സിനിമ ജീവിതത്തിലും യഥാർത്ഥ ജീവിതത്തിലും ഒരുപാട് വീഴ്ചകൾ സംഭവിച്ചയാളാണ് താനെന്ന് നടൻ കുഞ്ചാക്കോ ബോബൻ. അതിൽ നിന്നെല്ലാം ഉയർന്നുവരാൻ ഒരുപാട് ആളുകൾ തന്നെ സഹായിച്ചിട്ടുണ്ടെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു. കൈരളി ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് നടൻ ഈക്കാര്യങ്ങൾ പറഞ്ഞത്.
‘ഞാൻ സിനിമയിലേക്ക് വരുന്നതിന് മുൻപ് എന്റെ കുടുംബത്തിലാണെങ്കിലും സിനിമയിലേക്ക് വന്നതിനുശേഷം എന്റെ കരിയെറിലാണെങ്കിലും ഒരുപാട് വീഴ്ചകൾ സംഭവിച്ചിട്ടുണ്ട്. എന്നാൽ എനിക്ക് ആ വീഴ്ചകളിൽ നിന്നും കരകയറാൻ സാധിച്ചു. എന്റെ കുടുംബമാണ് അതിന്റെ പ്രധാന കാരണം. എന്റെ ഫാമിലി എനിക്ക് നല്ല പിന്തുണ നൽകിയതുകൊണ്ടാണ് എനിക്ക് തിരിച്ചുവരാനും വീഴ്ചകളിൽ നിന്നും കരകയറാനും സാധിച്ചത്.
എന്റെ അമ്മാമ്മ ആണെങ്കിലും അപ്പനാണെങ്കിലും അമ്മയാണെങ്കിലും സഹോദരിമാരാണെങ്കിലും എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. അവർ മാത്രമല്ല എന്റെ ഭാര്യ, ഒരു പരിധി വരെ എന്റെ സുഹൃത്തുക്കൾ അങ്ങനെ എല്ലാവരും. സിനിമയിലെ സുഹൃത്തുക്കൾ മാത്രമല്ല. അതൊന്നും ഞാൻ ഒരിക്കലും മറക്കില്ല.
ഇപ്പോഴും സിനിമയിൽ നാളെ എന്താകുമെന്ന് എനിക്കൊരു ഉറപ്പുമില്ല. ഒരു അഞ്ചു സിനിമ വിജയിക്കുമ്പോൾ നമ്മൾ വിചാരിക്കും എല്ലാ ശരിയാണെന്ന് എന്നാൽ ആറാമത്തെ സിനിമ ആദ്യ ദിവസം തന്നെ പരാജയപ്പെടും അത്രേയുള്ളു സിനിമ. പക്ഷെ അതിൽ നിന്നൊക്കെ പാഠങ്ങൾ പഠിച്ച് മുൻപോട്ട് പോകാൻ കഴിയണം. അങ്ങനെയാണ് വേണ്ടത് എങ്കിൽ മാത്രമേ സിനിമയിൽ എന്തെങ്കിലുമൊക്കെ ആയി തീരാൻ കഴിയു’, കുഞ്ചാക്കോ ബോബൻ പറഞ്ഞു.
STORY HIGHLIGHTS: Kunchacko boban talks about his life and movies