അടിമാലി: അടിമാലിയില്‍ യുവാവ് മദ്യം കഴിച്ച് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. മരിച്ച കുഞ്ഞുമോന്റെ ബന്ധു സുധീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബീവറേജില്‍ നിന്നും വാങ്ങിയ മദ്യത്തില്‍ വിഷം കലര്‍ത്തുകയായിരുന്നെന്ന് സുധീഷ് പൊലീസിനോട് സമ്മതിച്ചു.
ജനുവരി എട്ടിന് രാവിലെയാണ് അടിമാലി അഫ്സരകുന്നില്‍ നിന്നും വീണു കിട്ടിയ മദ്യമെന്ന് പറഞ്ഞ് സുധീഷ് മരിച്ച കുഞ്ഞുമോന്, അനില്‍ കുമാര്‍, മനോജ് എന്നിവര്‍ക്ക് മദ്യം നല്‍കിയത്. ഇത് കുടിച്ചതോടെ മൂന്നു പേരും അവശനിലയിലായി. ആദ്യം അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച ശേഷം പിന്നീട് മൂന്നു പേരെയും കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ ഗുരുതരാവസ്ഥയില്‍ തുടര്‍ന്ന കുഞ്ഞുമോന് കഴിഞ്ഞദിവസമാണ് മരിച്ചത്.
കുഞ്ഞുമോന്റെ ബന്ധുവായ മനോജിനെ കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് മദ്യത്തില്‍ വിഷം കലര്‍ത്തിയതെന്ന് സുധീഷ് പറഞ്ഞു. സുധീഷിന് മനോജിനോട് വ്യക്തി വൈരാഗ്യം ഉണ്ടായിരുന്നെന്ന സൂചന ലഭിച്ചതോടെ നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് കുറ്റസമ്മതം. സിറിഞ്ച് ഉപയോഗിച്ച് കീടനാശിനി, മദ്യക്കുപ്പിയില്‍ ഒഴിച്ചാണ് സുധീഷ് കൊലപാതകം നടത്തിയതെന്ന് പൊലീസ് അറിയിച്ചു.