കോട്ടയം: സ്ത്രീയുടെ പേരിൽ വ്യാജ ഫേസ്ബുക്ക് ഐ ഡി ഉണ്ടാക്കി അടുപ്പം സ്ഥാപിച്ച് യുവാക്കളുടെ നഗ്‌നചിത്രങ്ങള്‍ കൈക്കലാക്കി ലക്ഷങ്ങള്‍ തട്ടിയെടുത്ത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി എസ് വിഷ്ണു (25)വിനെയാണ് കോട്ടയം സൈബര്‍ പൊലീസ് അറസ്റ്റു ചെയ്തത്. കോട്ടയം കടുത്തുരുത്തി സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്.
2018 മുതൽ പ്രതി യുവാവിനെ ഭീഷണിപ്പെടുത്തി പലപ്പോഴായി 12 ലക്ഷത്തോളം രൂപയും വിലകൂടിയ മൊബൈല്‍ ഫോണും തട്ടിയെടുത്തെന്നാണ് പരാതി. വ്യാജ ഫേസ്ബുക്ക് ഐ ഡിയുണ്ടാക്കി യുവാവിനോട് അടുപ്പം സ്ഥാപിക്കുകയായിരുന്നു. തുടർന്ന് പ്രതി സ്ത്രീയാണെന്ന് തെറ്റിദ്ധരിപ്പിച്ച് നഗ്‌നവീഡിയോകളും മറ്റും അയച്ചുകൊടുത്ത് യുവാവിന്റെ നഗ്‌നചിത്രങ്ങള്‍ കൈക്കലാക്കി. പിന്നീട് ഈ ചിത്രങ്ങൾ വീട്ടുകാർക്ക് അയച്ചുകൊടുക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പണം വേണമെന്ന് ആവശ്യപ്പെട്ടു. ഭീഷണിയെ തുടർന്ന് യുവാവ് 12 ലക്ഷം രൂപ നൽകി. കഴിഞ്ഞദിവസം വീണ്ടും 15 ലക്ഷം ആവശ്യപ്പെട്ടതോടെ യുവാവ് ജില്ലാ പൊലീസ് മേധാവി കെ കാര്‍ത്തിക്കിന് പരാതി നല്‍കുകയായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഫേസ്ബുക്ക് ഐ ഡി വ്യാജമാണെന്നും സ്ത്രീയുടെ പേരിലുളള ഐ ഡി യുവാവാണ് ഉപയോഗിക്കുന്നതെന്നും കണ്ടെത്തി. പണം നല്‍കാന്‍ താമസിച്ചതോടെ 20 ലക്ഷം രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയായിരുന്നു. സൈബർ പൊലീസ് 20 ലക്ഷം നൽകാമെന്ന് പറഞ്ഞാണ് പ്രതിയെ തിരുവനന്തപുരം കിളിമാനൂര്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് സമീപം വിളിച്ചുവരുത്തി പിടികൂടിയത്.
വ്യാജ ഫേസ്ബുക്ക് ഐ ഡി ഉണ്ടാക്കി സൗഹൃദം സ്ഥാപിച്ച് അവരുടെ നഗ്‌നഫോട്ടോ കൈക്കലാക്കി പണം ആവശ്യപ്പെടുകയാണ് പ്രതിയുടെ രീതിയെന്ന് പൊലീസ് വ്യക്തമാക്കി. ഈ രീതിയിൽ നിരവധി ആളുകളിൽ നിന്ന് പ്രതി പണം തട്ടിയെടുത്തിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. ബുധനാഴ്ച പ്രതിയെ കോട്ടയത്ത് കോടതിയില്‍ ഹാജരാക്കും.
STORY HIGHLIGHTS: fake facebook id as woman youth arrested in kottayam