മലയാള ചലച്ചിത്ര രംഗത്ത് പുത്തന്‍ ആക്ഷന്‍ തരംഗം കൊണ്ടുവന്ന സംവിധായകനാണ് ഷാജി കൈലാസ്. മാസ് ആക്ഷന്‍ ത്രില്ലറുകളിലെ ഷാജി കൈലാസിന്റെ തനിമയുള്ള സ്റ്റൈല്‍ പെട്ടെന്ന് തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്തു. എഡിറ്റിങ്ങ്, നായകനേയും വില്ലനേയും ആവിഷ്‌കരിക്കുന്ന രീതി, വ്യത്യസ്തമായ ക്യാമറ ആംഗിളുകള്‍, ബിജിഎം..നറേഷനില്‍ ഷാജി കൈലാസ് കൊണ്ടുവന്ന ഫ്രഷ്‌നസ് മലയാള കൊമേഴ്‌സ്യല്‍ സിനിമയില്‍ ചെലുത്തിയ സ്വാധീനം ഒട്ടും ചെറുതല്ല. 90കളില്‍ കേരള ബോക്‌സ് ഓഫീസ് വാണ താര സംവിധായകന് രണ്ടായിരത്തിന്റെ തുടക്കം മുതല്‍ ചുവട് ഇടറിത്തുടങ്ങി. ഇടയ്ക്ക് ഹിറ്റ് ചിത്രങ്ങളുമായെത്തി പല തവണ തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും വിജയത്തുടര്‍ച്ച നിലനിര്‍ത്താന്‍ ഷാജി കൈലാസിന് കഴിഞ്ഞിരുന്നില്ല. രണ്ട് പതിറ്റാണ്ടിനിടെ വീണ്ടെടുക്കാന്‍ പറ്റാതെ പോയ ‘സിംഹാസനം’ ഇത്തവണ ഉറപ്പിച്ചെന്ന സൂചനയാണ് 2022ലെ ഷാജി കൈലാസ് നല്‍കുന്നത്.
1989ല്‍ ‘ദി ന്യൂസ്’ എന്ന ചിത്രത്തിലൂടെയാണ് ഷാജി കൈലാസിന്റെ സംവിധാന അരങ്ങേറ്റം.സുരേഷ് ഗോപി നായകനായ ചിത്രം ശരാശരിക്ക് മേലെ വിജയം കൈവരിച്ചു. പിന്നീട് ‘ഡോക്ടര്‍ പശുപതി’ എന്ന ചിത്രത്തിലൂടെ കോമഡിയും വഴങ്ങുമെന്ന് തെളിയിച്ചു. 1993ല്‍ രഞ്ജി പണിക്കരുടെ തിരക്കഥയില്‍ പുറത്തിറക്കിയ ‘ഏകലവ്യന്‍’ രാഷ്ട്രീയവും മതവും അധോലോകവും കുറ്റകൃത്യങ്ങളും ചേര്‍ന്ന സമൂഹത്തേക്കൂടി പ്രതിഫലിപ്പിച്ചു. ‘കമ്മീഷണര്‍’ (1994) ഒരു തീപ്പൊരി പൊലീസ് ത്രില്ലറായി ഇപ്പോഴും പ്രേക്ഷക മനസിലുണ്ട്. മമ്മൂട്ടിയെ നായകനാക്കിയ ‘ദ കിങ്’ (1995) മാസ് ഡയലോഗുകള്‍ക്കൊപ്പം സംഘട്ടനത്തിനും തയ്യാറായ ഒരു ഐഎഎസ് ഉദ്യോഗസ്ഥനെ പ്രേക്ഷകരുടെ മുന്നിലെത്തിച്ചു.
രഞ്ജി പണിക്കര്‍ കൂട്ടുകെട്ടില്‍ ഒരുപാട് സിനിമകള്‍ പുറത്തിറങ്ങി. മിക്കവയും മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച സൂപ്പര്‍ഹിറ്റുകളായി മാറി. ‘ആറാം തമ്പുരാന്‍’ ഷാജി കൈലാസിനും മോഹന്‍ലാലിനും പുതിയൊരു സ്റ്റാര്‍ഡമാണ് നല്‍കിയത്. സുരേഷ് ഗോപിക്കൊപ്പം വീണ്ടുമെത്തിയ ‘എഫ്‌ഐആറി’ലേത് വ്യത്യസ്തമായ പേസും ചടുലതയും ചേര്‍ന്ന ആഖ്യാനമായിരുന്നു. തൊട്ടു പിന്നാലെ ഇറങ്ങിയത് മലയാളത്തിലെ എക്കാലത്തെയും ബ്ലോക് ബസ്റ്റര്‍ ചിത്രം ‘നരസിംഹം’. മോഹന്‍ലാല്‍ എന്ന നടന്റെ അഴിഞ്ഞാട്ടമായിരുന്നു ‘നരസിംഹം’ എന്ന സിനിമയില്‍. മലയാളി മറക്കാത്ത ഹിറ്റ് ഡയലോഗുകളാണ് ചിത്രത്തിലുടനീളം. ‘നീ പോ മോനെ ദിനേശാ’ എന്ന ഡയലോഗ് കുട്ടികള്‍ വരെ പ്രയോഗിക്കാറുണ്ട്.
രണ്ടായിരത്തിന്റെ തുടക്കം മുതല്‍ ഷാജി കൈലാസ് ചിത്രങ്ങള്‍ക്ക് പുതുമ നഷ്ടമായെന്ന വിമര്‍ശനങ്ങള്‍ ഉയര്‍ന്നു തുടങ്ങി. ഇല്ലം, തറവാട്, ക്ഷേത്രം തുടങ്ങിയ സ്ഥിരം പശ്ചാത്തലത്തിലെ സൂപ്പര്‍ ഹീറോ നായകന്‍മാരെ പ്രേക്ഷകര്‍ ആവര്‍ത്തന വിരസതയായി കണ്ടുതുടങ്ങി. വലിയ പ്രതീക്ഷയോടെയെത്തിയ ‘താണ്ഡവം’ ബോക്‌സ് ഓഫീസില്‍ തകര്‍ന്നു. ‘നാട്ടുരാജാവ്’ ആശ്വാസജയം നല്‍കി. ‘ചിന്താമണി കൊലക്കേസ്’ സൂപ്പര്‍ ഹിറ്റായെങ്കിലും പിന്നാലെയിറങ്ങിയ ചിത്രങ്ങള്‍ പ്രതീക്ഷിച്ച വിജയം നേടിയില്ല.
മമ്മൂട്ടി ഡബിള്‍ റോളിലെത്തിയ ‘ദ്രോണ 2010’ എന്ന ചിത്രം തകര്‍ന്നതോടെ ഷാജി കൈലാസിന് ഇനിയൊരു തിരിച്ചുവരവുണ്ടാകില്ലെന്ന വിധിയെഴുത്തുകളുണ്ടായി. സിനിമകളുടെ രാഷ്ട്രീയം ചര്‍ച്ച ചെയ്യുകയും വിമര്‍ശിക്കുകയും ചെയ്യുന്ന സോഷ്യല്‍ മീഡിയ കാലം വന്നതോടുകൂടി ഷാജി കൈലാസ് ഉള്‍പ്പെടെയുള്ള ഫിലിം മേക്കേഴ്‌സ് വിചാരണ ചെയ്യപ്പെട്ടുതുടങ്ങി. സവര്‍ണമനോഭാവവും തറവാടിത്തവും ആണ്‍കോയ്മയും ഹിന്ദുത്വ ആശയങ്ങളുമാണ് ഷാജി കൈലാസ് ചിത്രങ്ങളില്‍ ആഘോഷിക്കപ്പെട്ടതെന്ന് പലരും ചൂണ്ടിക്കാട്ടി.
2011ല്‍ ഇറങ്ങിയ ആഷിഖ് അബു ചിത്രം ‘സാള്‍ട്ട് ആന്‍ പെപ്പറി’ല്‍ ഷാജി കൈലാസിനെ ട്രോളുന്ന ഒരു കഥാപാത്രം വരെയുണ്ടായി. വരിക്കാശ്ശേരി മന ഷൂട്ട് ചെയ്യാന്‍ ലഭിക്കില്ലെന്ന് കേള്‍ക്കുമ്പോള്‍ സെറ്റിടാമെന്ന് പറയുന്ന സംവിധായകന്റെ വേഷം ദിലീഷ് പോത്തനാണ് ചെയ്തത്. ഷാജി കൈലാസിന്റേതിന് സമാനമായ ഗെറ്റപ്പില്‍ കുറ്റിത്താടിയും കുറിയും തൊട്ടാണ് ചിത്രത്തില്‍ ദിലീഷ് എത്തിയത്.
ഒരു പതിറ്റാണ്ടിനിപ്പുറം അതേ ദിലീഷ് പോത്തനെ ഒരു പ്രധാനകഥാപാത്രമാക്കി ഇറക്കിയ ചിത്രം ഹിറ്റാക്കിക്കൊണ്ട് സ്ഥിരത വീണ്ടെടുത്തിരിക്കുകയാണ് ഷാജി കൈലാസ്. ‘കാപ്പ’ എന്ന മള്‍ട്ടി സ്റ്റാര്‍ ചിത്രം നിറഞ്ഞ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നു. ഒരു ഗ്യാങ്സ്റ്റര്‍ ചിത്രത്തിന്റേതായ എല്ലാ ചേരുവകളും ചേര്‍ന്ന ആക്ഷന്‍ പാക്ക്ഡ് ത്രില്ലറാണ് കാപ്പ’യെന്നാണ് പൊതുവേയുള്ള പ്രേക്ഷക പ്രതികരണം.
ഷാജി കൈലാസ്-പൃഥ്വി കൂട്ടുകെട്ട് ഈ വര്‍ഷത്തെ ഏറ്റവും മികച്ച ഹിറ്റ് കോംബോ ആയി മാറി. ഒട്ടേറെ വിവാദങ്ങള്‍ക്കൊടുവില്‍ ഇറങ്ങിയ ‘കടുവ’ പൃഥ്വിരാജിനും ഒരു ബ്രേക്ക് നല്‍കി. ഷാജി കൈലാസിന്റെ ആക്ഷന്‍ രംഗങ്ങള്‍ വേറെ തന്നെയെന്ന് പ്രേക്ഷകര്‍ വീണ്ടും പറഞ്ഞുതുടങ്ങി. പുതിയ യുവ പ്രേക്ഷകരുടെ പള്‍സ് അറിഞ്ഞാണ് ഷാജി കൈലാസിന്റെ തിരിച്ചുവരവെന്നാണ് ‘കാപ്പ’ നിരൂപണങ്ങളും പറയുന്നത്. ‘കാപ്പ’യുടെ ഛായാഗ്രഹകനായി ജോമോന്‍ ടി ജോണിനെ ഉള്‍പ്പെടുത്തിയപ്പോള്‍ തന്നെ ഷാജി കൈലാസ് ട്രാക്ക് മാറ്റിയെന്ന കമന്റുകള്‍ വന്നിരുന്നു. വര്‍ഷങ്ങളുടെ ഇടവേളയ്‌ക്കൊടുവില്‍ മോഹന്‍ലാലിനൊപ്പം ചെയ്ത ‘എലോണ്‍’ റിലീസിന് തയ്യാറായി കഴിഞ്ഞു.
ഐവി ശശിക്ക് ശേഷം ബോക്‌സ് ഓഫീസില്‍ ദീര്‍ഘകാലം തുടര്‍ച്ചയായി ഹിറ്റുകള്‍ നേടി അപ്രമാദിത്വം തുടരാന്‍ ഒരു മലയാള സംവിധായകനും കഴിഞ്ഞിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. മുന്‍നിര ആക്ഷന്‍ സംവിധായകരായ ജോഷി, സിബി മലയില്‍, കെ മധു എന്നിവര്‍ പഴയ ഇടം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ്. ലാല്‍ ജോസ്, സത്യന്‍ അന്തിക്കാട് മുതല്‍ ഷാഫി, റാഫി മെക്കാര്‍ട്ടിന്‍, ജോണി ആന്റണി വരെ വിജയത്തുടര്‍ച്ചയ്ക്ക് ശ്രമിക്കുന്നു. ഈ വര്‍ഷമിറങ്ങിയ കെ മധു ചിത്രം ‘സിബിഐ’ അഞ്ചാം ഭാഗം പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ല. ജോഷിയുടെ ‘പാപ്പന്‍’ വിജയിച്ചെങ്കിലും വിമര്‍ശനങ്ങളുമുണ്ടായി. സന്ത്യന്‍ അന്തിക്കാടിന്റെ ജയറാം, മീരാ ജാസ്മിന്‍ ചിത്രം ‘മകള്‍’ പരാജയപ്പെട്ടു. ലാല്‍ ജോസിന്റെ ‘സോളമന്റെ തേനീച്ചയും’ ബോക്‌സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞു. ‘മ്യാവൂ’ ശരാശരിയെന്ന വിലയിരുത്തല്‍ നേടി. ക്രിസ്മസ് റിലീസായെത്തിയ ഷാഫി ചിത്രം ‘ആനന്ദം പരമാനന്ദം’ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നു. പഴയ വമ്പന്‍മാര്‍ സ്ഥിരത നേടാന്‍ പാടുപെടുമ്പോഴാണ് ഷാജി കൈലാസിന്റെ ഇരട്ട ഹിറ്റ്.
STORY HIGHLIGHTS: shaji kailas back in action in 2022