‘വരനെ ആവശ്യമുണ്ട്’ എന്ന സിനിമയിലൂടെ സംവിധാന രംഗത്തേക്ക് അരങ്ങേറ്റം കുറിച്ച വ്യക്തിയാണ് അനൂപ് സത്യൻ. അനൂപ് മോഹൻലാലിനൊപ്പം ഒരു സിനിമ ചെയ്യാനൊരുങ്ങുന്നു എന്ന വാർത്ത ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ അഭിനേതാക്കളെക്കുറിച്ചുള്ള റിപ്പോർട്ടുകളാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്.
ചിത്രത്തിൽ ശോഭനയായിരിക്കും നായിക കഥാപാത്രത്തെ അവതരിപ്പിക്കുക എന്നാണ് റിപ്പോർട്ട്. മോഹൻലാലിനൊപ്പം നിരവധി ഹിറ്റ് ചിത്രങ്ങളിൽ ജോഡിയായിട്ടുള്ള ശോഭന വീണ്ടും നായികയാകും എന്ന വാർത്ത ആരാധകരിൽ ഏറെ ആവേശമുണ്ടാക്കുന്നുണ്ട്. 2009-ൽ അമൽ നീരദിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ‘സാഗർ എലിയാസ് ജാക്കി റീലോഡഡ്’ എന്ന സിനിമയിലാണ് ഇരുവരും അവസാനമായി ഒന്നിച്ച് അഭിനയിച്ചത്.
ബോളിവുഡ് താരം നസീറുദ്ദീൻ ഷാ, ഷെയിൻ നിഗം, മുകേഷ് എന്നിവരുടെ പേരുകളും അനൂപ് സത്യൻ സിനിമയുടേതായി കേൾക്കുന്നുണ്ട്. മമ്മൂട്ടി പ്രധാന കഥാപാത്രമായ ‘പൊന്തൻമാട’യാണ് നസീറുദ്ദീൻ ഷാ ഇതിന് മുൻപ് മലയാളത്തിൽ അഭിനയിച്ച ഏക ചിത്രം. വർഷങ്ങൾക്കിപ്പുറം ഷാ വീണ്ടും മലയാളത്തിലെത്തുമെന്നതും സിനിമാപ്രേമികൾക്ക് ഏറെ ആവേശമുണ്ടാക്കുന്ന വാർത്തയാണ്. ഷെയിൻ നിഗം മോഹൻലാലിന്റെ മകന്റെ വേഷത്തിലാകുമെത്തുക എന്നും സൂചനകളുണ്ട്.
നിലവിൽ ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പം ‘മലൈക്കോട്ടൈ വാലിബൻ’ എന്ന സിനിമയിലാണ് മോഹൻലാൽ അഭിനയിക്കുന്നത്. ‘റാം’, ‘എമ്പുരാൻ’ എന്നീ സിനിമകളും മോഹൻലാലിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഈ സിനിമകൾക്ക് ശേഷമായിരിക്കും അനൂപ് സത്യന്റെ ചിത്രം ആരംഭിക്കുക. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരായിരിക്കും ചിത്രം നിർമ്മിക്കുക.
story highlights: shobana, naseerudheen shah, shane nigam, mukesh are part of mohanlal-anoop sathyan movie