പത്തനംതിട്ട: പത്തനംതിട്ട വെണ്ണികുളത്ത് ദുരന്ത നിവാരണ അതോറിറ്റിയുടെ മോക് ഡ്രില്ലിനിടെ ഒരാള്‍ ഒഴുക്കില്‍പ്പെട്ടു. മോക് ഡ്രില്ലില്‍ പങ്കെടുത്ത ബിനുവാണ് അപകടത്തില്‍ പെട്ടത്. ഫയര്‍ ഫോഴ്‌സിന്റെ സ്‌കൂബ ടീം പെട്ടെന്നു തന്നെ കരക്കെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ബിനുവിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.
പ്രളയ-ഉരുള്‍പൊട്ടല്‍ തയ്യാറെടുപ്പിന്റെ ഭാഗമായാണ് ഇന്ന് സംസ്ഥാന വ്യാപകമായി മോക് ഡ്രില്ലുകള്‍ സംഘടിപ്പിച്ചത്. വെണ്ണികുളത്ത് സംഘടിപ്പിച്ച മോക് ഡ്രില്ലില്‍ നീന്തലറിയാവുന്ന നാട്ടുകാരുടെ സഹായം സംഘാടകര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് ബിനുവും മറ്റു മൂന്ന് പേരും മോക് ഡ്രില്ലിനായി പുഴയിലിറങ്ങിയത്. എന്നാല്‍ ശക്തമായ ഒഴുക്കില്‍ പെടുകയായിരുന്നു.
ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദേശ പ്രകാരമാണ് സംസ്ഥാനത്തെ 70 താലൂക്കുകളില്‍ മോക് ഡ്രില്ലുകള്‍ നടത്തുന്നത്. പ്രളയ-ഉരുള്‍പൊട്ടല്‍ തയ്യാറെടുപ്പുകള്‍ വിലയിരുത്തുന്നതിന് വേണ്ടി സാങ്കല്‍പ്പിക അപകട സാഹചര്യം സൃഷ്ടിച്ചുള്ള രക്ഷാപ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്.
STORY HIGHLIGHTS: Man drowned during mock drill at Pathanamthitta