തിരുവവന്തപുരം: നിയമസഭാ സമ്മേളനം ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ തുടങ്ങാന്‍ തീരുമാനം. ബജറ്റ് സമ്മേളനത്തില്‍ തന്നെ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. പതിനഞ്ചാം നിയമസഭയുടെ ഏഴാം സമ്മേളനം പിരിഞ്ഞതായി ഗവര്‍ണറെ അറിയിക്കും. നിയമസഭാ ചേരുന്നത് ചര്‍ച്ച ചെയ്യാന്‍ നാളെ വീണ്ടും മന്ത്രിസഭായോഗം ചേരും.
ബജറ്റ് സമ്മേളനം ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ആരംഭിക്കാമെന്ന സര്‍ക്കാര്‍ തീരുമാനം മാസങ്ങളായി നീളുന്ന സര്‍ക്കാര്‍- ഗവര്‍ണര്‍ പോരിന് അയവ് വരുന്നെന്ന സൂചനയാണ് നല്‍കുന്നത്. പുതിയ കലണ്ടര്‍ വര്‍ഷം നിയമസഭ ചേരുന്നത് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ വേണമെന്നാണ് ചട്ടം. സര്‍ക്കാറുമായി നിരന്തരം ഏറ്റുമുട്ടുന്ന ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കുന്നതിനായി കഴിഞ്ഞ മാസം ചേര്‍ന്ന പതിനഞ്ചാം കേരള നിയമസഭയുടെ ഏഴാം സമ്മേളനത്തിന്റെ തുടര്‍ച്ചയായി ബജറ്റ് സമ്മേളനം നടത്താനായിരുന്നു സര്‍ക്കാരിന്റെ തീരുമാനം.
സമ്മേളനം നീട്ടിക്കൊണ്ടു പോയി നേരെ ബജറ്റ് സമ്മേളനത്തിലേക്ക് കടക്കാനും ശേഷം നയപ്രഖ്യാപനം മെയ് മാസത്തിലേക്ക് നീട്ടാനുമായിരുന്നു സര്‍ക്കാര്‍ നീക്കം. എന്നാല്‍ ഇന്ന് ചേര്‍ന്ന മന്ത്രി സഭയോഗത്തിലാണ് സര്‍ക്കാര്‍ സുപ്രധാന തീരുമാനം എടുത്തിരിക്കുന്നത്. സഭയുടെ ഏഴാം സമ്മേളനം പിരിഞ്ഞതായി ഗവര്‍ണറെ ഔദ്യോഗികമായി അറിയിക്കും. നിയമസഭാ സമ്മേളനം തീര്‍ന്നതായി രാജ്ഭവനെ അറിയിക്കുന്നതോടെ എട്ടാം സമ്മേളനത്തിലാണ് ബജറ്റ് അവതരിപ്പിക്കുക.
സജി ചെറിയാന്റെ സത്യപ്രതിജ്ഞയ്ക്ക് വിയോജിപ്പോടെ ഗവര്‍ണര്‍ അനുമതി നല്‍കിയതിന് പിന്നാലെയാണ് ഗവര്‍ണറെ നിയമസഭയിലെ നയപ്രഖ്യാപന പ്രസംഗത്തിനായി ക്ഷണിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനം. നിര്‍ണായക തീരുമാനത്തിന് മുമ്പ് മുഖ്യമന്ത്രി ഇന്നലെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി ചര്‍ച്ച നടത്തിയിരുന്നു. നിയമസഭ ചേരുന്നത് ചര്‍ച്ച ചെയ്യാന്‍ നാളെ വീണ്ടും മന്ത്രിസഭാ യോഗം ചേരും. ഈ മാസം തന്നെ നയപ്രഖ്യാപന പ്രസംഗത്തോടെ സമ്മേളനം തുടങ്ങും.
Story Highlights: Assembly Eighth Session Will Begin With Governors Declaration Policy