ലഖ്നൗ: യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ കാലാവസ്ഥ മാറ്റത്തിന്റെ സൂചന കാണുന്നില്ലേയെന്ന് ചോദിച്ച് കോണ്‍ഗ്രസ് വക്താവ് ജയ്റാം രമേശ്. രാമക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി ഭാരത് ജോഡോ യാത്രയെ പിന്തുണച്ച ശേഷം ബിജെപി ഓഫീസില്‍ നിന്ന് പ്രവര്‍ത്തകര്‍ യാത്രയെ അഭിവാദ്യം ചെയ്തെന്ന് പറഞ്ഞുകൊണ്ടാണ് ജയ്റാം രമേശിന്റെ ഈ ചോദ്യം.
‘ഭാരത് ജോഡോ യാത്രയെ സ്വാഗതംചെയ്തുകൊണ്ട് അയോധ്യ രാമക്ഷേത്രത്തിലെ പ്രധാന പുരോഹിതന്റെ കത്തിനും ചമ്പത് റായി(രാമക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി)യെപ്പോലുള്ള വിഎച്ച്പി നേതാക്കള്‍ രാഹുല്‍ ഗാന്ധിയെ പ്രശംസിച്ച് കത്തെഴുതിയതിനും ശേഷം, ഇന്ന് ബാഗ്പത്തിലെ ബറൗലിയിലെ ബിജെപി ഓഫീസില്‍നിന്ന് ആവേശത്തോടെ കൈവീശിയാണ് യാത്രികരെ സ്വീകരിച്ചത്. യോഗിയുടെ സംസ്ഥാനത്ത് കാലാവസ്ഥാ വ്യതിയാനത്തിന്റെ സൂചനകള്‍?’, ജയറാം രമേശ് ട്വീറ്റ് ചെയ്തു.
രാജ്യത്തുടനീളം യാത്ര നയിക്കുന്ന രാഹുലിന്റെ പ്രവര്‍ത്തിയില്‍ താന്‍ സന്തോഷിക്കുന്നു. അതില്‍ തെറ്റൊന്നും കാണാത്തതിനാല്‍ അദ്ദേഹത്തിന്റെ യാത്രയെ താന്‍ അഭിനന്ദിക്കുന്നുവെന്നായിരുന്നു ചമ്പത് റായിയുടെ പ്രതികരണം.
താന്‍ ഒരു ആര്‍എസ്എസ് പ്രവര്‍ത്തകനാണ്. രാഹുലിന്റെ യാത്രയെ ആര്‍എസ്എസ് വിലകുറച്ച് കാണുന്നില്ലെന്നും ചമ്പത് റായ് വ്യക്തമാക്കി. ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായിട്ടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഭാരത് ജോഡോ യാത്രയെ പ്രശംസിച്ച് കൊണ്ട് അയോധ്യാ രാമക്ഷേത്രത്തിലെ മുഖ്യ പൂജാരിയും രംഗത്തെത്തിയിരുന്നു. രാജ്യത്തെ ഒന്നിപ്പിക്കാനുള്ള കോണ്‍ഗ്രസിന്റെ നീക്കത്തിന് ആശംസ അറിയിച്ച് കൊണ്ടായിരുന്നു പൂജാരിയായ സതേന്ദ്ര ദാസ് രാഹുലിന് കത്തെഴുതിയത്.
‘നിങ്ങളുടെ ദൗത്യം വിജയിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു, പ്രാര്‍ത്ഥിക്കുന്നു. നിങ്ങളുടെ ദീര്‍ഘായുസ്സിനായി ഞാന്‍ നിങ്ങളെ അനുഗ്രഹിക്കുന്നു. നിങ്ങള്‍ ജനങ്ങളുടെ ക്ഷേമത്തിനും സന്തോഷത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്നു. ശ്രീരാമന്റെ അനുഗ്രഹം നിങ്ങള്‍ക്ക് എപ്പോഴും ഉണ്ടായിരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു’, സത്യേന്ദ്രദാസ് കത്തില്‍ പറഞ്ഞു.
രാഹുലിന്റെ യാത്രയെ പ്രശംസിച്ച് രാമജന്മഭൂമി ട്രസ്റ്റ് മെമ്പറായ ഗോവിന്ദ് ദേവ് ഗിരിയും രംഗത്തെത്തി. അദ്ദേഹത്തിന് അനുഗ്രഹത്തിനായി താന്‍ ശ്രീരാമനോട് പ്രാര്‍ത്ഥിക്കുമെന്നായിരുന്നു ഗോവിന്ദിന്റെ പ്രതികരണം. ഇന്ത്യ ഒന്നിക്കണം, രാജ്യത്ത് ഐക്യം നിലനില്‍ക്കണം. അതിന് ഭാരത് ജോഡോ യാത്ര നല്ലൊരു മുദ്രാവാക്യമാണെന്നും അദ്ദേഹം പ്രതികരിച്ചു.
Story Highlights: JAIRAM RAMESH ABOUT BHARAT JODO YATRA