ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പിനെ മുന്‍നിര്‍ത്തി ബിജെപി ക്യാമ്പില്‍ ആശങ്ക വര്‍ധിക്കുന്നു. ശക്തമായ മത്സരം നേരിടേണ്ടി വരും എന്ന വിലയിരുത്തലില്‍ മറികടക്കാനുള്ള ശ്രമങ്ങളിലാണ് കേന്ദ്ര സര്‍ക്കാരിനെ നയിക്കുന്ന പാര്‍ട്ടി. ഇതിന്റെ ഭാഗമായി വിവിധ യോഗങ്ങളുടെ തിരക്കിലാണ് ബിജെപി നേതാക്കള്‍.
ഇക്കാര്യം പരിശോധിക്കുന്നതിനായി ഡിസംബര്‍ 21ന് പാറ്റ്നയില്‍ ഒരു യോഗം നടന്നു. ഡിസംബര്‍ 28ന് ഹൈദരാബാദില്‍ മറ്റൊരു യോഗം ചേരും. ബിജെപിക്ക് ലഭിക്കാനിടയില്ലാത്ത സീറ്റുകളില്‍ നിന്ന് കൂടുതല്‍ സീറ്റുകള്‍ നേടുക എന്നതാണ് യോഗത്തിലെ പ്രധാന ചര്‍ച്ച. നേരത്തെ 144 സീറ്റുകളായിരുന്നു ബിജെപിക്ക് ലഭിക്കാനിടയില്ലാത്ത സീറ്റുകളെന്ന് പാര്‍ട്ടി ആഭ്യന്തരമായി വിലയിരുത്തിയതെങ്കില്‍ ഇപ്പോഴത് 160 ആയി മാറിയിട്ടുണ്ട്. ചില മാധ്യമ റിപ്പോര്‍ട്ടുകളില്‍ പറയുന്നത് 204 സീറ്റുകളെന്നാണ്. കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഈ എണ്ണം കുറച്ചു കൂടി യാഥാര്‍ത്ഥ്യത്തോട് ചേര്‍ന്ന് നില്‍ക്കുന്നതാണ്.
ഇത്തരമൊരു സാഹചര്യത്തില്‍, വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷത്തോടെ വിജയിക്കുന്നത് എന്‍ഡിഎക്ക് വെല്ലുവിളിയാണെന്ന് കാണാം. ആകെയുള്ള 543 സീറ്റുകളില്‍ 204 സീറ്റുകളില്‍ വെല്ലുവിളി നേരിടുമ്പോള്‍ ബാക്കിയുള്ള 272 സീറ്റുകളില്‍ വിജയിച്ചു കയറുക എന്നത് അത്ര എളുപ്പമാവില്ല.
ബീഹാറും മഹാരാഷ്ട്രയുമാണ് ബിജെപിക്ക് ഇപ്പോള്‍ ഏറ്റവും വെല്ലുവിളി ഉയര്‍ത്തുന്ന രണ്ട് സംസ്ഥാനങ്ങള്‍. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഈ സംസ്ഥാനങ്ങളിലെ ഭൂരിപക്ഷം സീറ്റുകളും തൂത്തുവാരിയപ്പോള്‍ ഇനി വരുന്ന തെരഞ്ഞെടുപ്പില്‍ അതാവര്‍ത്തിക്കാന്‍ കഴിയുമെന്ന് ബിജെപിക്കാര്‍ പോലും പ്രതീക്ഷിക്കുന്നില്ല.
ബീഹാറില്‍ കഴിഞ്ഞ ഓഗസ്ത് മാസത്തില്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെഡിയു ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിക്കുകയും ആര്‍ജെഡി, കോണ്‍ഗ്രസ്, ഇടതുപാര്‍ട്ടികള്‍ എന്നിവരോട് ചേര്‍ന്ന് മഹാസഖ്യം രൂപീകരിക്കുകയും ചെയ്തിരുന്നു. ആര്‍ജെഡിയിലെ തേജസ്വി യാദവിന് മുഖ്യമന്ത്രി സ്ഥാനം നല്കി ദേശീയ തലത്തില്‍ കൂടുതല്‍ ഇടപെടലുകള്‍ക്ക് ഒരുങ്ങുകയാണ് നിതീഷ് കുമാര്‍. 2019ല്‍ ബിജെപിയും ജെഡിയും എല്‍ജെപിയും ചേര്‍ന്ന് സംസ്ഥാനത്തെ 40ല്‍ 39 സീറ്റുകളും നേടിയിരുന്നു. ഒരു സീറ്റ് കോണ്‍ഗ്രസിനും ലഭിച്ചു. ഇതില്‍ ബിജെപിക്ക് 17, ജെഡിയുവിന് 16, എല്‍ജെപിക്ക് 16 സീറ്റുകളാണ് ലഭിച്ചത്. ഇതില്‍ ബിജെപി 17 സീറ്റുകളില്‍ വിജയിച്ചാലും ബാക്കിയുള്ള 22 സീറ്റുകളും ആടിയാണ് നില്‍ക്കുന്നത്.
മഹാരാഷ്ട്രയില്‍ ശിവസേനയിലുണ്ടായ പിളര്‍പ്പ് ബിജെപിക്ക് ഒരു ദീര്‍ഘകാല നേട്ടമാവില്ല. ഷിന്‍ഡേ മുഖ്യമന്ത്രിയായെങ്കിലും ഉദ്ദവിന്റെ ശിവസേന തിരിച്ചു വരാനുള്ള ശരിയായ സമയം നോക്കി നില്‍പ്പാണ്.
2014ല്‍ സംസ്ഥാനത്തെ 48 ലോക്സഭ സീറ്റുകളില്‍ 23 സീറ്റുകള്‍ ബിജെപിയും 18 സീറ്റുകള്‍ ശിവസേനയും ഒരുമിച്ച് നിന്ന് നേടി. ശിവസേന സഖ്യം വിട്ടതോടെ കഴിഞ്ഞ തവണത്തെ നേട്ടം ആവര്‍ത്തിക്കാന്‍ 2024ല്‍ ബിജെപിക്ക് കഴിയുമെന്ന് തോന്നുന്നില്ല. സംസ്ഥാനത്ത് തങ്ങള്‍ക്ക് വെല്ലുവിളിയാവുക 11 സീറ്റുകളെന്നാണ് ബിജെപി ആഭ്യന്തര റിപ്പോര്‍ട്ട്.
ബംഗാളില്‍ 2019ല്‍ 42ല്‍ 18 സീറ്റുകള്‍ നേടി ബിജെപി ഞെട്ടിച്ചിരുന്നു. എന്നാല്‍ 2022ലേക്ക് എത്തുമ്പോള്‍ അന്നത്തെ നിലയല്ല ബിജെപിയുടേത്. നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം ബിജെപിയുടെ വെല്ലുവിളിയെ മറികടക്കാന്‍ തൃണമൂലിനായി. പല തെരഞ്ഞെടുപ്പുകളിലും ബിജെപി മൂന്നാം സ്ഥാനത്തേക്ക് പോയി. അത് കൊണ്ട് കഴിഞ്ഞ തവണത്തെ സീറ്റുകള്‍ നേടാന്‍ കഴിയുമോ എന്ന ആശങ്ക ബിജെപിക്കുണ്ട്.
ഉത്തര്‍പ്രദേശില്‍ വരുന്ന തെരഞ്ഞെടുപ്പില്‍ എല്ലാ സീറ്റിലും വിജയിക്കുമെന്നാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ഭൂപേന്ദ്ര ചൗധരി പറയുന്നത്. 2019ല്‍ 80ല്‍ 62 സീറ്റുകളിലാണ് വിജയിച്ചത്. 2014ല്‍ നിന്ന് 10 സീറ്റുകള്‍ 2019ല്‍ കുറഞ്ഞിരുന്നു. നിലവില്‍ പ്രതിപക്ഷ സഖ്യത്തിന്റെ യാതൊരു സൂചനയും ഇല്ല. അത് കൊണ്ട് തന്നെ യുപിയില്‍ ബിജെപിക്ക് ആശങ്കകളില്ലെന്ന് പറയേണ്ടി വരും.
ഒഡീഷയില്‍ 21 ലോക്സഭ സീറ്റുകളാണുള്ളത്. ഇതില്‍ കഴിഞ്ഞ തവണ ബിജെഡി 12 സീറ്റുകളിലും ബിജെപി എട്ട് സീറ്റുകളിലും കോണ്‍ഗ്രസ് ഒരു സീറ്റിലുമാണ് വിജയിച്ചത്. ചത്തീസ്ഗഢില്‍ 11ല്‍ ഒമ്പത് സീറ്റുകളിലും ബിജെപി വിജയിച്ചിരുന്നു. മധ്യപ്രദേശില്‍ ഒരു സീറ്റൊഴികെ ബാക്കിയെല്ലാ സീറ്റുകളിലും ബിജെപിയാണ് വിജയിച്ചത്.
ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ വന്‍വിജയമാണ് ബിജെപി നേടിയത്. യുപിയിലും മണിപ്പൂരിലും ഗോവയിലും ഉത്തരാഖണ്ഡിലും അധികാരം നിലനിര്‍ത്താനും കഴിഞ്ഞു. പാറ്റ്നയില്‍ നടന്ന യോഗത്തില്‍ വെല്ലുവിളി ഉയരുന്ന 100 സീറ്റുകളെ കുറിച്ചാണ് ചര്‍ച്ച നടന്നത്. ബാക്കിയുള്ള 60 സീറ്റുകളെ കുറിച്ചുള്ള ചര്‍ച്ച ഹൈദരാബാദ് യോഗത്തില്‍ നടക്കും. ഈ സീറ്റുകളില്‍ വരും ദിവസങ്ങളില്‍ ബിജെപി കൂടുതല്‍ ശ്രദ്ധ നല്‍കും.
Story Highlights: The number of Lok Sabha seats “vulnerable” for BJP has risen from 144 (in the middle of 2022) to 160 now