റായ്പൂര്‍: സ്വന്തം ഗ്രാമത്തിലേക്ക് തിരിച്ചു വരാനാകാതെ ക്രിസ്തുമതം സ്വീകരിച്ചതിന്റെ പേരില്‍ അക്രമിക്കപ്പെട്ട ബസ്തര്‍ നിവാസികളായ ആദിവാസികള്‍. അക്രമത്തിന് ശേഷം ഗ്രാമത്തില്‍ നിന്ന് രക്ഷപ്പെട്ട് ആദിവാസി കുടുംബങ്ങള്‍ നാരായണ്‍പൂരിലുള്ള ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ക്യാംപ് ചെയ്ത് വരികയാണ്. ഇവര്‍ ദ ഹിന്ദു പത്രത്തിന് നല്കിയ ഫോണ്‍ സംഭാഷണത്തിലാണ് വീണ്ടും ആക്രമിക്കപ്പെടുമെന്ന ഭയം കാരണമാണ് ഗ്രാമത്തിലേക്ക് തിരിച്ചു വരാന്‍ മടിക്കുന്നതെന്ന് വെളിപ്പെടുത്തിയത്.
ഡിസംബര്‍ 16നും 18നും ഇടയിലാണ് ഛത്തീസ്ഗഢിലെ റായ്പൂരില്‍ നിന്നും 350 കിലോമീറ്റര്‍ അകലെ ബസ്തര്‍ ഗ്രാമത്തിലുള്ള ആദിവാസി കുടുംബങ്ങള്‍ ആക്രമിക്കപ്പെടുന്നത്. ഗ്രാമവാസികളായ നിരവധി പേര് ക്രിസ്തുമതം സ്വീകരിച്ചിരുന്നു. ഇതിന്റെ പേരിലാണ് ഇവര്‍ ആക്രമിക്കപ്പെട്ടത്.
‘ഞങ്ങളുടെ വിശ്വാസത്തിന്റെ പേരിലാണ് ഞങ്ങള്‍ ആക്രമിക്കപ്പെട്ടത്. ഒന്നര വര്‍ഷം മുന്നെയാണ് ഞാനും എന്റെ കുടുംബവും ക്രിസ്തുമതം സ്വീകരിച്ചിരിച്ചത്. ഇത് എന്റെ ഗ്രാമത്തിലെ പലര്‍ക്കും ഇഷ്ടമായിട്ടില്ല. ഗ്രാമത്തിലെ പുരോഹിതനും എന്നെ ആക്രമിച്ചവരുടെ കൂടെ ഉണ്ടായിരുന്നു. ഒരുമയോടെ ജീവിക്കാന്‍ നിനക്ക് എന്താണിത്ര വിമുഖത എന്ന് അവര്‍ എന്നോട് ചോദിച്ചു. ഞാന്‍ ആരെയും ഉപദ്രവിക്കുന്നില്ല, എനിക്ക് ഇഷ്ടമുള്ള മതം സ്വീകരിക്കുവാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ടെന്ന് ഞാന്‍ മറുപടി പറഞ്ഞു’ രൂപ്ജി സലാം എന്ന ഗ്രാമനിവാസി പറഞ്ഞു.
അടുത്ത കാലത്തായി പൊട്ടിപ്പുറപ്പെട്ട അക്രമങ്ങള്‍ സംസ്കാരത്തിന് മേലുള്ള യുദ്ധമാണെന്നും മിഷണറിമാര്‍ക്കെതിരെയുള്ള നീക്കങ്ങള്‍ സംഘടിതമാണെന്നും നിരീക്ഷകര്‍ അഭിപ്രായപ്പെട്ടു. പതിറ്റാണ്ടുകളായി സമൂഹത്തിന്റെ അടിത്തട്ടിലേക്ക് ഇറങ്ങി മിഷണറീസ് നടത്തുന്ന മതപ്രഭാഷണങ്ങള്‍ ആദിവാസികളുടെ ചിന്താബോധത്തെ വലുതാക്കിയിട്ടുണ്ട്.
വിദ്യാഭ്യാസത്തിന്റെയും സാങ്കേതികതയുടെയും സ്വാധീനം ബസ്തര്‍ ആദിവാസി സമൂഹത്തില്‍ ശക്തമായ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് മനോജ് പാണ്ഡേ പറഞ്ഞു. രണ്ട് പതിറ്റാണ്ടായി ബസ്തര്‍ മേഖലയെ കുറിച്ച് സിനിമയെടുക്കുകയാണ് അദ്ദേഹം. ഗോണ്ടുകള്‍, മുറിയ, ഹല്ബ എന്നീ ആദിവാസി വിഭാഗങ്ങളാണ് പ്രധാനമായും ബസ്തര്‍ മേഖലയിലുള്ളത്.
ഗ്രാമങ്ങളില്‍ നിന്നും ഇറങ്ങിപ്പോയ ക്രിസ്ത്യന്‍ കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള നീക്കവുമായി പൊലീസ് ഗ്രാമത്തിലെത്തിയിരുന്നതായി ഛത്തീസ്ഗഢ് ക്രിസ്ത്യന്‍ ഫോറം പ്രസിഡന്റ് അരുണ്‍ പന്നാലാല്‍ പറഞ്ഞു. എന്നാല്‍ ഗ്രാമവാസികള്‍ അത് ശക്തമായി എതിര്‍ക്കുകയാണ് ചെയ്തത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പൂര്‍ണമായും മൗനം പാലിക്കുകയാണെന്നും പൊലീസ് നടപടികളൊന്നും സ്വീകരിക്കുന്നുമില്ല എന്നും അദ്ദേഹം ആരോപിച്ചു. ‘കഴിഞ്ഞ നാല് വര്‍ഷത്തിനിടെ 380 അക്രമങ്ങളാണ് ക്രിസ്തുമത വിശ്വാസികള്‍ക്ക് നേരെ നടന്നത്. ഹിന്ദു വോട്ട് ശേഖരിക്കാനാണ് 18 മുതല്‍ 20 ലക്ഷം വരുന്ന ക്രിസ്ത്യന്‍ വോട്ടര്‍മാരെ ലക്ഷ്യമിടുന്നത്. ഇതിന് വേണ്ടിയാണ് അധികൃതരും സര്‍ക്കാരും കണ്ണടക്കുന്നത്’ അരുണ്‍ പന്നാലാല്‍ കൂട്ടിച്ചേര്‍ത്തു.
Story highlights: Tribal Christians refuse to return home following recent spate of attacks