിയൊന്ന് ദിവസം നീണ്ടുനിന്ന പൊതുപണിമുടക്ക് കോലാര് സ്വര്ണഖനികളില് നടന്നു. തീര്ത്തും ജനകീയമായ സമരമായിരുന്നു അത്. മൈസൂര് സ്റ്റേറ്റിലെ ഭരണവര്ഗം, മാനേജ്മെന്റ്, ദേശീയവാദികള് എന്നിവരുടെയെല്ലാം നിലപാടുകളെ തിരുത്തിക്കുറിച്ച പണിമുടക്കു മുന്നേറ്റമായിരുന്നു അത്. കെ എസ് വാസനെയും ഗോവിന്ദനെയും പോലുള്ള നേതാക്കള് പില്ക്കാലത്ത് അവരെ സംഘടിപ്പിച്ച് സമരങ്ങള് നയിച്ചു.
1946ല് 78 ദിവസം നീണ്ടുനിന്ന പണിമുടക്കുസമരം നയിച്ചത് അവരാണ്. കെ എസ് വാസനെ ബ്രിട്ടീഷ് മുതലാളിമാര് കൊല്ലാന് ശ്രമിച്ചതിനെതിരെ പ്രതിഷേധിച്ച തൊഴിലാളികളെ മുതലാളിഗുണ്ടകള് കടന്നാക്രമിച്ചു. രാമയ്യ, കണ്ണന്, ചിപ്പന്, കാളിയപ്പന്, സുബ്രമണി, രാമസാമി എന്നീ ആറ് രക്തസാക്ഷികള് അവിടെ മരിച്ചു വീണു.
ദീര്ഘകാലം കമ്യൂണിസ്റ്റ് എം എല് എ മാരാണ് ഇവിടെ ജയിച്ചത്. ഇതെല്ലാം മറച്ചുവെച്ച് അതിമാനുഷനായ സിനിമാ നായകന്റെ(യഷ് എന്ന റോക്കി) വിജയമായി കെജിഎഫിനെ മാറ്റുകയാണ് സിനിമ ചെയ്യുന്നത്. ജയ്ഭീം പോലെ ചെങ്കൊടി പ്രസ്ഥാനത്തെ പ്രതിനിധീകരിക്കുന്നതിനു പകരം അതിനെ അദൃശ്യവത്കരിക്കുകയാണ് കെജിഎഫ് ഒന്നും രണ്ടും ചെയ്യുന്നത്.
കെജിഎഫ്. നമുക്കതൊരു സിനിമയുടെ ആകാംക്ഷ ഉണര്ത്തുന്ന കാഴ്ചമാത്രമാണ്. എന്നാല്, അരികില് ചോരപൊടിഞ്ഞ തൊഴിലാളി ജീവിതത്തിന്റെ ഏടുകളുമുണ്ട് അതില്. തിരഞ്ഞിറങ്ങുന്നവര്ക്കു മുമ്പില് വെളിപ്പെടുന്ന യഥാര്ത്ഥ ചരിത്രം..
അമാനുഷികനായ രക്ഷകനില്ലാതെ ദുരിതക്കയം തനിയെ താണ്ടിയ തൊഴിലാളികള്. അവര്ക്കൊരു ഉയിര്പ്പാകാന് മുന്നിട്ടിറങ്ങിയ സഖാവ്. മനുഷ്യന്റെ പരിമിതികളില് നിന്നാണ് അദ്ദേഹം പ്രവര്ത്തനം സംഘടിപ്പിച്ചത്. ഒറ്റയായിപ്പോയ ചെറുത്തുനില്പ്പുകളെ സംഘടിപ്പിച്ച് മുന്നില് നിന്ന് നയിച്ചു, സഖാവ് വാസന്. വാസന് ഉള്പ്പെടെയുള്ള സഖാക്കളെ അടയാളപ്പെടുത്താത്ത സിനിമയാണ് കെജി എഫ് ഒന്നും രണ്ടും.കോലാര് ഗോള്ഡ് ഫീല്ഡ് എന്ന സമരഭൂമിയുടെ ചരിത്രത്തിലലിഞ്ഞ യഥാര്ത്ഥ പോരാളികളുടെ ഓര്മ്മപ്പെടുത്തല് നാം നിര്വഹിക്കേണ്ടിയിരിക്കുന്നു.
കര്ണാടകയിലെ കോലാര് ജില്ലയിലെ കോലാര് ഗോള്ഡ് ഫീല്ഡ് എന്നറിയപ്പെടുന്ന സ്വര്ണഖനിക്ക് ഗംഭീരചരിത്രമുണ്ട്. റോമന് ചരിത്രകാരന് പ്ലിനി ഈ പ്രദേശത്തെ സ്വര്ണഖനനത്തെ അടയാളപ്പെടുത്തിയിരുന്നു. പിന്നീട് അഞ്ചാം നൂറ്റാണ്ടില് അശോക ചക്രവര്ത്തി മുതല് 18ബ്ദാം നൂറ്റാണ്ടില് ടിപ്പു സുല്ത്താന് വരെ ഇവിടെ ചെറിയ രീതിയില് ഖനനത്തിന് ശ്രമിച്ചതായും വിവരമുണ്ട്. എന്നാല് ഔദ്യോഗിക രേഖകളില് കെജിഎഫിലെ സ്വര്ണനിക്ഷേപത്തെ പരാമര്ശിക്കുന്നത് 1802ലാണ്. ലെഫ്റ്റനന്റ് ജോണ് വാറന് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്കായി നടത്തിയ ഭൂമി സര്വേയുമായി ബന്ധപ്പെട്ട പഠന റിപ്പോര്ട്ടില് പരാമര്ശമുണ്ട്.
നാട്ടുകാരുടെ സഹായത്തോടെ പ്രദേശത്ത് പഠനങ്ങള് നടത്തിയെങ്കിലും ഗുണമുണ്ടായില്ല. 1871ല് ബാംഗ്ലൂര് കന്റോണ്മെന്റില് താമസമാക്കിയ മൈക്കല് ഫിറ്റ്സ് ജെറാള്ഡ്ലാവെല്ലെയാണ് ഖനനത്തിന് തുടക്കമിടുന്നത്. ജോണ് വാറലിന്റെ പഠനത്തിന്റെ ചുവടുപിടിച്ച് നടത്തിയ അന്വേഷണമാണ് ലാവെല്ലെയെ ഖനിമുഖത്ത് എത്തിച്ചത്. 1875ല് നേടിയെടുത്ത ഖനനത്തിനുള്ള കരാര് ഇന്ത്യയില് ആധുനിക രീതിയിലുള്ള ഖനനത്തിന് തുടക്കമിട്ടു. 1880ലാണ് കെജിഎഫില് വലിയതോതിലുള്ള ഖനനം ആരംഭിക്കുന്നത്. ലോകത്തിലെ ഏറ്റവും ആഴമേറിയ രണ്ടാമത്തെ സ്വര്ണഖനിയാണ് കെജിഎഫ്.
അപകടകരമായ തൊഴിലിന് പുരുഷന്മാരെ ആവശ്യമായിരുന്നു. പ്രദേശവാസികള് കൃഷി ഉപേക്ഷിച്ച് ഖനന ജോലികളിലേര്പ്പെടാന് തയ്യാറായില്ല. അതോടെ തമിഴ്നാട്ടില് നിന്ന് തൊഴിലാളികളെ എത്തിച്ചു.ലിറ്റില് ഇംഗ്ലണ്ട് എന്ന പേരില് അവിടം ബ്രിട്ടീഷ് എഞ്ചിനീയര്മാര്ക്കും മറ്റ് സാങ്കേതിക വിദഗ്ധര്ക്കും താവളമായി. മറുവശത്ത് അടിമത്തത്തിന്റെ അടയാളമെന്നോണം കൈയില് കാപ്പിട്ട് തൊഴിലിടങ്ങളിലേക്ക് സ്വീകരിക്കപ്പെട്ട തൊഴിലാളികള്ക്ക് അക്ഷരാര്ത്ഥത്തില് ജയിലായി മാറുകയായിരുന്നു കെജിഎഫ്.
12 മണിക്കൂറിലേറെ ജോലിസമയം, അപകടകരമായ തൊഴില്, നാമമാത്രമായ കൂലി എന്ന അവസ്ഥ. ആവര്ത്തിച്ചുണ്ടായ അപകടങ്ങളില് നിരവധി പേരാണ് കൊല്ലപ്പെട്ടത്. അടിമസമാനമായി ചങ്ങലകളാലും കൈവിലങ്ങുകളാലും ബന്ധിച്ച് തൊഴിലാളികളെ പണിയെടുപ്പിച്ചു. ചെറുത്തുനില്പുകളുണ്ടായെങ്കിലും അവയ്ക്കൊരു സംഘടിതരൂപം ഇല്ലാതിരുന്നതിനാല് എളുപ്പത്തില് അടിച്ചമര്ത്തപ്പെട്ടു.
സഖാവ് വാസന്
സഖാവ് വാസന്.
ജീവിക്കാനുള്ള അവകാശംപോലും ഇല്ലാതിരുന്ന തൊഴിലാളികള്ക്ക് അതിജീവനത്തിന്റെ കരുത്തു പകര്ന്നത് ഒരു സാധാരണ മനുഷ്യനായിരുന്നു. സഖാവ് കെ എസ് വാസന്. 1940ല് മദ്രാസിലെ കമ്യൂണിസ്റ്റ് പാര്ടിയുടെ നിര്ദ്ദേശപ്രകാരം ആ ചെറുപ്പക്കാരന് കോലാറില് എത്തി. കെജിഎഫ് തൊഴിലാളി വി എം ഗോവിന്ദനുമായി ചേര്ന്ന് തൊഴിലാളികളുടെ പക്ഷം പറയുവാനാരംഭിച്ചു. ചെറുപ്രതിഷേധങ്ങള് സംഘടിതമാനം കൈവരിച്ചു.
1941ലെ മൈസൂര് ലേബര് ആക്ടുപ്രകാരം യൂണിയനുകള് നിലവില് വന്നു. യൂണിയനുകളെ ദുര്ബലപ്പെടുത്താന് ബ്രിട്ടീഷ് മാനേജ്മെന്റ് നിരന്തരം ശ്രമിച്ചു. നേതാക്കളെ അറസ്റ്റുചെയ്തു, നാടുകടത്തി, ഊരുവിലക്കി, യൂണിയനുകളെ തമ്മിലടിപ്പിച്ചു. എന്നിട്ടും 1943 ല് നടന്ന ട്രേഡ് യൂണിയന് തിരഞ്ഞെടുപ്പില് കെജിഎഫില് ആദ്യമായി ചെങ്കൊടി പാറി. 1946 ല് 78 ദിവസം നീണ്ട സമരം. 18 ആവശ്യം നേടിയെടുത്തു. മാനേജ്മെന്റിന്റെയും എതിര് യൂണിയനുകളുടെയും പ്രതികാരനടപടികള് തുടര്ന്നു.
1946 നവംബര് നാലിന് വാസനെതിരെ വധശ്രമമുണ്ടായി. അത് തൊഴിലാളികള്ക്കിടയില് വലിയ ചലനമുണ്ടാക്കി. ആയിരത്തോളം തൊഴിലാളികള് പ്രതിഷേധിച്ചു. പൊലീസ് തൊഴിലാളികളെ തല്ലിച്ചതച്ചു. വെടിവെയ്പില് ആറ് സഖാക്കള് കൊല്ലപ്പെട്ടു. രാമയ്യ, കണ്ണന്, ചിന്നപ്പന്, കാളിയപ്പന്, സുബ്രമണി, രാമസ്വാമി. നവംബര് നാല് കെജിഎഫ് രക്തസാക്ഷി ദിനമായി സിപിഐ എം ഇന്നും ആചരിക്കുന്നു.
ക്രൂരമായ അടിച്ചമര്ത്തലുകള് അതിജീവിച്ചും തൊഴിലാളികളെയും കര്ഷകരെയും സംഘടിപ്പിച്ചും കോലാറില് കമ്യൂണിസ്റ്റ് പാര്ടി സമരങ്ങള് നടത്തി. വാസന് 1952 ല് ആദ്യ കമ്യൂണിസ്റ്റ് എംഎല്എ ആയി.
കെജിഎഫ് എന്ന സിനിമ പറയുന്നത് അമാനുഷനായ നായകന്റെ കഥയാണ്. എന്നാല് തൊഴിലാളി വര്ഗത്തിന്റെ സംഘടിത ബോധത്തിനാണ് കെജിഎഫ് ചരിത്രത്തില് നായകസ്ഥാനം.
സിനിമയുടെ ക്യാന്വാസിന് ആവശ്യമുള്ള പശ്ചാത്തലംമാത്രം തെരഞ്ഞെടുത്താണ് കെജിഎഫില് കഥ പറയുന്നത്. പോരാട്ടങ്ങളുടെ രാഷ്ട്രീയമാനത്തെ തമസ്കരിക്കുകയും ചരിത്രത്തോട് സത്യസന്ധത പുലര്ത്താതിരിക്കുകയും ചെയ്യുന്ന കെജി എഫ്, കോലാറിലെ വിപ്ലവത്തൊഴിലാളിപ്പോരാട്ട ചരിത്രത്തെ വഞ്ചിക്കുന്ന ആഖ്യാനമാണ്
(ആമി രാംദാസ് ദേശാഭിമാനിയിലെഴുതിയ കുറിപ്പിന്റെ പ്രസക്തഭാഗങ്ങള്)
ബോളിവുഡിലെ ഏക വിജയം കശ്മീര് ഫയല്സ്
മൂന്ന് പതിറ്റാണ്ടായി ഇന്ത്യന് അധീന കാശ്മീരിനെ ഇളക്കിമറിക്കുന്ന ഇന്ത്യാവിരുദ്ധ കലാപങ്ങള് ആരംഭിച്ച 1990ലാണ് കശ്മീര് ഫയല്സ് എന്ന ചിത്രത്തിന്റെ കഥ നടക്കുന്നത്. അവിടുത്തെ ഹിന്ദു ന്യൂനപക്ഷമായ കാശ്മീരി പണ്ഡിറ്റുകളും പ്രബലരായ മുസ്ലിം ഭൂരിപക്ഷവും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ കഥയാണ് ഇതില് പറയുന്നത്. ഈ ചിത്രം കടുത്ത ഇസ്ലാം ഭീതിയും അസത്യങ്ങളും പ്രകോപനങ്ങളും നിറഞ്ഞതാണെന്നും ചിത്രത്തിന്റെ ട്രെയിലര് പുറത്തുവരുന്നതിനുമുമ്പുതന്നെ തീവ്രവികാരമുണര്ത്തുന്ന രംഗങ്ങള് വര്ഗീയ കലാപം സൃഷ്ടിക്കുമെന്നും മാധ്യമങ്ങള് എഴുതിയ പശ്ചാത്തലത്തില് പൊതുജന ശ്രദ്ധ നേടുകയും ചെയ്തു.
ഇതിനെ പ്രതിരോധിച്ചുകൊണ്ട് ചിത്രത്തിന്റെ സംവിധായകന് പറഞ്ഞത് ”എന്റെ സിനിമയിലെ ഓരോ ഫ്രെയിമും ഓരോ വാക്കും സത്യമാണ്” എന്നാണ്.
ചിത്രം പുറത്തിറങ്ങി ദിവസങ്ങള്ക്കകം ഇതിന് അത്യപൂര്വമായ ഒരു അംഗീകാരം ലഭിക്കുകയുണ്ടായി. രാജ്യം ഭരിക്കുന്ന ഭാരതീയ ജനതാ പാര്ട്ടിയുടെ(ബിജെപി) പാര്ലമെന്ററി ഗ്രൂപ്പ് യോഗത്തില് ”എല്ലാവരും ഇത് കാണണം” എന്ന് ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു.
”വര്ഷങ്ങളോളം മൂടിവയ്ക്കപ്പെട്ടിരുന്ന ഒരു സത്യമാണ് ഈ സിനിമ തുറന്നുകാണിക്കുന്നത്. ഈ സത്യം കാശ്മീര് ഫയലുകളിലൂടെ പുറത്തുവരുന്നു”. മോദി പറയുന്നു. സത്യമെന്ന സിനിമയുടെ അവകാശവാദത്തിന് ലഭിച്ച ഈ അംഗീകാരവും ഈ സത്യങ്ങള് ഇത്രകാലവും മൂടിവയ്ക്കപ്പെട്ടിരുന്നെന്നു ചൂണ്ടിക്കാണിക്കലുമായിരുന്നു ഈ സിനിമയ്ക്ക് നിക്ഷേപിക്കപ്പെട്ട രാഷ്ട്രീയ മൂലധനം.
‘ദ കാശ്മീര് ഫയല്സി’ല് നിറഞ്ഞു നില്ക്കുന്ന കൃത്യമല്ലാത്ത വസ്തുതകളും പ്രൊപ്പഗന്ഡയും സ്ക്രീനില് എത്തുന്ന ഓരോ മുസ്ലിം കഥാപാത്രത്തെയും ലക്ഷ്യമിട്ട് നിരന്തരം ഭയപ്പെടുത്തുന്നവരായി ചിത്രീകരിക്കുന്നുവെന്നും നിരവധി നിരൂപകര് കണ്ടെത്തിയപ്പോഴും ഇന്ത്യന് ബോക്സോഫീസില് ചിത്രത്തിന്റെ കുതിപ്പ് തുടര്ന്നു. തീവ്രവലതുപക്ഷ സംഘങ്ങളിലെ പുരുഷന്മാര് തിയറ്ററുകളില് ത്രിവര്ണ്ണ പതാക വീശി.
മുദ്രാവാക്യം വിളികളും പ്രകോപനപരമായ സംഭാഷണങ്ങളും കാശ്മീരി മുസ്ലിങ്ങള്ക്കു നേരെ മാത്രമല്ല, എല്ലാ മുസ്ലിങ്ങള്ക്കും എതിരായ ആക്രമണങ്ങളും മൂലം പ്രദര്ശനം തുടര്ച്ചയായി തടസ്സപ്പെട്ടു. വാട്സ്ആപ്പ് യൂണിവേഴ്സിറ്റിയെന്ന് പരിഹസിക്കപ്പെടുന്ന വലതുപക്ഷത്തിന്റെ സോഷ്യല് മീഡിയ സംവിധാനത്തിലൂടെ ഈ പ്രതികരണങ്ങള് ആളിക്കത്തിച്ചു. ഇതിലൂടെയെല്ലാം മുന്കാലങ്ങളില് മൂടിവയ്ക്കപ്പെട്ട സത്യങ്ങളാണ് ദ കാശ്മീര് ഫയല്സിലൂടെ പുറത്തുവരുന്നതെന്ന് അവര് അടിവരയിട്ടു പറഞ്ഞു.
വസ്തുതകളുടെ അവശിഷ്ടങ്ങള്ക്ക് അപ്പുറത്തുനിന്ന് കാശ്മീരിനെക്കുറിച്ചുള്ള സത്യങ്ങള് പ്രകോപനപരമായ കെട്ടുകഥകളുമായി കലര്ത്തി നിര്മ്മിച്ചതിലൂടെ ദ കാശ്മീര് ഫയല്സ് വലിയ അജന്ഡയെക്കുറിച്ചുള്ള സൂചനയാണ് നല്കുന്നത്.
(സഞ്ജയ് കാക്ക് അല് ജസീറയിലെഴുതിയ ലേഖനത്തിന്റെ പ്രസക്തഭാഗങ്ങള്)
തമിഴ് സിനിമയില് എന്താണ് സംഭവിക്കുന്നത്?
ഹിന്ദിയിലെയും തെലുങ്കിലെയും കന്നടയിലെയും ഈ പ്രവണതയ്ക്ക് വിരുദ്ധമായ പ്രവണതകളാണ് തമിഴ് സിനിമയില് സംഭവിക്കുന്നത്.
അട്ടക്കത്തി, മദ്രാസ്, കബാലി, കാല, സര്പ്പാട്ട പരമ്പരൈ, പരിയേറും പെരുമാള് ബി എ ബി എല് മേലേ ഒരു കോഡ്, കര്ണന്, അസുരന്, ജയ് ഭീം എന്നിവയടക്കമുള്ള തമിഴ് സിനിമകള് നിര്വഹിക്കുന്ന രാഷ്ടീയചരിത്ര ദൗത്യം തന്നെയാണ്, മറാത്തിയില് കോര്ട്ട്, സായിറത്ത്, ഫാന്ഡ്രി പോലുള്ള സിനിമകളും ഹിന്ദിയില് ആര്ട്ടിക്കിള് പതിനഞ്ച്, സര്ദാര് ഉദ്ദം പോലുള്ള സിനിമകളും നിര്വഹിക്കുന്നത്. സാഹിത്യ അക്കാദമി പുരസ്കാര ജേതാവായ പൂമണിയുടെ വെക്കൈ (താപം) എന്ന നോവലിന്റെ സത്യസന്ധമായ ചലച്ചിത്രാവിഷ്കാരമാണ് അസുരന് എന്നും സബാള്ടേണ് തമിഴ് സിനിമയിലെ നാഴികക്കല്ലാണതെന്നും പോണ്ടിച്ചേരി സര്വകലാശാലയിലെ ഇംഗ്ലീഷ് അധ്യാപകനായ ടി മാര്ക്സ് സാക്ഷ്യപ്പെടുത്തി.
മേല് ജാതിക്കാരായ ജന്മികളുടെ കൃഷിയിടങ്ങളില് ജോലി ചെയ്തിരുന്ന ദളിതരായ കര്ഷകത്തൊഴിലാളികള് കൂലിക്കൂടുതലിനും സ്ഥലമുടമസ്ഥതയ്ക്കും വേണ്ടി നടത്തിവന്ന സമരത്തെ തോല്പ്പിക്കുന്നതിനു വേണ്ടി 1968 ഡിസംബര് 25ന് ദളിതരുടെ വീടുകള് ഒന്നടങ്കം ചുട്ടുകരിക്കുകയും കുട്ടികളും സ്ത്രീകളുമടക്കം നാല്പത്തി നാല് പേര് ജീവനോടെ അഗ്നിക്കിരയാക്കപ്പെടുകയും ചെയ്തു. അവിഭജിത തഞ്ചാവൂര് ജില്ലയിലെ (ഇപ്പോഴത്ത നാഗപട്ടണം ജില്ല) കീഴ് വെണ്മണി എന്ന ഗ്രാമത്തിലാണീ കൊടും ഹത്യ നടന്നത്.
സിപിഐ എമ്മിന്റെയും കര്ഷകത്തൊഴിലാളി യൂണിയന്റെയും സജീവപ്രവര്ത്തകരായിരുന്നു കൊല്ലപ്പെട്ട ദളിതര്. ദളിതരെ ജീവനോടെ ചുട്ടുകരിച്ച ഈ ദാരുണ സംഭവത്തിന്റെ നേര്ചിത്രീകരണം എന്നു തന്നെ പറയാന് കഴിയുന്ന വിധത്തിലുള്ള രംഗങ്ങളും അസുരനിലുണ്ട് എന്നതാണ് ഈ സിനിമയുടെ ചരിത്ര പ്രാധാന്യം. ഇന്ദിര പാര്ത്ഥസാരഥിയുടെ കുരുതിപ്പുനല് (1977) എന്ന നോവലിനെ ആസ്പദമാക്കിയുള്ള കണ് ശിവന്താല് മണ് ശിവയ്ക്കും (1983) എന്ന ഫീച്ചര് സിനിമ, രാമയ്യാവിന് കുടിശൈ(2006) എന്ന ഡോക്കുമെന്ററി, മീന കന്തസ്വാമിയുടെ ജിപ്സി ഗോഡസ്സ്(2014) എന്ന നോവല് എന്നിവയൊക്കെ കീഴ് വെണ്മണി കൂട്ടക്കൊലയെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതാണ്.
കോര്ട്ടില് നിന്നു വ്യത്യസ്തമായി ചന്ദ്രു എന്ന സാമൂഹിക പ്രതിബദ്ധതയും പുരോഗമനമനോഭാവവും കര്മ്മനിരതത്വവും ഉള്ള ഒരു വക്കീല്; അധികാരത്തിന്റെ ബലതന്ത്രങ്ങളെ മുറിച്ചുകടന്ന് നീതി നടപ്പിലാക്കാന് പരിശ്രമിക്കുന്നതാണ് ജയ്ഭീമി(2021 അവസാനം ഇറങ്ങി, 2022 തുടക്കത്തിലെ സജീവചര്ച്ചാവിഷയം)ന്റെ പ്രസക്തി. ജാതി വിരുദ്ധ സമരങ്ങളുടെ അതിശക്തമായ പാരമ്പര്യമുള്ള തമിഴ്നാട്ടില്, ബ്രാഹ്മണ വിരുദ്ധ/ബ്രാഹ്മണേതര ദ്രാവിഡ പാര്ട്ടികളുടെ ഭരണത്തിന്കീഴില് തന്നെയാണ് ഇന്നും ഏറ്റവും നികൃഷ്ടമായ ജാതി വിവേചനങ്ങള് നടക്കുന്നത്. തമിഴ്നാട്ടിലെ ജാതിവിരുദ്ധ പ്രക്ഷോഭങ്ങളില് ഏറ്റവും ശക്തമായ പോരാട്ടങ്ങള് നടത്തിയ, നടത്തിക്കൊണ്ടിരിക്കുന്ന പ്രസ്ഥാനമാണ് സി.പി.ഐ എം. തീണ്ടാമൈ ഒഴിപ്പു മുന്നണി (അയിത്തോച്ചാടനമുന്നണി) എന്ന ഒരു സംഘടന തന്നെ പാര്ട്ടിക്കു കീഴില് കെട്ടിപ്പടുക്കപ്പെട്ടിട്ടുണ്ട്.
ഉത്താപുരത്തെ ജാതിമതില് പൊളിച്ചതടക്കമുള്ള നിരവധി വലുതും ചെറുതുമായ സമരങ്ങള് കര്ഷകസംഘം, കര്ഷകത്തൊഴിലാളി യൂണിയന്, യുവജന-വിദ്യാര്ത്ഥി സംഘടനകള്, തൊഴിലാളി സംഘടനകള് എന്നിവയുടെ സഹായത്തോടെ തീണ്ടാമൈ ഒഴിപ്പുമുന്നണിയും പാര്ടിയും നടത്തിയിട്ടുണ്ട്.ജയ് ഭീം എന്ന ചിത്രത്തില് മുഴുനീളെ ഉയര്ന്നു പാറുന്ന അരിവാള് ചുറ്റിക പതിപ്പിച്ച ചെങ്കൊടി കാണാം.ചുവരില് ഒരുമിച്ചു തൂങ്ങുന്ന മാര്ക്സ്,അംബേദ്കര്,
പെരിയാര് ചിത്രങ്ങള് കാണാം.ലെനിന്റെയും മാര്ക്സിന്റേയും പ്രതിമകള് കാണാം.ചെങ്കൊടി പിടിച്ചു സമരം ചെയ്യുന്ന നായകനായ വക്കീലിനെ കാണാം.ചെങ്കൊടിക്ക് കീഴില് മുദ്രാവാക്യം മുഴക്കുന്ന അതി ദരിദ്ര ദളിത് തൊഴിലാളികളെ കാണാം.എല്ലാം യഥാര്ത്ഥ സംഭവങ്ങള് തന്നെയാണെന്ന് ഇതിനകം വന്ന നൂറു കണക്കിന് അഭിമുഖങ്ങളും വാര്ത്തകളും കുറിപ്പുകളും വഴി തെളിയിക്കപ്പെട്ടുകഴിഞ്ഞു.
രാജാക്കണ്ണ് എന്ന ആദിവാസി തൊഴിലാളി യുവാവിനെയും ബന്ധുക്കളെയും കള്ളക്കേസില് കുടുക്കി ജയിലിലടയ്ക്കുന്നതും കസ്റ്റഡിയില് മര്ദിച്ചു കൊലപ്പെടുത്തുന്നതും പൊലീസും,സ്റ്റേറ്റും ദളിത് ആദിവാസി ജനതയ്ക്കു നേരെ നടത്തുന്ന പൗരവകാശ ലംഘനങ്ങളിലൂടെയും പോകുന്ന സിനിമയില് ചന്ദ്രു എന്ന മുന് സി.പി.ഐ. എം പ്രവര്ത്തകനും സഹയാത്രികനും ആയ അഡ്വക്കേറ്റിനെയാണ് സൂര്യ അവതരിപ്പിച്ചത്.
1993ല് സി പി ഐ എം കമ്മപുരം ഏരിയ സെക്രട്ടറിയോട്, തന്റെ ഭര്ത്താവ് രാജാക്കണ്ണിന്റെ തിരോധനത്തെപ്പറ്റി പരാതി കൊടുക്കാന് ഭാര്യ പാര്വതി എത്തുന്നത് മുതലാണ് രാജാക്കണ്ണ് തിരോധാനക്കേസിന്റെ യഥാര്ത്ഥ ആരംഭം.
കമ്മപുരം പൊലീസ് സ്റ്റേഷനില് ഏരിയ സെക്രട്ടറിയായിരുന്ന രാജാമോഹന്റെ നേതൃത്വത്തില് തുടര്ച്ചയായി നടത്തിയ സമരങ്ങള്ക്കു ശേഷം തമിഴ്നാട് സ്റ്റേറ്റ് കമ്മിറ്റി വിഷയം ഏറ്റെടുത്തു.ആദിവാസി വിഭാഗത്തില് പെട്ട രാജാക്കണ്ണിനു നേരെ തമിഴ്നാട് പോലീസ് നടത്തിയ ക്രൂരതയ്ക്കെതിരെ, ഭാര്യ പാര്വതിയുടെ നിശ്ചയാദാര്ഢ്യത്തോടെയുള്ള പോരാട്ടമാണ് സിനിമയുടെ ഇതിവൃത്തം.
കോടതിയ്ക്കകത്ത് ചന്ദ്രുവും, കോടതിയ്ക്ക് പുറത്ത് സി.പി.ഐ എമ്മും നടത്തിയ ഇടപെടലിന്റെയും സമരങ്ങളുടെയും ഫലമായി നേടിയെടുത്ത നീതിയുടെ സിനിമാവിഷ്കാരമാണ് ‘ജയ് ഭിം.’
സഖാവ് ചന്ദ്രുവിന്റെ ജീവിതം ഒരു പാഠപുസ്തകമാണ്. തമിഴ്നാട്ടില് എസ്.എഫ്.ഐ യുടെ സ്ഥാപക നേതാവായ, നിയമ പഠന കാലത്ത് അവകാശ പോരാട്ടങ്ങളിലും തൊഴിലാളി സമരങ്ങളിലും പങ്കെടുത്തു കോളേജില് നിന്ന് രണ്ട് തവണ പുറത്താക്കപ്പെട്ട,പാര്ട്ടിയുടെ സഹായത്തോടെ നിയമ പഠനം പൂര്ത്തിയാക്കി അധഃസ്ഥിത ജനതയ്ക്കായുള്ള നിയമ പോരാട്ടങ്ങള്ക്കായി ജീവിതം രാഷ്ട്രീയമാക്കിയ, പിന്നീട് ഹൈക്കോടതി ജഡ്ജിയായി ചരിത്ര പ്രധാനമായ വിധികളിലൂടെ ഞെട്ടിച്ച, ഇന്നും ജീവിച്ചിരിക്കുന്ന വിപ്ലവകാരി.
സത്യാനന്തര കാലത്തെ അപനിര്മ്മിക്കപ്പെട്ട വസ്തുതകളും മറവിയുടെ ചവറ്റുകൂട്ടയിലേക്ക് മനഃപൂര്വം വലിച്ചു മാറ്റുന്ന രാഷ്ട്രീയ ചരിത്രങ്ങളും തുറന്ന് അവതരിപ്പിക്കപ്പെടുന്നു എന്നതാണ് ജയ്ഭീമിന്റെ പ്രസക്തി.
ജയ് ഭീമിന്റെ തുടര്ച്ചയായി റൈറ്റര്, വിറ്റ്നസ് എന്നിവ പോലുള്ള സിനിമകളും തമിഴില് ഈ വര്ഷം ഇറങ്ങി.
പാ രഞ്ജിത്ത് തമിഴ് സിനിമയുടെ ഭാഗമായിട്ട് പത്ത് വര്ഷം പിന്നിടുകയാണ്. ജാതിയെ പ്രതിനായകനാക്കി നിരന്തരം സിനിമകള് ഇറങ്ങാന് തുടങ്ങിയ തമിഴ് സിനിമയുടെ ഒരു പതിറ്റാണ്ട് കൂടിയാണിത്. മേല്ജാതി നായകന്റെ ഹീറോയിക് സൃഷ്ടികള്ക്ക് നിറംചാര്ത്തുന്നവ മാത്രമായി ജാതിയെ കണ്ടിരുന്ന ഒരു സിനിമാ സംസ്കാരത്തില് നിന്നാണ് മദ്രാസും, കാലായും കടന്ന് നച്ചത്തിരം നഗര്ഗിരതില് എത്തിനില്ക്കുന്നത്. പാ രഞ്ജിത്തിന്റെ സിനിമാ ഇടപെടലിനെ പിന്തുടര്ന്നും പിന്തുണച്ചും കൂടുതല് സിനിമാ ഇടപെടലുകളുണ്ടായി.
തേവര് മകനും നാട്ടാമയും തുടങ്ങി നിരവധി ജാതി സിനിമകള്ക്ക് കൈയടിച്ച സിനിമാ പ്രേക്ഷകരെ ദളിത് നായകനും നായികയ്ക്കും കൈയടിക്കാന് പ്രാപ്തമാക്കുന്ന ഒരു സിനിമാ വിപ്ലവത്തിന് പാ രഞ്ജിത്ത് വഴിയൊരുക്കി. അഭിമാന ചിഹ്നമായി ജാതിയെ നിര്മിച്ചവര്ക്കിടയില് നിന്ന് വിദ്വേഷത്തിന്റെയും വിവേചനത്തിന്റെയും വെറുപ്പിന്റെയും പ്രത്യയശാസ്ത്രമാണ് ജാതിയെന്ന് ഉറക്കെ വിളിച്ചുപറയാന് ഇത്തരം സിനിമകള്ക്ക് കഴിഞ്ഞു.
ചന്ദ്രു
പോപ്പുലര് കള്ച്ചറില് നിരന്തരം ഇടപെടുന്ന സിനിമക്കാര് നിര്മിച്ച സാംസ്കാരിക മേധാവിത്വം ജാതി- നായിക ആഘോഷങ്ങളുടേതായിരുന്നു. അതിനെ പ്രതിരോധിക്കാന് പ്രതിസംസ്കാരം വേണമെന്ന തിരിച്ചറിവില് കൂടിയാണ് തമിഴില് ഈ സിനിമാധാര ഉടലെടുത്തത്.
സംഘപരിവാറും അവരുടെ ആശയപ്രചാരകരും ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ട് നടത്തുന്ന നീക്കമാണ് ‘ലൗ ജിഹാദ്’. ഇതിനു സമാനമായി ദളിതര് ഇതര ജാതിയിലുള്ളവരെ പ്രണയിക്കുന്നതിനെതിരെ ജാതിഹിന്ദുക്കള് ഉയര്ത്തിയ ആരോപണമാണ് ‘നാടക കാതല്’. ഈ ആരോപണവും അതിന്റെ മറവില് നടത്തുന്ന ദുരഭിമാനക്കൊലകളുമെല്ലാം പ്രമേയമാക്കുകയാണ് നച്ചത്തിരം നഗര്ഗിരത്. ഡയലോഗും മോണോലോഗുമെല്ലാം ഇഴചേര്ന്ന നരേറ്റീവ്, പടത്തിന് കൂടുതല് മികവ് പകരുന്നുണ്ട്.
തമിഴ്നാട്ടില് അരങ്ങേറിയ ദുരഭിമാനക്കൊലകളുടെ യഥാര്ഥ ദൃശ്യങ്ങളും അതിനൊപ്പം വരുന്ന മോണോലോഗുകളുമെല്ലാം ചേരുന്ന ആഖ്യാനഭാഷ വിഷയത്തിന്റെ തീവ്രതയെ പ്രേക്ഷകനിലേക്ക് കൃത്യമായി സന്നിവേശിപ്പിക്കുന്നുണ്ട്. പാസിങ് ഷോട്ടുകളില് തുടങ്ങി സിനിമയില് കടന്നുവരുന്ന ചിഹ്നങ്ങളും പ്രതീകാത്മക പ്രതിനിധാനങ്ങളുമെല്ലാം സിനിമയുടെ ഉള്ളടക്കത്തിനോട് നീതി പുലര്ത്തുന്നുണ്ട്.
(കെ എ നിധിന് നാഥിന്റെ
ലേഖനത്തിന്റെ പ്രസക്തഭാഗങ്ങള്)
മലയാള സിനിമ 2022ലെ പ്രവണതകള്
മലയാള സിനിമ, ഒടിടിയടക്കമുള്ള സാങ്കേതിക വികാസത്തെ അഭിമുഖീകരിക്കാന് വലിയ തോതില് തയ്യാറായ ഒരു വര്ഷമാണ് 2022. എന്നാല്, സിനിമാശാലയുടെ ഒരു അനുബന്ധം എന്ന രീതിയില് കമ്പോള താല്പര്യങ്ങളോടെ മാത്രം സമീപിക്കുന്ന കോര്പ്പറേറ്റ് വീക്ഷണങ്ങള് ഈ മേഖലയിലും നല്ല ഉള്ളടക്കങ്ങള്ക്കുള്ള സാധ്യതകള് വെട്ടിച്ചുരുക്കുന്നു.
2021 ആദ്യം പ്രദര്ശനത്തിനായി തയ്യാറായ ദി ഗ്രേറ്റ് ഇന്ത്യന് കിച്ചണ് എന്ന സിനിമ ആദ്യഘട്ടത്തില് ഏറ്റെടുക്കാന് കോര്പ്പറേറ്റ് ഒടിടികള് തയ്യാറായില്ല. ശബരിമലയിലെ സ്ത്രീ പ്രവേശത്തെ സംബന്ധിച്ച സുപ്രീം കോടതി വിധി നടപ്പിലാക്കാന് തീരുമാനിച്ച സര്ക്കാരിനെതിരെ ഫാസിസ്റ്റുകള് അഴിച്ചുവിട്ട കലാപം കേരളത്തിലെ വലതുപക്ഷം ഏറ്റെടുത്തിരുന്നു. ഇത് പൊതുബോധമായി പരിണമിച്ചെന്നു വിശ്വസിച്ചാണ് യുഡിഎഫ് വിശ്വാസ സംരക്ഷണ മാനിഫെസ്റ്റോ വരെ തയ്യാറാക്കിയത്.
ഈ പൊതുബോധം അനുസരിച്ചാണ് ദി ഗ്രേറ്റ് ഇന്ത്യന് കിച്ചണ് ഏറ്റെടുക്കേണ്ടതില്ലെന്ന് കോര്പ്പറേറ്റുകള് തീരുമാനിച്ചത്. വലതുപക്ഷ ആശയത്തെ തുറന്നുകാട്ടുന്ന സിനിമയായിരുന്നു അത്. ഇതിനെ തുടര്ന്ന് ഒരു പ്രാദേശിക ഒടിടിയിലാണ് ചിത്രം ആദ്യം പ്രദര്ശിപ്പിച്ചത്. ചിത്രം ഹിറ്റായതിനെ തുടര്ന്ന് ഈ ചാനലിന്റെ സെര്വര് തന്നെ തകരാറായി. ജനപ്രിയതയില് സംഭവിച്ച് ഈ ഷിഫ്റ്റ് തിരിച്ചറിഞ്ഞ് ആമസോണ് പ്രൈം ദി ഗ്രേറ്റ് ഇന്ത്യന് കിച്ചണെ തിരിച്ചു വിളിച്ച് പ്രദര്ശിപ്പിച്ചു. മലയാള സിനിമയുടെ ചരിത്രത്തില് തന്നെ നടന്ന ഏറ്റവും സുപ്രധാനമായ കമ്പോള തിരുത്താണ് ഇത്. ഇതിന്റെ ചില തുടര്ച്ചകളും പല ഇടര്ച്ചകളുമാണ് 2022ല് നാം കണ്ടത്.
അമല് നീരദിന്റെ മമ്മൂട്ടിച്ചിത്രം ഭീഷ്മപര്വമാണ് ഈ കൊല്ലത്തെ ഏറ്റവും അധികം പണം വാരിയ സിനിമ. താരാധിപത്യത്തെയും സര്വസംരക്ഷകനെയും ആവര്ത്തിക്കുമെന്ന സ്ഥിരം പ്രമേയം തന്നെയാണിത്. ആറാട്ട്, മോണ്സ്റ്റര് തുടങ്ങി വന് പരാജയങ്ങളായി മാറിയ മോഹന്ലാല് സിനിമകളെ അപേക്ഷിച്ച് കണ്ടിരിക്കാവുന്ന രീതിയില് അവതരിപ്പിക്കാന് സംവിധായകന് സാധിച്ചു എന്നതു മാത്രമാണാശ്വാസം.
പുഴു, റോഷാക്ക് തുടങ്ങി പ്രതിനായകഛായയിലുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കാനുള്ള മമ്മൂട്ടിയുടെ തീരുമാനം സ്വയം പുതുക്കിപ്പണിയാനുള്ള അഭിനേതാവിന്റെ പരിശ്രമങ്ങളായി കണക്കാക്കാം. ഖാലിദ് റഹ്മാന് സംവിധാനം ചെയ്ത തല്ലുമാല, പൊന്നാനിയിലെ മുസ്ലിം ജീവിതം അവതരിപ്പിക്കുന്നു എന്ന ഭാവേന, ആണ് ജീവിതത്തെ സമൂഹത്തിന്റെ മുകളില് പ്രതിഷ്ഠിക്കാനുള്ള ആവേശമാണ് ഉയര്ത്തിക്കാട്ടിയത്.
മലയാള മുഖ്യധാരാസിനിമ, സ്ഥൂല/സൂക്ഷ്മ രാഷ്ട്രീയ വിഷയങ്ങള് കൃത്യമായി അഭിസംബോധന ചെയ്യാന് പ്രാപ്തമായിക്കൊണ്ടിരിക്കുന്നതിന്റെ മികച്ച തെളിവാണ് ജിയോ ബേബി സംവിധാനം ചെയ്ത ശ്രീധന്യ കാറ്ററിംഗ് സര്വീസ്.
നിര്മ്മിത കാണിയെ പ്രതീക്ഷിച്ച് സിനിമയെടുത്തിരുന്നവര് ഹൈദരാബാദിലേയ്ക്കും കൊറിയയിലേയ്ക്കും എഡിറ്റ് സ്യൂട്ടുകളിലേയ്ക്കും നോക്കി നെടുവീര്പ്പിടുന്നതിനിടയിലാണ്, ജിയോബേബി താനവതരിപ്പിച്ച ആ മദ്യപാനിയുടെ മത്തിറങ്ങാത്ത പ്രഭാതമെന്ന പോലെ ഈ സിനിമ വേവിച്ചും വെള്ളമൊഴിച്ച് കുളിര്പ്പിച്ചും നമ്മുടെ തലയില് നിക്ഷേപിച്ചിരിക്കുന്നത്.
ലോകമെമ്പാടുമെന്നതുപോലെ കേരളത്തിലും ആണ്ജീവിതം നുണകളും നാട്യങ്ങളും ഒളിച്ചുകളികളും വഞ്ചനകളും കുഴിമടികളും അസഹിഷ്ണുതകളും അരക്ഷിതത്വങ്ങളും സ്ത്രീവിരുദ്ധതയും നിറച്ച വഷളത്തത്തിന്റെ മറുപേര് മാത്രമാണെന്ന കൊടും യാഥാര്ത്ഥ്യമാണ് ജിയോ ബേബി ശ്രീധന്യയിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്.
ടി വി ചന്ദ്രന് ആലീസിന്റെ അന്വേഷണത്തിലും കെ ജി ജോര്ജ്ജ് ആദാമിന്റെ വാരിയെല്ലിലും ഇക്കാര്യം പറഞ്ഞിരുന്നു. അവര്ക്കുള്ള സല്യൂട്ട് കൂടിയാണ് ശ്രീധന്യ കാറ്ററിംഗ് സര്വീസ്.
വിപിന് ദാസ് സംവിധാനം ചെയ്ത ജയ ജയ ജയ ജയ ഹേ, ആണഹന്തയ്ക്കും ആണധികാരത്തിനും ആണക്രമവാഴ്ചയ്ക്കുമെതിരായ അതിശക്തമായ തിരിച്ചടി മാത്രമല്ല. ആണധികാരവാഴ്ചയെ മുന് നിര്ത്തുകയും അതിനെ ഉള് വഹിക്കുകയും കൊണ്ടാടുകയും ചെയ്യുന്ന കേരള നവ വലതുപക്ഷത്തെ കൃത്യമായ തുറന്നുകാട്ടലുമാണ്.
രാജ് ഭവന് എന്ന വീട്ടു പേരും ഇളിഭ്യരായ ആണ് കൈകളിലെ ചരടു സൂത്രങ്ങളും അവരുടെ നൂലഭീഷ്ടങ്ങളും ബീഫ് നിരോധനങ്ങളും എല്ലാം ചുഴറ്റിയെറിയുന്ന സ്റ്റണ്ടുകളാണ് ജയഭാരതിയ്ക്കു വേണ്ടി ദര്ശന രാജേന്ദ്രന് നടത്തുന്നത്.
നാമജപ കുലസ്ത്രീ കുഞ്ഞു മാളികപ്പുറങ്ങളുടെ വലതാവേശ കൃഷ്ണപ്പരുന്തുകളുടെ ചുറ്റിപ്പറക്കലുകളെ കശക്കിയെറിയുന്ന മലയാള സിനിമയാണ് ജയ ജയ ജയ ഹേ.
മലയാള സിനിമയിലെ നവം നവമായ ഭാവുകത്വത്തിന്റെ കൃത്യമായ അടയാളരേഖയാണ് ആവാസവ്യൂഹം(കൃഷാന്ത്). ശീര്ഷകം തന്നെയാണൊരു കണക്കില് പ്രമേയം/പ്രമേയങ്ങള്. അതേസമയം പ്രമേയങ്ങളുടെ അകം പുറങ്ങളെ സര്വതന്ത്ര സ്വതന്ത്രമായി അലയാന് വിടുകയാണ് സംവിധായകന്. ഭാവനയുടെയും യാഥാര്ത്ഥ്യത്തിന്റെയും രാഷ്ട്രങ്ങളിലൂടെയാണ് ക്യാമറ അഥവാ ചലച്ചിത്രകാരന്റെ അകം/പുറം കണ്ണുകള് സഞ്ചരിക്കുന്നത്. ഇരുവശങ്ങളിലുമുള്ള ചെവികള്ക്കാകട്ടെ നൂതനമായ ശബ്ദപ്രപഞ്ചങ്ങള് തന്നെ ആഗിരണം ചെയ്യാനുണ്ട്.
ഉത്തരാധുനിക കേരളത്തെയാണ് ആവാസവ്യൂഹം ഡോക്കുമെന്റ് ചെയ്യുന്നത്. ഏതു ‘സിനിമാവരി’കളിലൂടെയും അതിലേയ്ക്ക് പ്രവേശിയ്ക്കാം. കേരളം എന്ന രാവണന് കോട്ടയില് നിന്ന് പുറത്തുകടക്കാന് അല്ലെങ്കില് അകത്തെ ഇരുള് വെളിച്ചങ്ങള് തിരിയാന് ഈ സിനിമാത്തെളിച്ചം സഹായിക്കും. ഞാന് പ്രവേശിച്ചത് ദിനം ദിനം കാണികളെ ഗില്ലറ്റിന് ചെയ്യുന്ന ന്യൂസ് അവര് എന്ന വാര്ത്താച്ചവര്/വിഷം എന്ന മാരകാക്രമണത്തിന്റെ നെടും പാതയിലൂടെയാണ്.
പുറത്തു കടന്നതോ പിഎച്ച്ഡിക്കാര് മാത്രം അഭിപ്രായം പറഞ്ഞാല് മതി, ലേഖനപുസ്തകങ്ങള് എഴുതിയാല് മതി, പ്രസംഗിച്ചാല് മതി, ക്ലാസെടുത്താല് മതി എന്ന പുതു ജീര്ണ്ണ വരേണ്യ ജാത്യഹങ്കാരത്തിന്റെ പരിഹാസ്യതയിലൂടെയും. അതിനിടയിലെന്തെല്ലാം ഉള്ക്കാഴ്ചകള്, തുറന്നിടലുകള്!
താരാധിപത്യം, സാമ്പത്തിക-വ്യാവസായിക-വാണിജ്യ-മാധ്യമസംഘടിതാരാധനാ തലങ്ങളിലായി പടര്ന്നു പന്തലിച്ചിട്ടുള്ളതാണ്. എന്റെ തല, എന്റെ ഫിഗര്, എന്റെ ഫുള് ഫിഗര് എന്നിങ്ങനെ അത് സിനിമയെ/സിനിമകളെ മുച്ചൂടും മൂടി നില്ക്കുന്നുമുണ്ട്. ഇതിവൃത്തത്തിനകത്തും അതിന്റെ അധികാരം പ്രയോഗിക്കപ്പെടുകയും ആഖ്യാനത്തിന്റെ ഗതിവിഗതികളെ അത് നിര്ണയിക്കുകയും ചെയ്യുന്നുണ്ട്. അത്തരമൊരു മഹാ ഭാണ്ഡത്തിന്റെ ചരിത്രമാറാപ്പിനോടാണ് പുഴു(രത്തീന) പോരാടുന്നത്. പൊതുബോധ ജനപ്രിയതയുടെ സമസ്താധികാര മേല്ക്കോയ്മയെ വിമത രാഷ്ട്രീയ പ്രയോഗത്തിലൂടെ ഉച്ചാടനം ചെയ്യാനുള്ള ആഭിചാരപ്രക്രിയയാണ് പുഴു ആരംഭിച്ചിരിക്കുന്നത്.
വിശ്വാസം, സുവിശേഷം, സദാചാരം, വ്യഭിചാരം, സന്ന്യാസം, പിതൃത്വം, മതസ്ഥാപനവും വ്യവസ്ഥയും, പൗരോഹിത്യം, സാഹോദര്യം, ഉന്മാദം, ലഹരി, ലിംഗസ്വത്വങ്ങളും സംക്രമണവും എന്നിങ്ങനെയുള്ള ഭ്രമാത്മകമായ മനുഷ്യാവസ്ഥകളിലൂടെ മുന്നോട്ടും മുന്നോട്ടെന്നതിനേക്കാള് പുറകോട്ടും ഉള്ളിലോട്ടുമുള്ള നടത്തങ്ങളും സഞ്ചാരങ്ങളും; സിനിമയുടെയും നാടകത്തിന്റെയും സംയോജനം, ഇതെല്ലാമാണ് അവനോവിലോന (ഷെറി, ദീപേഷ് ടി).
മലയാള മുഖ്യധാരാ സിനിമയിലെ ധീരവും ഉചിതവും പ്രസക്തവുമായ ഇടപെടല് ആണ് നാരദന്(ആഷിക് അബു) എന്ന ചിത്രം.
മാധ്യമാധികാരത്തിന്റെ അക്രമാസക്തവും ജാത്യഹങ്കാരപരവും ഫാസിസ്റ്റ് മൂല്യങ്ങളെ പിന്തുണയ്ക്കുന്നതും പുരുഷമേധാവിത്തപരവുമായ ഇന്ത്യന്/കേരളാവതാരങ്ങള്, ഇന്ത്യന് ഭരണഘടനയ്ക്കും ഇന്ത്യ എന്ന മഹത്തായ ആശയത്തിനും കേരളം എന്ന ചരിത്രപരമായ യാഥാര്ത്ഥ്യത്തിനും എന്തുമാത്രം ഭീഷണിയാണുയര്ത്തുന്നതെന്ന കൃത്യവും വ്യക്തവുമായ ആവിഷ്കാരം.
അവരവരുടെ സമരങ്ങള് അവരവര് തന്നെ ആരംഭിക്കുകയും മുന്നോട്ടുകൊണ്ടുപോകുകയും വേണം. അതാണ് യഥാര്ത്ഥ മനുഷ്യാവകാശ പ്രഖ്യാപനം.
സ്വാതന്ത്ര്യസമരം എന്ന മലയാള ചലച്ചിത്ര സംഘാതം ഉയര്ത്തിപ്പിടിക്കുന്ന സ്വാതന്ത്ര്യസമര നിലപാടാണിത്.
ലിംഗാധികാരം, കുടുംബം എന്ന സ്നേഹനാട്യത്താല് പുറമേ സാധൂകരിക്കപ്പെടുന്നതും അകമേ വേവുന്നതുമായ അധികാരഘടന, ജാത്യധീശത്വത്തിന്റെ നിഷ്ഠുരത, വര്ഗസമരത്തിനൊപ്പവും അതിനകത്തുമായി സജീവമാവുന്ന ലിംഗസ്വത്വ വിമോചനപ്പോരാട്ടങ്ങള്, രക്ഷാധികാരത്തിന്റെ പേരില് കുടുംബത്തിനകത്തും വീടിനകത്തുമുള്ള സങ്കീര്ണ ബലതന്ത്രങ്ങള്, പ്രണയത്തില് നിന്ന് കാല്പനികത ചോരുമ്പോഴുള്ള വിരസ അപമാനവീകരണങ്ങള് എന്നിങ്ങനെ സൂക്ഷ്മതലങ്ങളിലുള്ള മാനുഷിക-കാലികരാഷ്ട്രീയ പ്രശ്നങ്ങള് ആണ് ഫ്രീഡം ഫൈറ്റ് എന്ന ജിയോ ബേബിയുടെ നേതൃത്വത്തില് അഞ്ചു സംവിധായകരും നിരവധി കലാപ്രവര്ത്തകരും ചേര്ന്നൊരുക്കിയ സിനിമ. മലയാള സിനിമാ ചരിത്രത്തിലെയും കേരളീയ സ്വതന്ത്ര ചിന്താഗതിയിലെയും നാഴികക്കല്ലാണ് ഈ സിനിമ.
‘നന്പകല് നേരത്ത് മയക്കം’
മലയാള സിനിമയുടെ പതിറ്റാണ്ടുകളുടെ ചരിത്രത്തില് ഏറ്റവും വലിയ വിഛേദം സൃഷ്ടിക്കുന്ന സിനിമയായി, ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘നന്പകല് നേരത്ത് മയക്കം’ വിലയിരുത്തപ്പെടുമെന്ന കാര്യമാണ് ഈ ലേഖനത്തിലവസാനമായി പറഞ്ഞുവെയ്ക്കാനുള്ളത്. മമ്മൂട്ടി എന്ന സൂപ്പര് മെഗാ താരത്തെ, ക്ലോസപ്പുകള് തീരെയില്ലാതെയാണ് ഈ ചിത്രത്തിലെടുത്തിരിക്കുന്നത്.
ആള്ക്കൂട്ടത്തിലൊന്നായി അതില്ത്തന്നെ ഒന്നില് നിന്ന് പടം കൊഴിഞ്ഞ് മറ്റൊന്നായി മാറുന്ന പരസ്പര ബന്ധമില്ലാത്ത കഥാപാത്രദ്വന്ദ്വമായി സ്വത്വവും തനിമയും നഷ്ടപ്പെട്ട ഒരാളാണ് അദ്ദേഹമവതരിപ്പിക്കുന്ന കഥാപാത്രം.
താരാധിപത്യ ചരിത്രത്തിലെ ഗംഭീരമായ ഒരട്ടിമറി തന്നെയാണത്. ഒരേ സമയം മലയാള സിനിമയും തമിഴ് സിനിമയുമാണ് നന് പകല് നേരത്ത് മയക്കം. കേരളവും തമിഴ് നാടും തമ്മിലുള്ള ബന്ധവും പാരസ്പര്യവും കൊടുക്കല്വാങ്ങലുകളും ധാരണകളും ധാരണപ്പിശകുകളും തെറ്റിദ്ധാരണകളും എല്ലാം പലതായി പെരുകി കടന്നുവരുന്ന അതിനിര്ണായകമായ ഈ സിനിമ ഇന്ത്യന് കേന്ദ്രാധികാരത്തോടുള്ള തമിഴ്കേരള പ്രതിരോധത്തിന്റെ ഒരൈക്യസന്ദേശമായി വായിച്ചെടുക്കാം.