ന്യൂഡല്‍ഹി: മോഷണക്കേസ് പ്രതിയുടെ കുത്തേറ്റ് ഡല്‍ഹിയില്‍ എഎസ്‌ഐ മരിച്ചു. പ്രതിയായ അനീഷിനെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ഉദ്യോഗസ്ഥന് കുത്തേറ്റത്. എഎസ്‌ഐ ശംഭു ദയാല്‍ ആണ് മരിച്ചത്. കയ്യില്‍ കരുതിയിരുന്ന കത്തികൊണ്ടാണ് പ്രതി എഎസ്‌ഐയെ കുത്തിയത്. പ്രതിക്കെതിരെ കൊലപാതകകുറ്റം അടക്കം ചുമത്തിയിട്ടുണ്ട്.
ഉദ്യോഗസ്ഥനെ കുത്തിയതിന്് പിന്നാലെ അനീഷ് രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ ഇയാളെ കൂടുതല്‍ പൊലീസുകാരെത്തി അറസ്റ്റ് ചെയ്തു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് എഎസ്‌ഐ മരിച്ചത്. സംഭവങ്ങളുടെ സിസി ടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു.
ഒന്നിലധികം തവണ പ്രതി ഉദ്യോഗസ്ഥനെ കുത്തുന്നതായി സിസി ടിവിയില്‍ ദൃശ്യങ്ങളില്‍ വ്യക്തമാണ്. വയറിലും അരയിലും കഴുത്തിലും പലയിടത്തും കുത്തുകയായിരുന്നു. സ്റ്റേഷനില്‍ എത്തുന്നതിന് മുമ്പാണ് പ്രതി അനീഷ് എഎസ്‌ഐയെ ആക്രമിച്ചത്. രാജസ്ഥാന്‍ സ്വദേശിയാണ് മരിച്ച ശംഭു ദയാല്‍. മരണത്തില്‍ ഡല്‍ഹി പൊലീസ് അനുശോചനം രേഖപ്പെടുത്തി.
STORY HIGHLIGHTS: ASI dies in Delhi after being stabbed by theft case accused