തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ കോണ്‍ഗ്രസ് അനുകൂല സംഘടനയിലെ ഇരു വിഭാഗങ്ങള്‍ തമ്മില്‍ കയ്യാങ്കളി. സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷനിലെ പ്രവര്‍ത്തകര്‍ തമ്മിലാണ് ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. സംഘര്‍ഷത്തില്‍ ഇരുവിഭാഗത്തിലേയും പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു.
അസോസിയേഷനിലെ ഔദ്യോഗിക പക്ഷവും വിമത പക്ഷവും തമ്മില്‍ ഏറെനാളായി തര്‍ക്കം നിലനില്‍ക്കുന്നതിനിടെയാണ് തിങ്കളാഴ്ച ഉച്ചയോടെ ഇരുവിഭാഗവും തമ്മില്‍ സംഘര്‍ഷമുണ്ടായത്. യൂണിയന്‍ ഹാളിലേക്ക് തന്നെ വിളിച്ചുവരുത്തുകയും 20ലധികം പേര്‍ ചേര്‍ന്ന് മര്‍ദിച്ചുവെന്നും സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്‍ ട്രഷറല്‍ ഹാരിസ് ആരോപിച്ചു.
ഔദ്യോഗിക വിഭാഗം തങ്ങളാണെന്നാണ് ഇരുവിഭാഗവും അവകാശപ്പെടുന്നത്. കമ്മിറ്റി യോഗത്തിലേക്ക് ഹാരിസ് അതിക്രമിച്ച് കയറുകയും കസേര ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തുവെന്നാണ് മറുപക്ഷത്തിന്റെ വാദം. സംഘര്‍ഷത്തില്‍ പരുക്കേറ്റ മൂന്നുപേര്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ ഇരുവിഭാഗവും പൊലീസിലും പരാതി നല്‍കിയിട്ടുണ്ട്.
Story highlights: Clash between Congress Backs Organisation Leaders