കോഴിക്കോട്: മത ധാര്‍മിക രംഗത്ത് സമൂഹം ഏറെ വെല്ലുവിളികള്‍ നേരിടുന്ന ഇക്കാലത്ത് സഖാഫികളടക്കമുള്ള മതപണ്ഡിതര്‍ സമൂഹത്തിന് മാതൃകയാവണമെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍. മര്‍കസ് നോളേജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ നടന്ന സഖാഫി സ്‌കോളേഴ്‌സ് സമ്മിറ്റില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഗുരുക്കന്മാരില്‍ നിന്നും ആര്‍ജിച്ച യഥാര്‍ത്ഥ മതത്തില്‍ നിന്ന് വ്യതിചലിക്കാതെ ജീവിക്കാനും ചുറ്റുമുള്ളവര്‍ക്ക് അറിവ് പകര്‍ന്ന് കൊടുക്കാനും പണ്ഡിതര്‍ക്ക് സാധിക്കണം. നിഷ്‌കളങ്കരെ വീഴ്ത്തുന്ന ഒട്ടേറെ കെണികള്‍ ഇപ്പോള്‍ സമൂഹത്തിലുണ്ട്. മണിചെയിന്‍ ബിസിനസില്‍ പണ്ഡിതരെ കരുവാക്കി പലരും തട്ടിപ്പുകള്‍ നടത്തുന്നുണ്ട്. അവയിലൊന്നും അകപ്പെടാതെ സൂക്ഷ്മതയോടെ ജീവിക്കാന്‍ സാധിക്കണമെന്നും കാന്തപുരം പറഞ്ഞു.
സാധാരണ വിശ്വാസികള്‍ വീണുപോവുന്ന നിഷിദ്ധമായ ഇത്തരം പ്രവണതകളുടെ ഗൗരവത്തെക്കുറിച്ച് സമൂഹത്തെ ബോധവത്കരിക്കേണ്ടത് പണ്ഡിതരുടെ ചുമതലയാണ്. തിരുനബിയെ അനുധാവനം ചെയ്യുന്നതിനും സുന്നത്ത് ജമാഅത്തില്‍ ഉറച്ചുനില്‍ക്കുന്നതിലും ഉത്സാഹിക്കണമെന്നും കാന്തപുരം കൂട്ടിച്ചേര്‍ത്തു. സ്‌കോളേഴ്‌സ് സമ്മിറ്റില്‍ പങ്കെടുത്ത മുഴുവന്‍ സഖാഫി പണ്ഡിതരോടും സന്തോഷം കാന്തപുരം അറിയിച്ചു. മര്‍കസിന്റെ പൂര്‍വ്വകാല പ്രവര്‍ത്തകരെയും ഉസ്താദുമാരെയും ചടങ്ങില്‍ അനുസ്മരിക്കുകയും ചെയ്തു.
Story Highlights: kanthapuram ap aboobacker musliar about money chain business