മലപ്പുറം: കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച മലപ്പുറത്ത് ആദര്‍ശ സമ്മേളനം സംഘടിപ്പിക്കും. മലപ്പുറം വലിയങ്ങാടിയില്‍ വൈകീട്ട് 4.30ന് കേരള മുസ്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഇ സുലൈമാന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. തുടര്‍ന്ന് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, ഡോ. അബ്ദുല്‍ ഹകീം അസ്ഹരി തുടങ്ങിയവര്‍ സംസാരിക്കും.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന ആദര്‍ശപ്രചാരണത്തിന്റെ തുടര്‍ച്ചയായാണ് സമ്മേളനമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കോഴിക്കോട് നടന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തില്‍ ഉന്നയിച്ച ചില വിഷയങ്ങള്‍ക്കുള്ള വിശദീകരണവും സമ്മേളനത്തിലുണ്ടാകും. മുജാഹിദ് സമ്മേളനത്തിനുള്ള മറുപടിയായി പരിപാടിയെ കാണാമെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി ഭാരവാഹികള്‍ പറഞ്ഞു.
മുസ്‌ലിം ജമാഅത്തിന് രാഷ്ട്രീയ നിലപാടുകള്‍ ഉണ്ട്. മതസംഘടനയുടെ പരിധിയില്‍ നിന്നുകൊണ്ടാണ് രാഷ്ട്രീയ നിലപാടുകള്‍ എടുക്കുകയെന്നും അവര്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, പൊന്മള മൊയ്തീന്‍കുട്ടി ബാഖവി, സിപി സെയ്തലവി മാസ്റ്റര്‍, കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി, പിഎം മുസ്തഫ കോഡൂര്‍ എന്നിവര്‍ പങ്കെടുത്തു.
Story Highlights: kerala muslim jamaat conference in malappuram