Monday, October 20, 2025
  • Advertise With Us
  • Hello Malayalam
  • Kerala News TV
THE KERALA NEWS
Advertisement
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA
No Result
View All Result
THE KERALA NEWS
No Result
View All Result
Home TRAVEL

ആനന്ദ നഗരത്തിൽ ചെലവിട്ട പൂജാദിനങ്ങൾ : നവരാത്രി നാളിലെ കൊൽക്കത്ത.. കെ ടി ജലിൽ എഴുതുന്നു

by Kerala News - Web Desk 01
October 17, 2022
in TRAVEL
0 0
A A
ആനന്ദ-നഗരത്തിൽ-ചെലവിട്ട-പൂജാദിനങ്ങൾ-:-നവരാത്രി-നാളിലെ-കൊൽക്കത്ത.-കെ-ടി-ജലിൽ-എഴുതുന്നു
Share on WhatsappShare on FacebookShare on TwitterShare on Telegram

സന്ധ്യ മയങ്ങി ഇരുട്ട് പരന്ന നേരത്താണ് ഡംഡം വിമാനത്താവളത്തിൻ്റെ മുകളിൽ വിമാനമെത്തിയത്. എൻ്റെ ശ്രദ്ധ മുഴുവൻ നോക്കെത്താ ദൂരത്തോളം പരന്ന് പ്രകാശിക്കുന്ന നുറുങ്ങുവെട്ടങ്ങളിലേക്കായിരുന്നു. ഒരു നഗരത്തിൻ്റെ വ്യാപ്തിയറിയാൻ രാത്രി എട്ടുമണി നേരത്ത് അവിടെ വിമാനമിറങ്ങിയാൽ മതി. നിലത്തിറങ്ങുന്നതിന് മുമ്പുള്ള ആകാശക്കാഴ്ച അവർണ്ണനീയമാണ്. നക്ഷത്ര പൂരിതമായ ആകാശം താഴെ വീണു കിടക്കുംപോലെ തോന്നും.
ബംഗാളിലെ ഏറ്റവും വലിയ ഉൽസവ കാലത്താണ് കൊൽക്കത്തയിൽ എത്തുന്നത്. ദുർഗ്ഗാദേവിയെ പൂജിക്കാൻ റോഡുകളിലും റോഡുകളുടെ ഓരങ്ങളിലും വെളിച്ചത്തിൽ കുളിച്ച് ഉയർന്ന് നിൽക്കുന്ന പൂജാ പന്തലുകൾ കണ്ണിൽ കൗതുകം ജനിപ്പിക്കും. ജനം ആർത്തലച്ച് വീടിന് പുറത്തിറങ്ങുന്ന നാളുകളാണ് പൂജാ രാവുകൾ. നവരാത്രി ഉത്സവമെന്നും ഈ ആഘോഷം അറിയപ്പെടും. ഒൻപത് ദിവസം നീണ്ടു നിൽക്കുന്ന പൂജാഘോഷം സംസ്ഥാന സർക്കാരിൻ്റെ കൂടി സഹായത്തോടെയാണ് പതിറ്റാണ്ടുകളായി കൊണ്ടാടുന്നത്. ഓരോ രജിസ്റ്റേഡ് പൂജാപന്തലുകൾക്കും അറുപതിനായിരം രൂപയുടെ സർക്കാർ സഹായം ലഭിക്കുമെന്നാണ് വെങ്ങാട് സ്വദേശിയായ സുഹൃത്ത് മുകുന്ദൻ നായർ പറഞ്ഞത്. അദ്ദേഹത്തിൻ്റെ ഭാര്യ ബിന്ദു എൻ്റെ നാട്ടുകാരിയാണ്. കൊൽക്കത്ത ഗവ: മെഡിക്കൽ കോളേജിൽ നഴ്സായി ജോലി ചെയ്യുന്നു. തെരുവുകളെല്ലാം ആൺപെൺ വ്യത്യാസമില്ലാതെ ജനക്കൂട്ടം കയ്യടക്കിയിരിക്കുന്നത് സന്ദർശകരെ അൽഭുതപ്പെടുത്തും. രാത്രി ഇരുട്ടും തോറും ആളുകൾ കൂടിക്കൂടിവരുന്നു. ഗതാഗതക്കുരുക്ക് കൊൽക്കത്തയിൽ സർവ്വസാധാരണമാണ്. പൂജാനാളുകളിൽ പറയുകയും വേണ്ട. ഇത്രയധികം ആളുകൾ കൂടിയിട്ടും വാക്കേറ്റമോ അടിപിടിയോ കശപിശയോ എവിടെയും കാണാനായില്ല. ജനങ്ങളെല്ലാം ഒരുതരം ആത്മീയോൽക്കർഷത്തിലാണെന്ന് തോന്നി. ഭക്തി അവരുടെയെല്ലാം മുഖത്ത് പ്രതിഫലിക്കുന്നുണ്ട്.

തിരുവനന്തപുരത്ത് ആറ്റുകാൽ പൊങ്കാലക്ക് ലക്ഷക്കണക്കിന് സ്ത്രീ ജനങ്ങളാണ് എത്താറ്. അവിടെ ഒരു പ്രശ്നവും ഉണ്ടാകാറില്ല. പൊങ്കാലയോടനുബന്ധിച്ച് ഒരു സ്ത്രീയും കയ്യേറ്റം ചെയ്യപ്പെട്ടതായോ അക്രമിക്കപ്പെട്ടതായോ കേട്ടിട്ടില്ല. സമാനമാണ് ബംഗാളിലെ ദുർഗ്ഗാപൂജയും. ഭക്തി ശരിക്കും ഒരു ലഹരിയാണ്. അത് ചിലപ്പോൾ മനുഷ്യനെ സംസ്കൃതചിത്തനാക്കും. മറ്റു ചിലപ്പോൾ സംസ്കാര ശൂന്യനുമാക്കും. ജനങ്ങളെ സംസ്കാര സമ്പന്നരാക്കുന്ന ഭക്തിയേയാണ് വിശ്വാസികൾ വരിക്കേണ്ടത്. മഹാത്മാഗാന്ധിയേയും ഗോൾവാൾക്കറെയും മനസ്സിൽ സങ്കൽപ്പിച്ചാൽ രണ്ടിനുമുള്ള ഉദാഹരണമായി. വിശ്വാസങ്ങളുടെ ഈ ഇരുതല മൂർച്ച കണ്ടാകും കാറൽ മാർക്സ് അതിനെ “ഓപ്പിയം” എന്നു വിശേഷിപ്പിച്ചത്. നവോത്ഥാന കാലത്തെ യൂറോപ്യൻ മതങ്ങളെ അപഗ്രഥിച്ചത് കൊണ്ടാകും അത്തരമൊരു നിഗമനത്തിൽ മാർക്സ് എത്തിച്ചേർന്നത്.

WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
previous arrow
next arrow

മതം ചിലപ്പോഴെങ്കിലും ഒരു തരം ഉൻമാദമായി മാറുന്നതിന് വർത്തമാന ഇന്ത്യൻ അനുഭവങ്ങളും സിറിയൻ ആടുമേക്കൽ ത്വരയും ധാരാളം മതി. മാർക്സിസം മാറ്റത്തെ എക്കാലത്തും സ്വാഗതം ചെയ്ത തത്വസംഹിതയാണ്. ഒരിക്കലും മാറ്റപ്പെടാത്ത വചനങ്ങളാണ് തൻ്റേതെന്ന് കാറൽ മാർക്സ് ഒരിടത്തും പറഞ്ഞിട്ടില്ല. മതവിശ്വാസികൾ ആരാധനാ മൂർത്തികൾക്കും പ്രവാചകൻമാർക്കും കൽപ്പിക്കുന്ന സ്ഥാനം കമ്മ്യൂണിസ്റ്റുകാർ മാർക്സിന് ഒരിക്കലും നൽകിയിട്ടില്ല. അതുകൊണ്ടാണ് കാലാനുസൃതം പരിവർത്തനങ്ങളെ അഭിമുഖീകരിച്ച് മുന്നോട്ടു പോകാൻ മാർക്സിസത്തിന് സാധിച്ചത്. ശാസ്ത്രീയ സോഷ്യലിസം സാമ്പത്തിക സാമൂഹ്യ മേഖലകളെ ചൂഴ്ന്ന് നിൽക്കുന്ന ദർശനമാണ്. മനുഷ്യജീവിതത്തെ ഭൗതിക സാഹചര്യങ്ങൾക്ക് അനുസൃതമായാണ് കമ്മ്യൂണിസം വ്യാഖ്യാനിച്ചത്. അതുകൊണ്ടാണ് മനുഷ്യ നിർമ്മിത പ്രത്യയശാസ്ത്രങ്ങളിൽ നാനാദേശക്കാർക്കും വിശ്വാസ ധാരകളിൽ പെടുന്നവർക്കും സ്വീകാര്യമായ തത്ത്വസംഹിതയായി മാർക്സിസം മാറിയത്. മതനിഷേധിയായി മാത്രമല്ല മതവിശ്വാസിയായും ഒരാൾക്ക് കമ്യൂണിസ്റ്റാകാൻ കഴിയുമെന്നതാണ് സമകാലിക പാഠം.

IMG-20240906-WA0012
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
previous arrow
next arrow

ജോബ് ചാർനക്ക് എന്ന ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ഉദ്യോഗസ്ഥൻ ഹൂഗ്ലി നദിയുടെ കിഴക്കൻ തീരത്തെ ചതുപ്പ് പ്രദേശം ഒരു വ്യാപാരകേന്ദ്രം പണിയുന്നതിന് തെരഞ്ഞെടുത്തു. അക്കാലത്ത് ഈ പ്രദേശത്ത് ഗോബിന്ദപൂർ, കൊലികത, സുതനുതി എന്നീ മൂന്നു ഗ്രാമങ്ങളാണ് ഉണ്ടായിരുന്നത്. ഈ പ്രദേശമാണ് കൽക്കത്തയായി പരിണമിച്ചത്. ഇന്ത്യൻ നഗരങ്ങളിലെ പ്രായം കുറഞ്ഞ പട്ടണം.

ബ്രിട്ടീഷ് യുഗത്തിൻ്റെ ശേഷിപ്പുകളാണ് ഇവിടുത്തെ അറിയപ്പെടുന്ന കാഴ്ചകളിലധികവും. ബംഗാളിലെ കേളികേട്ട “കാളിഘട്ട്”ക്ഷേത്രം കൽക്കത്തയിലാണ്. “കളിഘട്ടിൽ” നിന്നാണ് പ്രസ്തുത ദേശത്തിന് കൽക്കത്ത എന്ന് പേര് ലഭിച്ചതെന്നാണ് പരമ്പരാഗത വിശ്വാസം. നഗരത്തിലെ “സിദ്ധസർ”ക്ഷേത്രവും പ്രസിദ്ധമാണ്. ഒപ്പം നഖൂദ മസ്ജിദും ടിപ്പു സുൽത്താൻ പള്ളിയും തല ഉയർത്തി നിൽക്കുന്നതും കൽക്കത്തയുടെ അലങ്കാരമാണ്. 1926 ൽ ഗുജറാത്തിലെ കച്ച് ദേശത്ത് നിന്ന് കൽക്കത്തയിലെത്തിയ അബ്ദുറഹീം ഉസ്മാനാണ് നഖൂദ മസ്ജിദ് നിർമ്മിച്ചത്. അദ്ദേഹം ഒരു കപ്പൽ വ്യാപാരിയായിരുന്നത്രെ. അങ്ങിനെയൊരാൾ നിർമ്മിച്ച പള്ളി എന്ന നിലക്കാണ് ”കപ്പൽകാരൻ” എന്നർത്ഥം വരുന്ന “നഖൂദ” എന്ന് മസ്ജിദിന് പേരുകിട്ടിയത്. ഇൻഡോ സാരസൺ വാസ്തു ശിൽപ വിദ്യയുടെ സൗന്ദര്യം മുഴുവൻ ഈ ദേവാലയം കാണുമ്പോൾ ഓർമ്മയിലെത്തും. നമസ്കാര സമയം അല്ലാത്തത് കൊണ്ടാകാം ‘നഖൂദ’യിൽ തിരക്കൊന്നും അനുഭവപ്പെട്ടില്ല. സാധാരണ മസ്ജിദുകളിൽ നിന്ന് വ്യത്യസ്തമായിത്തോന്നി അതിൻ്റെ കെട്ടും മട്ടും. മധ്യാഹ്ന പ്രാർത്ഥനയും അസ്തമയത്തിന് മുമ്പുള്ള പ്രാർത്ഥനയും അവിടെവെച്ച് നിർവ്വഹിച്ചു. പള്ളിത്തെരുവ് മുഴുവൻ ഒറ്റമുറി, രണ്ടുമുറി കച്ചവടക്കാരെക്കൊണ്ടും തെരുവു കച്ചവടക്കാരെക്കൊണ്ടും നിറഞ്ഞിരിക്കുന്നു. ഉച്ചതിതിരിയുന്നതോടെ അങ്ങാടികൾ സജീവമായിത്തുടങ്ങും. വൈകുന്നേരത്തോടെ നടക്കാൻ സ്ഥലമില്ലാതാകും. രാത്രി വൈകുംവരെ തിരക്ക് തുടരും.

രാവിലെ പതിനൊന്ന് മണിക്ക് പുറത്തിറങ്ങി നോക്കുമ്പോൾ നഗരം വിജനമാണ്. തലേദിവസം രാത്രി മുഴുവൻ ഉൽസവ ലഹരിയിൽ ഉണർന്നിരുന്നതിൻ്റെ ആലസ്യം കൽക്കത്തയെ വിട്ടുമാറിയിട്ടില്ല. കാക്കകളുടെ കരച്ചിൽ ഉച്ചയോടടുക്കുമ്പോഴും മരച്ചില്ലകളിൽ നിന്ന് ഉയർന്നു കേട്ടു. അവയും പൂജയിൽ പങ്കെടുത്ത് രാവിനെ പകലാക്കിയ പോലെ. ദുർഗ്ഗാ പൂജാ ആഘോഷ വേളകളിൽ മുസ്ലിങ്ങൾ കാണിക്കുന്ന ഐക്യദാർഢ്യം കൂടെയുണ്ടായിരുന്ന ജന്നത്തുൽ മലിക് എടുത്തു പറഞ്ഞു. ഇന്ദിരാഗാന്ധിയെ അളവറ്റ് സ്നേഹിക്കുന്ന കോൺഗ്രസ് അനുഭാവിയാണ് മലിക്. പക്ഷെ കമ്മ്യൂണിസ്റ്റുകൾ ബംഗാളിൽ തിരിച്ചു വരണമെന്നാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. അതെന്താ കാരണം എന്ന് ചോദിച്ചപ്പോൾ “മറ്റുള്ള പാർട്ടിക്കാരുമായി തുലനം ചെയ്യുമ്പോൾ വളരെ നല്ലവരാണ് അവർ”എന്നായിരുന്നു മലികിൻ്റെ അനുഭവ സാക്ഷ്യം. തൃണമൂൽ വ്യക്തികേന്ദ്രീകൃത പാർട്ടിയാണെന്നും മമതയുടെ കാലം കഴിഞ്ഞാൽ ആ ആൾക്കൂട്ടം ഛിന്നഭിന്നമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജനങ്ങളുടെ മനസ്സിൽ ഇപ്പോഴും സി.പി.ഐ (എം) ഉണ്ടെന്നും തീക്ഷ്ണമായ രാഷ്ട്രീയ സാഹചര്യങ്ങൾ അതിന് തീപിടിപ്പിക്കാമെന്നും അദ്ദേഹം നിരീക്ഷിച്ചു.

1773 മുതൽ 1912 വരെ ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനമെന്ന ഖ്യാതിയാണ് കൽക്കത്തയെ പ്രസിദ്ധമാക്കിയത്. വേനൽക്കാലത്ത് തലസ്ഥാനം ഇവിടെ നിന്നും ഏതാണ്ട് നൂറുകണക്കിന് മൈൽ ദൂരെയുള്ള സിംലയിലേക്ക് മാറ്റും. പത്തൊമ്പതാം നൂറ്റാണ്ടിൽ കിഴക്കിന്റെ “സെയിന്റ് പീറ്റേഴ്സ്ബർഗ്” എന്നും “കൊട്ടാരങ്ങളുടെ നഗരം” എന്നുമെല്ലാം കൽക്കത്ത അറിയപ്പെട്ടു. ഹൗറ ഉൾക്കൊള്ളുന്ന വിശാല കൽക്കത്ത ഇന്ത്യയിൽ ഏറ്റവുമധികം വ്യവസായവൽക്കരിക്കപ്പെട്ട മേഖലയാണ്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യം ഇന്ത്യയിൽ നിന്നും കടൽ വഴിയുള്ള വ്യാപാരത്തിന്റെ പകുതിയോളം നടന്നത് കൽക്കത്ത തുറമുഖം വഴിയാണ്. വിശാലമായ ഗംഗാതടത്തിൽ നിന്നുള്ള കാർഷിക വിഭവങ്ങളും അസമിൽ നിന്നുള്ള തേയിലയും ലോക മാർക്കറ്റുകളിലെത്തിയത് ”ആനന്ദ നഗരത്തി”ലൂടെയാണ്.

സമുദ്രാതിർത്തിയിൽ നിന്ന് നിരവധി മൈലുകൾ അകലെയാണ് ഈ മഹാനഗരത്തിൻ്റെ കിടപ്പ്. നദിയിലൂടെയുള്ള കപ്പൽപാത ഇടക്കിടെ മണ്ണടിഞ്ഞ് ആഴം കുറഞ്ഞു പോകും. പുറം കടലിൽ നിന്ന് കപ്പലുകൾ ഈ തുറമുഖത്തെത്താൻ മൂന്നു ദിവസത്തോളം എടുത്തിരുന്നതായി പഴമക്കാർ പറഞ്ഞു. ഒരു വലിയ തുറമുഖത്തിന് ചേരാത്ത ചില പോരായ്മകളും കൽക്കത്തക്കുണ്ട്. എങ്കിലും മികച്ച തുറമുഖങ്ങളുടെ മുൻനിരയിലാണ് അതിൻ്റെ സ്ഥാനം. ലോകയുദ്ധ കാലങ്ങളിൽ ഏറ്റവും വേഗത്തിൽ കയറ്റിറക്കുമതികൾ കൈകാര്യം ചെയ്തിരുന്ന തുറമുഖമെന്ന കീർത്തി നെറ്റിയിൽ ചാർത്തിയാണ് ഇപ്പോഴും കൽക്കത്തയുടെ നിൽപ്പ്.
ദശലക്ഷക്കണക്കിന് ജനസംഖ്യയുള്ള ഈ മഹാനഗരം ഇന്ത്യയിലെ മൂന്നാമത്തെ ഏറ്റവും വലിയ പട്ടണമാണ്. ഹൗറ മുനിസിപ്പൽ കോർപ്പറേഷനിൽ 10 ലക്ഷത്തിലധികം ജനങ്ങളുണ്ട്. കൊൽക്കത്ത, ഹൌറ എന്നീ കോർപ്പറേഷനുകളും അതിനോട് ചേർന്ന മുപ്പത്തഞ്ചിലധികം മുനിസിപ്പാലിറ്റികളും കൂടിച്ചേർന്ന വൻനഗരമാണത്. രണ്ടായിരാമാണ്ടിനു ശേഷമാണ് കൽക്കത്ത കൊൽക്കൊത്തയായത്. ബ്രിട്ടീഷ് ഭരണത്തിൻ്റെ ആസ്ഥാനം കൽക്കത്തയിൽ നിന്ന് ദില്ലിയിലേക്ക് മാറ്റിയതോടെ ലോകത്തിലെ പേരുകേട്ട തുറുമുഖ നഗരത്തിൻ്റെ പൊലിമ മങ്ങി. കൊൽക്കൊത്തയുടെ ചരിത്രം ഇന്ത്യയുടെ ഇതരഭാഗങ്ങളിൽ നിന്ന് തീർത്തും വ്യത്യസ്തമാണ്. ഇന്ത്യൻ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിൻ്റെ തീച്ചൂളയായും, ഇടതുപക്ഷ പ്രസ്ഥാനത്തിൻ്റെ ഈറ്റില്ലമായും, തൊഴിലാളി യൂണിയനുടെ ആസ്ഥാനമായും, ഇന്ത്യൻ ഫുട്ബോളിൻ്റെ “മെക്ക”യായും, കൽക്കത്ത ചരിത്രത്തിൽ സ്ഥാനം പിടിച്ചു.

ഹൗറയേയും കൽക്കത്തയേയും ബന്ധിപ്പിക്കുന്ന പാലമാണ് രബീന്ദ്രസേതു അഥവാ ഹൗറ പാലം. നദിക്ക് കുറുകെ ഒരു തൂണുപോലുമില്ലാതെയാണ് ഇത് നിർമ്മിക്കപ്പെട്ടിരിക്കുന്നത്. കപ്പൽ കടന്നു പോകുമ്പോൾ ഇരുഭാഗത്തേക്കുമായി പാലം സങ്കോചിക്കും. കൂടാതെ വിദ്യാസാഗർ സേതു, വിവേകാനന്ദ സേതു എന്നിങ്ങനെ രണ്ടു പാലങ്ങൾ കൂടി ഹുഗ്ലി നദിക്ക് കുറുകെയുണ്ട്. ഇന്ത്യയിലെ 90% ചണമില്ലുകളും ഹൗറയിലാണ്. എന്നാൽ 1947 ലെ വിഭജനത്തിൽ ചണ ഉൽപാദന മേഖലകളിൽ മഹാഭൂരിഭാഗവും കിഴക്കൻ പാക്കിസ്ഥാനിലായി. അതോടെ അസംസ്കൃത ചണത്തിൻ്റെ വരവ് നിലച്ചു. ചണ വ്യവസായം ക്ഷീണിക്കുന്നതിന് ഇത് കാരണമായി. ലൈൻ ബസ്സിലാണ് ഹൗറയിലേക്ക് പുറപ്പെട്ടത്. ഗംഗാ നദി ഹുഗ്ലി നദിയിൽ ലയിച്ച് ഒന്നിച്ചൊഴുകിയാണ് കടലിൽ പതിക്കുന്നത്. ഗംഗാ ജലം കലർന്ന വെള്ളത്തിൽ കുളിച്ച് പാപമുക്തി നേടാൻ നിരവധി പേരാണ് ഹൗറാ പാലത്തിന് താഴെ നട്ടുച്ചക്കും തിരക്ക് കൂട്ടുന്നത്. നദിക്കരയിലെ ആര്യവേപ്പിൻ്റെ ചുവട്ടിൽ ഭാരതപ്പുഴയോളം വീതിയിൽ കുത്തിയൊലിച്ച് പരന്നൊഴുകുന്ന ഹുഗ്ലിയെ നോക്കി കുറേനേരം നിന്നു. തണുത്ത കാറ്റ് ഉച്ചച്ചൂടിനെ ശമിപ്പിച്ച് തൊട്ടുരുമ്മി കടന്ന് പോയി. സുഖമുള്ള തെന്നലേറ്റ് മരത്തണലിലുള്ള ഇരിപ്പ് മനസ്സിനെ ശാന്തമാക്കി. നിളാനദിയും തിരൂർ പുഴയും അറബിക്കടലിൽ ലയിക്കുന്നിടത്ത് പണിയാൻ പോകുന്ന ഹൗറ മോഡൽ “ഫ്ലോട്ടിംഗ് ബ്രിഡ്ജി”ൻ്റെ രൂപം എൻ്റെ മനസ്സിൽ തെളിഞ്ഞ് വന്നു. തീരദേശ ഹൈവേയുടെ ഭാഗമായാണ് പൊന്നാനി-പടിഞ്ഞാറേക്കര ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന പാലം തവനൂരിനും പൊന്നാനിക്കുമിടയിൽ നിർമ്മിക്കാൻ പോകുന്നത്. അഴിമുഖത്തായതിനാൽ ചരക്കു കപ്പലുകൾക്ക് തുറമുഖത്തോട് അടുക്കാനുള്ള സാങ്കേതിക മികവോടെയാകും പാലം പണിയുക.

നാഷണൽ ലൈബ്രറിയും വിക്ടോറിയ ഹാളും നാഷണൽ മ്യൂസിയവും ബിർള പ്ലാനറ്റോറിയവും മദർ തരേസയുടെ ആശ്രമവും ഏഷ്യാറ്റിക് സൊസൈറ്റിയുടെ ആസ്ഥാനവും വിശ്വഭാരതിയും എണ്ണമറ്റ ദേശീയ ശാസ്ത്ര സാങ്കേതിക മാനേജ്മെൻ്റ് ഇൻസ്റ്റിറ്റ്യൂട്ടുകളും കൊൽക്കത്തയുടെ യശസ്സിന് പ്രൗഢി പകർന്ന് നഗരത്തിലും പ്രാന്തപ്രദേശങ്ങളിലുമായി ശിരസ്സുയർത്തി നിൽക്കുന്നു.

ഊബർ ടാക്സി വിളിച്ച് നേരെ പോയത് മോഹൻബഗാൻ്റെയും ഈസ്റ്റ് ബംഗാളിൻ്റെയും മുഹമ്മദൻസ് സ്പോർട്ടിംഗിൻ്റെയും ആസ്ഥാനങ്ങളും സ്റ്റേഡിയങ്ങളും കാണാനാണ്. ക്രിക്കറ്റ് പ്രചാരം നേടുകയും ലോക കപ്പിൽ ഇന്ത്യ ചാമ്പ്യൻമാരാവുകയും ചെയ്തതോടെ ജനങ്ങൾ ക്രിക്കറ്റിനു പിന്നാലെയായി. വേൾഡ് കപ്പ് കളിക്കാൻ പോലും ഇന്ത്യൻ ഫുട്ബോളിന് കഴിയാത്തത് ജനങ്ങളിൽ ഉണ്ടാക്കിയ നിരാശ കൽക്കത്തയിലുൾപ്പടെ ഫുട്ബോളിൻ്റെ നിറം മങ്ങുന്നതിന് ഹേതുവായി. ക്ലബ്ബ് ഫുട്ബോളുകളുടെ വസന്തം തീർത്ത കൽക്കത്തയിലെ ഫുട്ബോൾ സ്റ്റേഡിയങ്ങൾ നിറയുന്നത് ഇന്നൊരു അപൂർവ്വ സംഭവമാണ്. ലോക ക്രിക്കറ്റ് കിരീടം ഇന്ത്യ നേടിയതിൻ്റെ ജ്വരത്തിൽ കൽക്കത്തയും ഫുട്ബോളിനെ കയ്യൊഴിയുകയാണോ? ഈഡൻ ഗാർഡൻ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ എത്തിയപ്പോൾ കണ്ട സന്ദർശകരുടെ ആവേശം അത്തരമൊരു ധാരണ ബലപ്പെടുത്തും. അവിടെ വെച്ച് നിലമ്പൂർകാരായ രണ്ട് എഞ്ചിനീയറിംഗ് വിദ്വാർത്ഥികളെ കണ്ടു. തൃശൂർ ഗവ: എഞ്ചിനീയറിംഗ് കോളേജിൽ പഠിക്കുന്ന അവർ തിരിച്ചറിഞ്ഞപാടെ അടുത്ത് വന്ന് പരിചയപ്പെട്ടു. നാടുകാണാൻ ഇറങ്ങിയതാണവർ. വിശേഷങ്ങൾ പറഞ്ഞ് സെൽഫി എടുത്തു. രണ്ട് വഴിക്കായി ഞങ്ങൾ യാത്ര തുടർന്നു. കൽക്കത്തയിൽ ഫുട്ബോൾ ഭ്രാന്ത് കുറയുന്നതിൻ്റെ ചില വാർത്തകൾ കൽക്കട്ടൻ ഫുട്ബോൾ പ്രേമികൾ പങ്കുവെച്ചു. കൽക്കത്തയിലെ വമ്പൻമാരുടെ സ്റ്റേഡിയങ്ങൾ കണ്ട് മടങ്ങുമ്പോൾ ഉഗ്രപ്രതാപികളുടെ വർത്തമാന അവസ്ഥയോർത്ത് മനസ്സുലഞ്ഞു.

മദർ തരേസയുടെ ആശ്രമം മുമ്പ് രണ്ട് തവണ സന്ദർശിച്ചിട്ടുണ്ട്. തെരുവുകളിൽ അനാഥമാക്കപ്പെട്ട ജന്മങ്ങൾക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച മഹാവനിതയാണ് മദർ തരേസ. സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകി ലോകം അവരെ ആദരിച്ചു. ചരിത്രത്തിലെവിടെയും ഒരു കന്യാസ്ത്രീയുടെ മരണത്തെ തുടർന്ന് ഒരാഴ്ച ദേശീയ ദു:ഖാചരണം ആചരിച്ചിട്ടുണ്ടാവില്ല. എന്നാൽ ഇന്ത്യയിൽ അതുണ്ടായി. മദർ തരേസ മരണം പൂകിയപ്പോൾ. ആശ്രമത്തിൻ്റെ പരിസരത്തുകൂടെ കടന്നു പോകുമ്പോൾ തന്നെ ഹൃദയം ശാന്തിമന്ത്രങ്ങൾ കൊണ്ട് നിറയും. സഫലമായ സന്യാസ ജീവിതത്തിനു മുന്നിൽ അറിയാതെ ശിരസ്സ് കുനിഞ്ഞു. വിക്ടോറിയ ഹാൾ നേരത്തെ കണ്ടിരുന്നു. ദുർഗ്ഗാ പൂജയോടനുബന്ധിച്ച് ഏതാണ്ടെല്ലാ സ്ഥാപനങ്ങളും അടവായിരുന്നതിനാൽ വിക്ടോറിയാ ഹാളും തുറന്നിരുന്നില്ല. എന്നാലും പുറത്ത് ചുറ്റി നടന്ന് ദൂരക്കാഴ്ചയുടെ ഫ്രെയ്മിൽ പതിപ്പിച്ചു. വിക്ടോറിയ രാജ്ഞിയുടെ മരണത്തെ തുടർന്ന് അന്നത്തെ വൈസ്രോയി കഴ്സൺ പ്രഭുവാണ് ബ്രിട്ടീഷ് ഇന്ത്യയുടെ ഭരണതലസ്ഥാനമായ കൽക്കത്തയിൽ രാജ്ഞിയുടെ ഓർമ്മ മന്ദിരത്തിന്റെ നിർമ്മാണത്തിന് തുടക്കമിട്ടത്. ബംഗാൾ വിഭജനത്തിനെതിരായ പ്രക്ഷോഭം കൊടുമ്പിരി കൊള്ളവെ വേൽസ് രാജകുമാരൻ സ്മാരകത്തിൻ്റെ ശിലാസ്ഥാപനം നിർവ്വഹിച്ചു. 1921 ലാണ് വിക്ടോറിയ ഹാൾ പൊതുജനങ്ങൾക്കായി വിട്ടുകൊടുത്തത്. അധികം വൈകാതെ ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനം കൽക്കത്തയിൽ നിന്ന് ഡെൽഹിയിലേക്ക് മാറ്റി. അതോടെ വിക്ടോറിയ മെമ്മോറിയലിന് തലസ്ഥാനനഗരിയിലെ ശ്രദ്ധേയ സ്മാരകം എന്ന സ്ഥാനം നഷ്ടമായി. പൂജാ അവധി കാരണമാകും വിനോദ സഞ്ചാരികൾ തീരെ കുറവായിരുന്നു.
അതിനടുത്തുള്ള ബിർള പ്ലാനറ്റോറിയം കാണണമെന്ന് ഉണ്ടായിരുന്നു. നോക്കിയപ്പോൾ അതിൻ്റെ വാതിലും അടഞ്ഞു കിടന്നു.

സന്ധ്യ മയങ്ങാറായപ്പോഴാണ് “കാളിഘട്ട്” മന്ദിറിലേക്ക് പുറപ്പെട്ടത്. ഫ്ലൈ ഓവറിൻ്റെ പണി നടക്കുന്നതിനാൽ വഴി ചെറുതും ചെളി നിറഞ്ഞതുമായിട്ടുണ്ട്. പൂജയുടെ അവസാന നാളായതിനാൽ നല്ല തിരക്ക് അനുഭവപ്പെട്ടു. എല്ലാ തീർത്ഥാടന കേന്ദ്രങ്ങളിലുമെന്നപോലെ പ്രയാസപ്പെടുന്നവരെ സഹായിക്കാൻ ‘ചിലർ’ അവിടെയും നിൽക്കുന്നത് കണ്ടു. അവരിലൊരാളെ ഞാൻ നോട്ട് ചെയ്തു. പലരെയും അദ്ദേഹം സഹായിക്കുന്നത് കാണാമായിരുന്നു. കേരളത്തിൽ നിന്നാണെന്ന് അറിയുന്ന ഹിന്ദിയിൽ പറഞ്ഞൊപ്പിച്ചു. അലിവ് തോന്നിയത് കൊണ്ടാകണം എന്നെ മറ്റൊരു വഴിക്ക് അയാൾ പ്രതിഷ്ഠയുടെ മുന്നിലെത്തിച്ചു. വിശ്വാസികളുടെ ഭക്തിപ്രകടനം കുറച്ചു സമയം നോക്കി നിന്നു. ബഹുമാനാദരങ്ങളോടെ പ്രസാദം നിരസിക്കാതെ പതുക്കെ പിൻവാങ്ങി. മടങ്ങുമ്പോൾ സഹായിക്ക് ഞാനൊന്ന് ‘കൈമടക്കി’. സ്നേഹത്തോടെ “ഹദിയ” (സംഭാവന) അദ്ദേഹം സ്വീകരിച്ചു. നന്ദി പറഞ്ഞ് ഉടൻ തിരക്കിൽ നിന്ന് സ്ഥലം കാലിയാക്കി. കാളീദേവിയുടെ അനുഗ്രഹം വാങ്ങാൻ എത്തിയവരിൽ മഹാഭൂരിഭാഗവും സ്ത്രീകളാണ്. ശേഷിക്കുന്ന പുരുഷൻമാർ അവർക്ക് കൂട്ടുവന്നവരും. പൂജാ പന്തലുകളിലും ക്ഷേത്രങ്ങളിലും എത്തുന്ന സ്ത്രീകളെ ആരും നോട്ടത്തിൽ പോലും പ്രയാസപ്പെടുത്തുന്നില്ല. ഒരാളും അവരെ ശല്യപ്പെടുത്താൻ മുതിരുന്നുമില്ല. പൂജാ നാളുകളിൽ സ്ത്രീ കൽക്കത്താ തെരുവുകളിൽ തീർത്തും സുരക്ഷിതയായാണ് കാണപ്പെട്ടത്. കാളിയുടെ സ്നാന ഘട്ടം എന്ന അർത്ഥത്തിലാണ് കാളിഘട്ട് മന്ദിർ എന്ന പേര് ക്ഷേത്രത്തിന് വന്നതത്ര. ശിവന്റെ രുദ്ര താണ്ഡവത്തിൽ സതിയുടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങൾ വീണതായി പറയപ്പെടുന്ന 51 ശക്തിപീഠങ്ങളിൽ ഒന്നായാണ് കാളിഘട്ട് കരുതപ്പെടുന്നത്. ദാക്ഷായണിയുടെ വലതുകാലിന്റെ കാൽവിരലുകൾ വീണത് കാളിഘട്ടിലാണെന്നാണ് വിശ്വാസികൾ കരുതുന്നത്.

ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങുമ്പോൾ റോഡരികിൽ നിന്ന് മൺഗ്ലാസ്സിൽ നല്ലൊരു ചായ കുടിച്ചു. നടന്ന് ക്ഷീണിച്ചിരുന്നതിനാൽ സൈക്കിൾ റിക്ഷയിലാണ് താമസ സ്ഥലത്തേക്ക് തിരിച്ചത്. റിക്ഷയിൽ നിന്ന് ഇറങ്ങി നടക്കവെ കാഴ്ചയിൽ മലയാളിയെന്ന് തോന്നിക്കുന്ന പെട്ടിക്കട നടത്തുന്ന ഒരു സഹോദരിയെ ശ്രദ്ധിച്ചു. സംശയ രൂപേണ പേരെന്തെന്ന് ചോദിച്ചു. ഊഹം തെറ്റിയില്ല. അവർ വടകരക്കടുത്ത കുഞ്ഞിപ്പള്ളി, ചോമ്പാല സ്വദേശിനിയാണ്. അനില രാജൻ. വയസ്സ് 54. കോയമ്പത്തൂർ വിശാലാക്ഷി കോളേജിൽ ബി.എസ്.സി കെമിസ്ട്രി മൂന്നാം വർഷ വിദ്യാർത്ഥിനിയായിരിക്കെ ഇരുപതാം വയസ്സിൽ വീട്ടുകാർ വിവാഹം കഴിപ്പിച്ചു. കോഴിക്കോട് വെസ്റ്റ്ഹില്ലിലാണ് അച്ഛൻ്റെ വീട്.ചൊക്ലി സ്വദേശി കുനിയിൽ രാജനാണ് ഭർത്താവ്. സ്നേഹ സമ്പന്നൻ. ദുശ്ശീലം തൊട്ടുതീണ്ടാത്തവൻ. രാജൻ്റെ അച്ഛൻ ജോലി തേടിയാണ് കൽക്കത്തയിലെത്തിയത്. അങ്ങിനെ അവിടെ ഒരു പെട്ടിക്കട തുടങ്ങി. ആരോഗ്യം ക്ഷയിച്ചപ്പോൾ കട മകൻ രാജന് കൈമാറി. പെട്ടിക്കട നടത്തിക്കൊണ്ടിരിക്കെ 2017 ൽ ഹൃദയാഘാതം മൂലം അറുപത്തി നാലാം വയസ്സിൽ രാജൻ മരിച്ചു. ഭർത്താവ് ജീവിച്ചിരിക്കെത്തന്നെ സഹായിയായി അനില കടയിൽ വന്നിരുന്നു. അങ്ങിനെ കട നടത്താനുള്ള പരിചയം നേടിയത് അനുഗ്രഹമായി.

ഭർത്താവിൻ്റെ മരണം അവരെ തളർത്തി. മകളും മകനും പഠിച്ച് സ്വകാര്യ കമ്പനികളിൽ ജോലി നേടി. അവർക്ക് പെട്ടിക്കട നടത്താൻ താൽപര്യമില്ല. തൻ്റെ പ്രിയതമൻ്റെ ഓർമ്മകളോട് വിട ചൊല്ലാൻ അനിലക്കുമായില്ല. അവർ കട നടത്തിപ്പ് ഏറ്റെടുത്തു. തൻ്റെ ഉപജീവനത്തിന് വഴി കണ്ടെത്തി. ഇടക്കിടെ നാട്ടിൽ പോയി ബന്ധുമിത്രാതികളെ കാണാറുണ്ടെന്ന് അനില ഓർത്തു. മക്കളെ ജീവനാണ് അവർക്ക്. തിരിച്ചും അങ്ങിനെത്തന്നെ. അമ്മ ജോലിക്ക് പോകുന്നത് അവർക്കിഷ്ടമില്ല. അനില കൽക്കത്തയെ സ്നേഹിക്കുന്നുണ്ട്. കോയമ്പത്തൂരിനെ അതിനെക്കാൾ സ്നേഹിക്കുന്നു. അത് കഴിഞ്ഞേ കേരളമുള്ളൂ. കാരണം അനില പഠിച്ചതും വളർന്നതും കോയമ്പത്തൂരിലാണ്. അവരുടെ അമ്മാമൻമാർ അവിടെ ബേക്കറി ബിസിനസ് നടത്തുന്നു. അച്ഛനും അമ്മയും മരിച്ചതോടെ അനിലയും സഹോദരിയും അമ്മാമൻമാരുടെ സംരക്ഷണയിലായി. ഇളയ സഹോദരിയുടെ ഭർത്താവ് നേരത്തെ മരിച്ചു. അവരിപ്പോൾ അമ്മാമൻമാരോടൊപ്പമാണ് കഴിയുന്നത്. വസ്ത്രങ്ങൾ നന്നായി തുന്നാൻ അനുജത്തിക്കറിയാമെന്ന് അനില പറഞ്ഞു. വൈധവ്യത്തിൻ്റെ ദു:ഖത്തിലും ആർക്കും ഭാരമാകാതെ ജീവിക്കാൻ കഴിയുന്ന ആഹ്ളാദം അവരുടെ നിഷ്കളങ്കമായ മുഖത്ത് നിഴലിച്ചു. ചെറിയ വാചകങ്ങളിൽ കേരളത്തെയും ബംഗാളിനെയും അവർ താരതമ്യപ്പെടുത്തി. ബംഗാളികൾക്കും മലയാളികൾക്കും മൽസ്യം പ്രിയമാണ്. മത സംഘർഷങ്ങൾ രണ്ട് സ്ഥലത്തും വളരെ കുറവാണ്. പക്ഷെ രാഷ്ട്രീയ സംഘട്ടനങ്ങൾ ഇരു സംസ്ഥാനങ്ങളിലും ഉള്ള കാര്യവും അനില അനുസ്മരിച്ചു. ഇരുകൂട്ടരും ഉച്ചക്ക് അരിഭക്ഷണമാണ് കഴിക്കുക. അനില രാജൻ തീർച്ചയായും ഒരു മാതൃകയാണ്. യാത്രയിൽ അവിചാരിതമായി കണ്ടുമുട്ടിയ സഹോദരിക്ക് എല്ലാ നന്മകളും.

കൊൽക്കൊത്തയിലെ പ്രശസ്തമായ മസ്ജിദുകളിൽ ഒന്ന് ടിപ്പു സുൽത്താൻ്റെ പേരിലുള്ളതാണ്. അതെങ്ങനെ സംഭവിച്ചു. എൻ്റെ ജിജ്ഞാസ വർധിച്ചു. ചരിത്രം ചികയാൻ മസ്ജിദ് സന്ദർശിക്കാൻ തീരുമാനിച്ചു. ടിപ്പുവിനെ തോൽപ്പിച്ച ബ്രിട്ടീഷുകാർ അദ്ദേഹത്തിൻ്റെ കുടുംബത്തെ കൽക്കത്തയിലേക്കാണ് നാടുകടത്തിയത്. അന്ന് കുട്ടിയായിരുന്ന ഗുലാം മുഹമ്മദ് വളർന്ന് വലുതായി. അദ്ദേഹം 1842 ൽ പിതാവിൻ്റെ ഓർമ്മയ്ക്കായി കൽക്കത്തയിൽ പണി കഴിപ്പിച്ചതാണ് ടിപ്പു സുൽത്താൻ മസ്ജിദ്. ഉച്ച സമയമായതിനാൽ മധ്യാഹ്ന പ്രാർത്ഥന അവിടന്ന് നിർവ്വഹിച്ചു. നമസ്കാരം കഴിഞ്ഞ് എഴുനേറ്റപ്പോൾ ഒരു മധ്യവയസ്കൻ വന്ന് “കേരൾവാലാ” എന്ന് സംശയത്തോടെ തിരക്കി. ഞാൻ തലയാട്ടി. അദ്ദേഹം സ്വയം പരിചയപ്പെടുത്തി. പേര് നിയാസ് അഹമദ്. ജാർഖണ്ഡിലെ ഗുഡ്ഢ ഡിസ്ട്രിക്ട് മുസ്ലിംലീഗ് ജനറൽ സെക്രട്ടറി. എൻ്റെ മണ്ഡലക്കാരൻ കൂടിയായ ലീഗ് നേതാവും വ്യാപാര പ്രമുഖനുമായ എടപ്പാൾ, മണൂർ സ്വദേശി സി.പി ബാവഹാജിയുമായി അടുത്ത ബന്ധം. ഹാജിയുടെ മകൻ്റെ വിവാഹത്തിൽ പങ്കെടുക്കാൻ കേരളത്തിൽ വന്നിരുന്നു. തൻ്റെ നാട്ടിലെ മദ്രസ്സാ കമ്മിറ്റിയുടെ സെക്രട്ടറി. പിരിവിനായാണ് റസീപ്റ്റുമായി ടിപ്പു മസ്ജിദിൽ എത്തിയത്. കാഴ്ചയിൽ ഒരു സാധു മനുഷ്യൻ. തൻ്റെ സാമ്പത്തിക സ്ഥിതിയറിഞ്ഞ് മകളുടെ വിവാഹത്തിന് നല്ലൊരു സഹായം ബാവ ഹാജി ചെയ്തതായി നിയാസ് അഹമദ് നന്ദിയോടെ സ്മരിച്ചു. പാർട്ടി ചുമതലക്കാരനായി ബാവഹാജി കുറച്ച് കാലം ജാർഖണ്ഡിൽ ഉണ്ടായിരുന്ന കാര്യം ആരോ പറഞ്ഞറിഞ്ഞത് അപ്പോഴാണ് ഞാൻ ഓർത്തത്. പഴയ ലീഗുകാരനാണെന്നും ഇപ്പോൾ സി.പി.ഐ (എം) എം.എൽ.എ ആണെന്നും അറിഞ്ഞപ്പോൾ “മാശാ അള്ളാ” എന്ന് പറഞ്ഞ് അദ്ദേഹം ആലിംഗനം ചെയ്തു. മദ്രസ്സാ നടത്തിപ്പിലേക്ക് ചെറിയൊരു സംഭാവന നൽകി അദ്ദേഹത്തോട് സലാം പറഞ്ഞ് പിരിഞ്ഞു.

പകിട്ടും പരിവാരങ്ങളും പത്രാസുമില്ലാത്ത യാത്രയാണ് ഏറ്റവും നല്ല യാത്ര. ലൈൻ ബസ്സുകളിലും ട്രൈനുകളിലും സൈക്കിൾ റിക്ഷകളിലുമുള്ള ദേശാടനങ്ങൾ വിവിധ സംസ്കാരങ്ങളുടെ നെഞ്ചകങ്ങളിലൂടെ കടന്നു പോകാൻ നമ്മെ പ്രാപ്തമാക്കും. ലോകം ചുറ്റണം. നാടുകൾ കാണണം. ജനങ്ങളെ അടുത്തറിയണം. കണ്ടതും കേട്ടതും കുറിക്കണം. അതിൻ്റെ തുടക്കമാണ് കൊൽക്കത്തയിലേക്കും ഡാക്കയിലേക്കും നേപ്പാളിലേക്കുമുള്ള ഇത്തവണത്തെ യാത്രകൾ. നഗരങ്ങളും ഗ്രാമങ്ങളും താണ്ടിയുള്ള പ്രയാണം ജീവിത വീക്ഷണങ്ങളെ ആകാശാതിർത്തിയോളം വിശാലമാക്കും. തെരുവുകളിൽ കിട്ടുന്ന ഭക്ഷണവും പ്രാദേശിക വിഭവങ്ങളും പഴങ്ങളും പുഴുക്കളെപ്പോലെ മനുഷ്യർ ജീവിക്കുന്ന തെരുവുകളും വൃത്തിഹീനമായ ചുറ്റുപാടുകളും ദൃഷ്ടിപഥത്തിൽ എത്തുമ്പോൾ സഞ്ചാരിയുടെ ഉള്ളം വിങ്ങും. വിതുമ്പും. ഓരോരുത്തരും ആരല്ല എന്ന തിരിച്ചറിവുണ്ടാകും. നമുക്ക് നമ്മെത്തന്നെ ശുദ്ധീകരിക്കാൻ അവസരം ലഭിക്കും.

ഡൊമിനിക് ലാപിയറിൻ്റെ ”സിറ്റി ഓഫ് ജോയ്”എന്ന പ്രസിദ്ധമായ നോവലിൻ്റെ ആമുഖത്തിൽ പറയുന്ന വാക്കുകൾ എത്ര അർത്ഥവത്താണെന്ന് കൊൽക്കത്തക്കാർക്കിടയിലൂടെ നടക്കുമ്പോൾ ബോദ്ധ്യമാകും. ദന്തഗോപുരങ്ങളിലും ചേരികളിലും അധിവസിക്കുന്ന മനുഷ്യരിൽ ഒരുപോലെ കാണാനായ വികാരം ആനന്ദമാണ്. അതിനപ്പുറം ജീവിതത്തിൽ മറ്റൊരു സന്തോഷമില്ലല്ലോ. ലാരി കോളിൻസുമൊത്ത് ലാപിയർ രചിച്ച ”സ്വാതന്ത്ര്യം അർധരാ രാത്രിയിൽ”(Freedom at Midnight) ചരിത്രത്തെ നോവലിസ്റ്റിക്കായി അവതരിപ്പിച്ച പുസ്തകമാണ്. ആഖ്യാന സൗന്ദര്യം ഒരു പുസ്തകത്തെ എത്രമേൽ വായനാസുഖമുള്ളതാക്കും എന്നതിന് ഡൊമിനിക് ലാപ്പിയറിൻ്റെ രചനകൾ തെളിവാണ്. “സിറ്റി ഓഫ് ജോയ്” സിനിമയാക്കിയത് വെറുതെയല്ല. അത്രമേൽ ജീവിത ഗന്ധമുണ്ട് ആ നോവലിന്.
ഡൊമിനിക് ലാപിയർ എഴുതുന്നു;
“കൽക്കട്ടയിൽ ഇടയ്ക്കിടെ താമസിക്കുന്ന കാലം. അവിടെ ചില അസാധാരണ മനുഷ്യരെ കണ്ടുമുട്ടാനുള്ള ഭാഗ്യമെനിക്കുണ്ടായി. സമൃദ്ധമായ അനുഭവമാണ് അവരെനിക്ക് സമ്മാനിച്ചത്. എന്റെ ജീവിതത്തിൽ അവരുടെ പ്രഭാവം അതിരറ്റതാണ്. ആനന്ദനഗരമെന്ന് പുകൾപെറ്റ, ലോകത്തിലെ ഒരു സവിശേഷ ദേശത്ത് വസിക്കുന്ന അവരുടെ ജീവിതകഥ പറയാൻ ഞാൻ തീരുമാനിച്ചത് അതുകൊണ്ടാണ്.വിപുലമായ ഗവേഷണത്തിന്റെ ഫലമായി പിറവിയെടുത്തതാണെങ്കിലും മുഴുവൻ ഇന്ത്യക്കും വേണ്ടി സംസാരിക്കുന്നുവെന്ന നാട്യം ഈ ഗ്രന്ഥത്തിനില്ല. ഇന്ത്യയോടുള്ള എന്റെ സ്നേഹത്തിന് അതിരുകളില്ല. പ്രതിസന്ധികൾ തരണം ചെയ്യുന്നതിൽ ഇന്ത്യയ്ക്കുള്ള ധിഷണാവൈഭവം, നിശ്ചയദാർഢ്യം, അതുണ്ടാക്കുന്ന നേട്ടങ്ങൾ എന്നിവയോടെല്ലാം എനിക്ക് അതിയായ മതിപ്പാണ്. അതിന്റെ നന്മയും മഹത്വവും വൈവിധ്യവും ഞാൻ തൊട്ടറിഞ്ഞിട്ടുണ്ട്. കൽക്കട്ടയിലെ “സിറ്റി ഓഫ് ജോയ്” എന്നറിയപ്പെടുന്ന ഒരു കുഞ്ഞുകോണിനെ കുറിച്ചുളളതാണ് ഇക്കഥ. ഇതിൽനിന്ന് സ്വരൂപിക്കുന്ന അഭിപ്രായങ്ങൾ വായനക്കാർ ഇന്ത്യയുടെ ഇതര ഭാഗങ്ങൾക്ക് ബാധകമാക്കരുത്”.

SendShareTweetShare
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-10-14 at 20.19.20_2bd1a880
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.28_5a94bf44
K
J
bismi-up
COCONUT LAGOON
ihna
GLY WORLD
WhatsApp Image 2024-10-17 at 10.58.07_9e82f765
previous arrow
next arrow

Related Posts

ഇന്ത്യയിലെ-ആഫ്രിക്ക…കെ-ടി-ജലീലിന്റെ-ഗുജറാത്ത്‌-യാത്രാവിവരണം-അഞ്ചാംഭാഗം
TRAVEL

ഇന്ത്യയിലെ ആഫ്രിക്ക…കെ ടി ജലീലിന്റെ ഗുജറാത്ത്‌ യാത്രാവിവരണം അഞ്ചാംഭാഗം

January 20, 2023
സോമനാഥന്റെ-സന്നിധിയിൽ…കെ-ടി-ജലീലിന്റെ-ഗുജറാത്ത്‌-യാത്രാവിവരണം-നാലാംഭാഗം
TRAVEL

സോമനാഥന്റെ സന്നിധിയിൽ…കെ ടി ജലീലിന്റെ ഗുജറാത്ത്‌ യാത്രാവിവരണം നാലാംഭാഗം

January 19, 2023
പോർബന്തറിലെ-വസന്തം…കെ-ടി-ജലീലിന്റെ-ഗുജറാത്ത്‌-യാത്രാവിവരണം-മൂന്നാംഭാഗം
TRAVEL

പോർബന്തറിലെ വസന്തം…കെ ടി ജലീലിന്റെ ഗുജറാത്ത്‌ യാത്രാവിവരണം മൂന്നാംഭാഗം

January 18, 2023
കച്ചിലെ-വെള്ളപ്പരവതാനി-…കെ-ടി-ജലീലിന്റെ-ഗുജറാത്ത്‌-യാത്രാവിവരണം-രണ്ടാംഭാഗം
TRAVEL

കച്ചിലെ വെള്ളപ്പരവതാനി …കെ ടി ജലീലിന്റെ ഗുജറാത്ത്‌ യാത്രാവിവരണം രണ്ടാംഭാഗം

January 16, 2023
സബർമതിയുടെ-മുറ്റത്ത്…കെ-ടി-ജലീലിന്റെ-ഗുജറാത്ത്‌-യാത്രാപരമ്പര-ഒന്നാംഭാഗം
TRAVEL

സബർമതിയുടെ മുറ്റത്ത്…കെ ടി ജലീലിന്റെ ഗുജറാത്ത്‌ യാത്രാപരമ്പര ഒന്നാംഭാഗം

January 15, 2023
ഊട്ടിയിൽ-കനത്ത-മഞ്ഞുവീഴ്‌ച;-താപനില-പലയിടങ്ങളിലും-പൂജ്യം
TRAVEL

ഊട്ടിയിൽ കനത്ത മഞ്ഞുവീഴ്‌ച; താപനില പലയിടങ്ങളിലും പൂജ്യം

January 13, 2023
നീ-ഹിമമഴയായ്-വരൂ…;-മഞ്ഞിൽ-മനോഹരിയായി-മൂന്നാർ
TRAVEL

നീ ഹിമമഴയായ് വരൂ…; മഞ്ഞിൽ മനോഹരിയായി മൂന്നാർ

January 10, 2023
ആകാശംതൊട്ട്‌-നെല്ലിക്കാമല
TRAVEL

ആകാശംതൊട്ട്‌ നെല്ലിക്കാമല

January 9, 2023
കാതങ്ങൾ-താണ്ടി-
വർണക്കൊക്കുകൾ-എത്തി
TRAVEL

കാതങ്ങൾ താണ്ടി 
വർണക്കൊക്കുകൾ എത്തി

January 9, 2023
Next Post
കടലും-കാറ്റാടിയും-ഉള്ളുണർത്തുന്ന-ഗോതീശ്വരം

കടലും കാറ്റാടിയും ഉള്ളുണർത്തുന്ന ഗോതീശ്വരം

യു-പി-മുഖ്യമന്ത്രി-ബംഗ്ലാദേശിനെ-നോക്കി-പഠിക്കണം;-ഡാക്കാ-വിശേഷങ്ങൾ-കെ-ടി-ജലീൽ-എഴുതുന്നു

യു പി മുഖ്യമന്ത്രി ബംഗ്ലാദേശിനെ നോക്കി പഠിക്കണം; ഡാക്കാ വിശേഷങ്ങൾ കെ ടി ജലീൽ എഴുതുന്നു

കേട്ടതിലും-കേമിയാണ്-കണ്ട-നേപ്പാൾ….-കെ-ടി-ജലീൽ-എഴുതുന്നു

കേട്ടതിലും കേമിയാണ് കണ്ട നേപ്പാൾ.... കെ ടി ജലീൽ എഴുതുന്നു

വിപിഎസ്-ലേക്-ഷോർ-ആശുപത്രിയിൽ-സൗജന്യ-ഫ്ലാറ്റ്-ഫുട്ട്-ക്യാംപ്

വിപിഎസ് ലേക് ഷോർ ആശുപത്രിയിൽ സൗജന്യ ഫ്ലാറ്റ് ഫുട്ട് ക്യാംപ്

Please login to join discussion
Currently Playing

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

00:02:54

വ്യത്യസ്ത നടപടിയുമായി കിം ജോങ്

00:02:35

LATESTNEWS

ബസിടിച്ച് ബൈക്കിൽ നിന്ന് തെറിച്ചുവീണു; അച്ഛനൊപ്പം പോവുകയായിരുന്ന 12കാരൻ അതേ ബസ് കയറി മരിച്ചു

ബസിടിച്ച് ബൈക്കിൽ നിന്ന് തെറിച്ചുവീണു; അച്ഛനൊപ്പം പോവുകയായിരുന്ന 12കാരൻ അതേ ബസ് കയറി മരിച്ചു

October 20, 2025
‘അർജുനെ ഒരുവർഷം മുമ്പും ക്ലാസ് ടീച്ചർ മർദിച്ചു’; മർദനമേറ്റതിന്റെ ദൃശ്യങ്ങൾ പുറത്ത്, കൂടുതൽ ആരോപണങ്ങളുമായി കുടുംബം

‘അർജുനെ ഒരുവർഷം മുമ്പും ക്ലാസ് ടീച്ചർ മർദിച്ചു’; മർദനമേറ്റതിന്റെ ദൃശ്യങ്ങൾ പുറത്ത്, കൂടുതൽ ആരോപണങ്ങളുമായി കുടുംബം

October 20, 2025
ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുത്ത് സന്തോഷത്തോടെ മടങ്ങി ​ഗ്രീഷ്മ, പിന്നെ കണ്ടത് തൂങ്ങിമരിച്ച നിലയിൽ, അസ്വാഭാവിക മരണത്തിന് കേസ്

ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുത്ത് സന്തോഷത്തോടെ മടങ്ങി ​ഗ്രീഷ്മ, പിന്നെ കണ്ടത് തൂങ്ങിമരിച്ച നിലയിൽ, അസ്വാഭാവിക മരണത്തിന് കേസ്

October 20, 2025
ദീപം തെളിച്ച് ദീപാവലിയെ വരവേറ്റ് രാജ്യം; അയോധ്യയിൽ 26 ലക്ഷം ദീപങ്ങള്‍ തെളിയിച്ചു, ദില്ലിയിൽ മലിനീകരണത്തോതിൽ ആശങ്ക

ദീപം തെളിച്ച് ദീപാവലിയെ വരവേറ്റ് രാജ്യം; അയോധ്യയിൽ 26 ലക്ഷം ദീപങ്ങള്‍ തെളിയിച്ചു, ദില്ലിയിൽ മലിനീകരണത്തോതിൽ ആശങ്ക

October 20, 2025
രമേശ് ചെന്നിത്തലയുടെ മാതാവ് എൻ. ദേവകിയമ്മ അന്തരിച്ചു

രമേശ് ചെന്നിത്തലയുടെ മാതാവ് എൻ. ദേവകിയമ്മ അന്തരിച്ചു

October 20, 2025
footer
KERALA NEWS

  • About Us
  • Advertise
  • Disclaimer
  • Privacy Policy
  • Grievance
  • Career
  • Contact

Copyright © 2023 The kerala News. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • HOME
  • KERALA
  • INDIA
  • AUSTRALIA
  • GULF
  • EUROPE
  • USA
  • WORLD
  • TV & CINEMA
  • SPORTS
  • MORE
    • MATRIMONY
    • CLASSIFIEDS
    • EPAPER
    • TRAVEL
    • HEALTH & BEAUTY
    • AUTOMOBILE
    • SOCIAL MEDIA

Copyright © 2023 The kerala News. All Rights Reserved.