പ്രേക്ഷകരെ ആകർഷിക്കാനുള്ള പുതുമയാർന്ന പ്രചാരണതന്ത്രങ്ങൾ മെനയുകയാണ് മലയാള സിനിമ. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്’ വ്യത്യസ്തമായി പ്രൊമോഷൻ നടത്തിയ ചിത്രമായിരുന്നു. പ്രധാന കഥാപാത്രം മുകുന്ദൻ ഉണ്ണിക്ക് സമൂഹ മാധ്യമങ്ങളിൽ അക്കൗണ്ടും അതിലൂടെ കഥാപാത്രത്തെയും സിനിമയെയും പ്രേക്ഷകരിൽ എത്തിക്കുന്നതുമായിരുന്നു ചെയ്തത്.
വ്യത്യസ്തമായ ഒരു അഭിനന്ദന കത്താണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറൽ. ചിത്രത്തിലെ കഥാപാത്രം അഭിനേതാവിന് അയക്കുന്ന ഒരു കത്ത്. ബൈക്കോടിക്കാൻ ലൈസൻസ് നേടിയ മഞ്ജു വാര്യർക്ക് അഭിനന്ദനക്കത്തുമായി രംഗത്തെത്തിയിരിക്കുന്നത് ‘വെള്ളരിപട്ടണ’ത്തിലെ നായിക കെ പി സുനന്ദയാണ്. താൻ സ്കൂട്ടർ പഠിക്കാൻ ഒരുപാട് കഷ്ടപ്പെട്ടുവെന്നും ധൈര്യമുള്ളതിനാൽ മഞ്ജുവിന് ഇതൊക്കെ നിസാരമായിരിക്കുമെന്നും സുനന്ദ കത്തിൽ പറയുന്നുണ്ട്. ചക്കരക്കുടം പഞ്ചായത്ത് അഞ്ചാംവാർഡ് മെമ്പറാണ് സുനന്ദ.
സ്കൂട്ടറോടിക്കാൻ പഠിപ്പിച്ചതിന് സ്ഥിരമായി പണം വാങ്ങുന്ന തന്റെ ആശാൻ കെ പി സുരേഷിന് ഒരു ‘കുത്തും’ കത്തിലുണ്ട്. ഉടൻ തിയേറ്ററുകളിലെത്തുന്ന ‘വെള്ളരിപട്ടണ’ത്തിന്റെ അണിയറപ്രവർത്തകർ പുറത്തിറക്കിയതാണ് പുതുമയാർന്ന കത്ത്.
കത്ത് ഇങ്ങനെ:
”എത്രയും പ്രിയപ്പെട്ട മഞ്ജു വാര്യർ,
ബൈക്കോടിക്കുവാനുള്ള ലൈസൻസ് എടുത്തെന്ന് അറിഞ്ഞതിൽ വളരെ സന്തോഷം. അഭിനന്ദനങ്ങൾ! ഹോ..ഞാനൊക്കെ ഒരു ലൈസൻസ് എടുക്കാൻ പെട്ട പാട് എനിക്കറിയാം. പിന്നെ എന്റെ ആശാൻ കെ പി സുരേഷ് ആയിരുന്നല്ലോ. അതിന്റെ പേരിലുള്ള കണക്ക് ഇപ്പോഴും തീർന്നിട്ടില്ല. (ഇന്നലെയും 500രൂപ മേടിച്ചോണ്ട് പോയി.) മഞ്ജുവിന് പഠനവും ലൈസൻസ് എടുക്കലും ധൈര്യമുള്ളതുകൊണ്ട് ഈസി ആയിരുന്നു എന്നറിയാം. ഞാനിപ്പോഴും ആ പഴയസ്കൂട്ടറിൽ പാൽപാത്രവും വച്ചുകെട്ടി ഇവിടൊക്കെ കറങ്ങി നടക്കുന്നുണ്ട്. പുതിയ ബിഎംഡബ്ല്യു ബൈക്ക് മേടിക്കുമ്പോൾ നമ്മുടെ പഞ്ചായത്ത് വഴി വരണേ.
ഇവിടെ ഹരിതകർമസേനക്കാരും തൊഴിലുറപ്പ് ചേച്ചിമാരും സെൽഫി എടുക്കാൻ കാത്തിരിക്കുയാണ്. എന്റെ കഥ തിയേറ്ററിൽ വരുമ്പോൾ കാണാൻ മറക്കരുതേ. ചിരിവരും. ഉറപ്പ്. അയൽക്കൂട്ടത്തിന്റെ ഒരു മീറ്റിങ് ഉണ്ട്. തത്കാലം നിർത്തുന്നു. ജയ്ഹിന്ദ്.
സ്നേഹത്തോടെ,
കെ പി സുനന്ദ”
ഈയിടെയാണ് മഞ്ജു വാര്യർ ഇരുചക്രവാഹനം ഓടിക്കാനുള്ള ലൈസൻസ് സ്വന്തമാക്കിയത്. സമൂഹമാധ്യമങ്ങളിൽ ആരാധകർ മഞ്ജുവിന് ആശംസയറിയിക്കുന്നുണ്ട്. അതിനൊപ്പമാണ് ഇപ്പോൾ കെ പി സുനന്ദയുടെ അഭിനന്ദനക്കത്തിന്റെ രൂപത്തിൽ ‘വെള്ളരിപട്ടണം’അണിയറപ്രവർത്തകരും ചിത്രത്തിലെ നായികയായ മഞ്ജുവിനെ അഭിനന്ദിച്ച് രംഗത്തുവന്നത്. ഫുൾ ഓൺ സ്റ്റുഡിയോസ് നിർമിക്കുന്ന ചിത്രത്തിന്റെ സംവിധാനം മഹേഷ് വെട്ടിയാറാണ്. മാധ്യമപ്രവർത്തകനായ ശരത്കൃഷ്ണയും സംവിധായകനും ചേർന്നാണ് രചന. കുടുംബപശ്ചാത്തലത്തിലുള്ള പൊളിറ്റിക്കൽ സറ്റയറാണ് സിനിമ. മഞ്ജു കെ പി സുനന്ദയെ അവതരിപ്പിക്കുമ്പോൾ സഹോദരൻ കെ പി സുരേഷ് ആയി സൗബിൻ ഷാഹിർ അഭിനയിക്കുന്നു. തുണിവിനും ആയിഷയ്ക്കും പിന്നാലെ തിയേറ്ററിലെത്തുന്ന മഞ്ജുവാര്യർ ചിത്രമാണ് വെള്ളരിപട്ടണം.
അജിത്തിനൊപ്പം ബൈക്ക് യാത്രയ്ക്ക് പോയ മഞ്ജു വാര്യറുടെ ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറൽ ആണ്. ഇരുവരും ഒന്നിച്ച ‘തുണിവി’ന് ചിത്രങ്ങൾ നൽകിയ പ്രി റിലീസ് പ്രൊമോഷനും വലുതായിരുന്നു. സിനിമയുടെ പ്രചാരണത്തോടനുബന്ധിച്ചുള്ള അഭിമുഖങ്ങളിൽ താൻ ബൈക്ക് റൈഡിംഗ് കാര്യമായെടുക്കാൻ പദ്ധതിയിടുന്നതായും നടി പറഞ്ഞു. അതിന്റെ ആദ്യ പടിയായാണ് ലൈസൻസ് നേട്ടത്തെ ആരാധകർ വിലയിരുത്തുന്നത്.
Story Highlights: Letter to Manju Warrier from Vellaripattanam character K P Sunanda