ഇടുക്കി: ഹൃദ്രോഗിയെ ഡിവൈഎസ്പി ബൂട്ടിട്ട് ചവിട്ടിയെന്ന ആരോപണം തെളിയിക്കുന്ന ഓഡിയോ ക്ലിപ്പ് പുറത്ത്. മലങ്കര സ്വദേശിയായ മുരളീധരനെ തൊടുപുഴ ഡിവൈഎസ്പി മധുബാബു ബൂട്ടിട്ട് മർദ്ദിച്ചുവെന്നായിരുന്നു പരാതി. ഡിവൈഎസ്പി മധുബാബു അസഭ്യം പറയുന്നതും മർദ്ദനമേറ്റ് മുരളീധരൻ നിലവിളിക്കുന്നതും ഓഡിയോയിലുണ്ട്.
മര്‍ദ്ദിച്ചുവെന്ന ആരോപണം ഡിവൈഎസ്പി നിഷേധിച്ചതിന് പിന്നാലെയാണ് ഓഡിയോ പുറത്തുവന്നത്. സമൂഹമാധ്യമങ്ങളിലൂടെ മുരളീധരന്‍ അപകീര്‍ത്തിപ്പെടുത്തിയെന്ന എസ്എന്‍ഡിപി യോഗം തൊടുപുഴ ശാഖയുടെ പരാതിയിലാണ് ഇദ്ദേഹത്തെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയത്. മുരളീധരന്‍ ഉള്‍പ്പെട്ട വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ സ്ത്രീകളെ അപമാനിച്ചുവെന്നായിരുന്നു പരാതി. പ്രവര്‍ത്തി ഇനിയും ആരംഭിക്കുമെന്ന് മുരളീധരന്‍ ആവര്‍ത്തിച്ചതോടെ ഒച്ചയെടുത്ത് സംസാരിച്ചുവെന്നാണ് ഡിവൈഎസ്പിയുടെ വാദം. അല്ലാതെ മര്‍ദ്ദിച്ചിട്ടില്ലെന്നുമായിരുന്നു ഡിവൈഎസ്പിയുടെ വിശദീകരണം.
അതേസമയം നിലവിലെ അന്വേഷണസംഘത്തിൽ നിന്ന് നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് മർദ്ദനമേറ്റ മുരളീധരൻ പ്രതികരിച്ചു. ഡിവൈഎസ്പിയെ രക്ഷിക്കാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്. മറ്റൊരാൾക്കും ഇത്തരം അനുഭവം ഉണ്ടാവരുതെന്നും. അന്വേഷണ സംഘത്തിൽ വിശ്വാസ്യത ഇല്ലാത്തതിനാൽ ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും മുരളീധരൻ വ്യക്തമാക്കി.
ഡിവൈഎസ്പി ബൂട്ടിട്ട് ചവിട്ടി എന്നും മുഖത്തടിച്ചുവെന്നും വയര്‍ലെസ് എടുത്ത് എറിഞ്ഞുവെന്നും പരാതിക്കാരന്‍ ആരോപിച്ചിരുന്നു. മര്‍ദ്ദിക്കുന്നത് കണ്ടുവെന്ന് പരാതിക്കാരന്റെ കൂടെയുണ്ടായിരുന്നയാളും മൊഴി നല്‍കി. ‘എന്റെ നെഞ്ചത്ത് അദ്ദേഹം ചവിട്ടി. ഇവിടെയിരിക്കുന്ന ഡിവൈഎസ്പി സാറാണ് ചവിട്ടിയത്. വയര്‍ലെസ് കൊണ്ട് നെഞ്ചിലേക്ക് എറിഞ്ഞു. ചെവിക്കല്ലിന് ഒരു അടിയും തന്നു. ഈ നില്‍ക്കുന്ന സന്തോഷിനേയും ശിവദാസന്‍ ചേട്ടനേയും എന്നേയുമാണ് വിളിച്ചുവരുത്തിയത്. എന്നെ മര്‍ദ്ദിച്ചു. ഇതാണോ ഒരു ഡിവൈഎസ്പിയില്‍ നിന്നും സാധാരണക്കാരന്‍ പ്രതീക്ഷിക്കേണ്ടത്.’ മുരളീധരന്‍ പറഞ്ഞിരുന്നു.
STORY HIGHLIGHTS: Audio is out to prove Complaint Allegation Against DYSP Thodupuzha