അർജൻ്റീനയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയടക്കം മൂന്ന് വനിതകളെ മയക്കുമരുന്ന് മാഫിയ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തി. ഈ ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാം വഴി ലൈവ് സ്ട്രീമിങ് ചെയ്തു. സംഭവം രാജ്യമാകെ വലിയ ഞെട്ടലുണ്ടാക്കി. പിന്നാലെ കൊല്ലപ്പെട്ട സ്ത്രീകൾക്ക് നീതി തേടി ജനങ്ങൾ തെരുവിലിറങ്ങി. ബ്യൂണസ് അയേഴ്സിൽ വൻ ജനകീയ പ്രതിഷേധം നടന്നു,
ലാറ ഗുർടിയറസ് (15), ബ്രൻഡ ഡെൽ കാസിലോ (20), മൊറേന വെർഡി (20) എന്നിവരാണ് കൊല്ലപ്പെട്ടത്. മൂവരും സഹോദരികളാണ്. ബ്യൂണസ് അയേർസ് നഗരത്തിൻ്റെ തെക്കൻ മേഖലയിലുള്ള ഗ്രാമത്തിലാണ് സംഭവം നടന്നത്.പൊലീസ് നടത്തിയ തിരച്ചിലിൽ വീട്ടുമുറ്റത്ത് കുഴിച്ചിട്ട മൃതദേഹങ്ങൾ കണ്ടെടുത്തു.
കേസിൽ അഞ്ച് പേർ ഇതുവരെ പിടിയിലായി. പെറു പൗരനായ 20കാരനാണ് കൊലപാതകത്തിൻ്റെ മുഖ്യ ആസൂത്രകൻ. ഇയാളുടെ ഫോട്ടോ അധികൃതർ പുറത്തുവിട്ടിട്ടുണ്ട്. മയക്കുമരുന്ന് മാഫിയയുടെ ഭാഗമായിരുന്ന പെൺകുട്ടികൾ ഗ്യാങ് കോഡ് തെറ്റിച്ചതാണ് ക്രൂരമായി കൊലപ്പെടുത്താനുള്ള കാരണമെന്നാണ് സംശയം. ഇത് സമാന നിലയിൽ പ്രവർത്തിക്കുന്ന മയക്കുമരുന്ന് സംഘാംഗങ്ങൾക്കുള്ള മുന്നറിയിപ്പായാണ് ഇൻസ്റ്റഗ്രാമിൽ ലൈവ് സ്ട്രീമിങ് ചെയ്തതെന്ന് പൊലീസ് പറയുന്നു.