തിരുവനന്തപുരം: സംസ്ഥാനത്ത് ക്രിസ്മസ് ദിവസങ്ങളില്‍ റെക്കോര്‍ഡ് മദ്യവില്‍പ്പനയാണ് നടന്നത്. എന്നാല്‍ ക്രിസ്മസ് ദിനത്തിലെ മദ്യ വില്‍പ്പന കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറവാണെന്നാണ് കണക്കുകള്‍ പറയുന്നത്. മദ്യത്തിന്റെ വിലകൂട്ടിയെങ്കിലും വില്‍പ്പനയില്‍ നേരിയ കുറവാണുണ്ടായത്.
89.52 കോടി രൂപയുടെ മദ്യമാണ് ക്രിസ്മസ് ദിനത്തില്‍ ബെവ്‌കോ ഔട്ട്‌ലെറ്റ് വഴി വിറ്റത്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം 90.03 കോടി രൂപയുടെ മദ്യവില്‍പ്പനയാണ് നടന്നത്. മദ്യത്തിന് രണ്ട് ശതമാനം വില കൂടിയ ശേഷമുള്ള ആദ്യ ഉത്സവ സീസണായിരുന്നു ഇത്.
എന്നാല്‍ ക്രിസ്മസിന് തൊട്ടുമുന്‍പുള്ള 22, 23, 24 തിയതികളില്‍ മദ്യ വില്‍പ്പന കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടി. 229.80 കോടി രൂപയുടെ മദ്യമാണ് ഈ ദിവസങ്ങളില്‍ വില്‍പ്പന നടന്നത്. അതേ സമയം കഴിഞ്ഞ വര്‍ഷം 215.49 കോടി രൂപയുടെ മദ്യമാണ് വിറ്റത്.
വില്‍പ്പനയില്‍ മുന്നില്‍ നില്‍ക്കുന്നത് കൊല്ലം ആശ്രാമത്തെ ബവ്‌റിജസ് ഔട്ട്‌ലറ്റാണ്. 68.48 ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ വിറ്റത്. രണ്ടാമത് തിരുവനന്തപുരത്തെ പവര്‍ഹൗസ് റോഡിലെ ഔട്ട്‌ലറ്റ്, വില്‍പ്പന 65.07ലക്ഷം. മൂന്നാം സ്ഥാനത്ത് ഇരിങ്ങാലക്കുടയിലെ ഔട്ട്‌ലറ്റാണ്, വില്‍പ്പന 61.49 ലക്ഷം. ബവ്‌റിജസ് കോര്‍പറേഷന് 267 ഔട്ട്‌ലറ്റുകളാണുളളത്.
175 പുതിയ ഔട്ട്‌ലറ്റുകള്‍ തിരക്ക് കുറക്കാനായി ആരംഭിക്കാനും വിവിധ കാരണങ്ങളാല്‍ മുമ്പ് പൂട്ടിപോയ 68 ഔട്ട്‌ലറ്റുകള്‍ പ്രവര്‍ത്തനം ആരംഭിക്കാനും ബവ്‌റിജസ് കോര്‍പറേഷന്‍ തീരുമാനിച്ചിരുന്നു. ഇതിനായി പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. പ്രാദേശിക എതിര്‍പ്പുകള്‍ കാരണം ഷോപ്പുകള്‍ തുടങ്ങാനായി ബുദ്ധിമുട്ടുകള്‍ നേരിടുന്നതായും അധികൃതര്‍ അറിയിച്ചു.
Story Highlights: The people in the state gulped down booze worth Rs 89.52 crore on Christmas day