മലയാള സിനിമയ്ക്ക് നിരവധി ചിത്രങ്ങൾ നൽകിയ സംവിധായകനാണ് അമൽ നീരദ്. ‘ബിഗ് ബി’യിലൂടെ സംവിധാന രംഗത്തേക്കെത്തിയ അദ്ദേഹം മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ്, ദുൽഖർ സൽമാൻ, ഫഹദ് ഫാസിൽ തുടങ്ങിയ നടന്മാർക്കൊപ്പം സിനിമകൾ ചെയ്തിട്ടുണ്ട്. അദ്ദേഹം സുരേഷ് ഗോപിക്കൊപ്പം ഒരു സിനിമ ചെയ്യുന്നു എന്ന അഭ്യൂഹങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്.
ഒരു സ്റ്റൈലിഷ് പൊലീസ് ചിത്രത്തിനായാകും സുരേഷ് ഗോപിയും അമൽ നീരദും ഒന്നിക്കുക എന്നാണ് റിപ്പോർട്ട്. മമ്മൂട്ടി നായകനാകുന്ന ‘ബിലാലി’ന് ശേഷമായിരിക്കും ഈ ചിത്രം ആരംഭിക്കുക എന്നും അഭ്യൂഹങ്ങളുണ്ട്.
നിലവിൽ ‘ഭീഷ്മപർവ്വം’ ആണ് അമൽ നീരദിന്റേതായി ഒടുവിൽ റിലീസ് ചെയ്ത ചിത്രം. 1980കളിലെ കൊച്ചിയുടെ പശ്ചാത്തലത്തിലാണ് സിനിമ കഥ പറയുന്നത്. മൈക്കിള്‍ എന്ന കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ഡ്രാമ വിഭാഗത്തിലുള്ള ചിത്രമാണ് ഭീഷ്മപര്‍വ്വം.
അതേസമയം പ്രവീൺ നാരായൺ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് സുരേഷ് ഗോപി ഇപ്പോൾ അഭിനയിക്കുന്നത്. ജെ എസ് കെ എന്ന് താൽക്കാലിക പേര് നൽകിയിരിക്കുന്ന ചിത്രത്തിൽ അദ്ദേഹത്തിന്റെ മകൻ മാധവ് സുരേഷ്, അനുപമ പരമേശ്വരൻ എന്നിവരും പ്രധാന കഥാപാത്രങ്ങളാകുന്നുണ്ട്. ഒരു ഇടവേളക്ക് ശേഷം സുരേഷ് ഗോപി വക്കീൽ വേഷത്തിൽ എത്തുന്നു എന്ന പ്രത്യേകതയുമുണ്ട് ചിത്രത്തിന്.
story highlights: reports that amal neerad and suresh gopi to do a stylish police movie